രാജ്യത്താകമാനം ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ബുള്‍ഡോസര്‍ രാജ് ഉള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ പാര്‍ലമെന്റ് അടിയന്തിര പ്രാധാന്യത്തോടെ ചര്‍ച്ചക്കെടുക്കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് പ്രതിനിധി അഡ്വ. ഹാരിസ് ബീരാന്‍ എംപി. ഇന്ന് രാജ്യം നേരിടുന്ന ഒട്ടുമിക്ക പ്രശ്‌നങ്ങളും ചുരുങ്ങിയ രീതിയില്‍ യോഗത്തെ അറിയിക്കാന്‍ കഴിഞ്ഞെന്നും ഹാരിസ് ബീരാന്‍ പറഞ്ഞു.
അസമിലും ഗുജറാത്തിലും ഉത്തരാ ഖണ്ഡിലും ഉത്തര്‍പ്രദേശിലും ഉള്‍പ്പടെ ന്യൂനപക്ഷ സമുദായങ്ങള്‍ താമസിക്കുന്ന വീടുകളും അവരുടെ കച്ചവടസ്ഥാപനങ്ങളും യാതൊരു മുന്നറിയിപ്പുമില്ലാതെ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് പൊളിച്ചു നീക്കുകയാണെന്നും അതിനെതിരെ അടിയന്തരമായി പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തി ഇരകളായവര്‍ക്ക് വേണ്ട രീതിയിലുള്ള നഷ്ടപരിഹാരങ്ങള്‍ വാങ്ങിക്കൊടുക്കണമെന്നും യോഗത്തോട് ആവശ്യപ്പെട്ടതായി എംപി പറഞ്ഞു. ഇന്ത്യയുടെ വിദേശ നയം ചര്‍ച്ച ചെയ്യണമെന്ന് പലസ്തീന്‍ വിഷയത്തിലും, ഇറാന്‍ ഇസ്രാഈല്‍ കോണ്‍ഫ്‌ലിക്റ്റിലും ഇന്ത്യയുടെ വിദേശനയം കേന്ദ്രം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നമ്മുടെ മുന്‍കാല വിദേശനയങ്ങളില്‍ നിന്നും നാം വ്യതിചലിച്ചു പോയിട്ടുണ്ടോ എന്നുള്ളത് പരിശോധിക്കണമെന്നും ചര്‍ച്ച ചെയ്യണമെന്നും യോഗത്തില്‍ ഉന്നയിച്ചു. മണിപ്പൂരില്‍ കഴിഞ്ഞ ആറുമാസമായുള്ള രാഷ്ട്രപതി ഭരണത്തിനിടയിലും അവിടെ ആക്രമണങ്ങള്‍ തുടരുന്നത് മാധ്യമങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞുവെന്നും മണിപ്പൂര്‍ വിഷയം ചര്‍ച്ചചെയ്യുന്നതിനായി മാത്രമൊരു ദവളപത്രം പാര്‍ലമെന്റില്‍ അവതരിപ്പിക്കണമെന്നും അതിനെമേല്‍ മറുപടിയുണ്ടാവണമെന്നും നിര്‍ദ്ദേശിച്ചു. കേരളത്തിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ടുള്ള ഗുരുതരമായ പ്രശ്‌നങ്ങളും റോഡിന്റെ അപകടകരമായ നിലവിലെ സ്ഥിതിയും ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടു.
കേരളത്തിലെ തെരുവുനായ പ്രശ്‌നം ഗുരുതരമായി തുടരുകയാണ്. ഇതിനകം ഒരു ലക്ഷത്തോളം പേര്‍ തെരുവുനായയുടെ ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്നും മരണപ്പെടുന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ടെന്നും അതിനാല്‍ ആനിമല്‍ ബര്‍ത് കണ്‍ട്രോള്‍ നിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്നതിലൂടെ മാത്രമേ പ്രശ്‌നപരിഹാരം ഉണ്ടാവുകയുള്ളൂ. അതോടൊപ്പം വന്യജീവി സംഘര്‍ഷം കുറക്കുന്നതിനുള്ള നിയമ ഭേദഗതികള്‍ കൊണ്ടുവരുന്നതിനെക്കുറിച്ച് സഭയില്‍ ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടു. പഹല്‍ഗാമില്‍ സുരക്ഷാ വീഴ്ച ഉണ്ടായത് വ്യക്തമാണെന്നും അതിനു പിന്നിലുള്ളവരെ കണ്ടെത്തി വേണ്ട നടപടികള്‍ കൈക്കൊള്ളണം. ഓപ്പറേഷന്‍ സിന്തൂറിനെകുറിച്ച് പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന ആവശ്യമാണ്. അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് അടിക്കിടെ പല പ്രസ്താവനകളും പുറപ്പെടുവിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി വ്യക്തത വരുത്തേണ്ടതുണ്ട്. അമേരിക്കയുമായുള്ള നിലവിലെ വ്യാപാര കരാറുകളെക്കുറിച്ച് വ്യക്തമാക്കണം. അഹമ്മദാബാദ് വിമാനം ദുരന്തത്തിന്റെ സാഹചര്യത്തില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ എയര്‍ സേഫ്റ്റി കണ്‍സേണ്‍സ് ചര്‍ച്ച ചെയ്യണം. അലഹബാദ് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ശേഖര്‍ യാദവിന്റെ ഇംപീച്ച്‌മെന്റ് നടപടിയുടേമേല്‍, ആറുമാസമായിട്ടും തീരുമാനമാകാത്ത സാഹചര്യം ചര്‍ച്ച ചെയ്യണമെന്നും തുടര്‍ന്ന് ഇംപീച്ച്‌മെന്റ് നടപടികളുമായി മുന്നോട്ടു പോകണമെന്നും ഉള്‍പ്പെടെ രാഷ്ട്രീയ പ്രാധാന്യമര്‍ഹിക്കുന്ന പ്രധാന വിഷയങ്ങളെല്ലാം എംപി സര്‍വ്വകക്ഷി യോഗത്തില്‍ ഉയര്‍ത്തിക്കാട്ടി.