• Sat. Jul 19th, 2025

24×7 Live News

Apdin News

രാമായണ മാസം ദിവസം 3 – ബാലകാണ്ഡം

Byadmin

Jul 19, 2025



സീതാസ്വയംവരം
മിഥിലയിൽ, ജനകരാജാവ് വിശ്വാമിത്രനെയും രാജകുമാരന്മാരെയും ഊഷ്മളമായി സ്വാഗതം ചെയ്ത് ആദരിച്ചാനയിച്ചു. കുമാരന്മാരുടെ മുഖത്തെ ചൈതന്യത്തിളക്കം കണ്ട് അവരെ ദേവന്മാരോട് ഉപമിച്ചു സ്വീകരിച്ചു. രാമൻ താടകയെ വധിച്ചതും, സുബാഹുവിനെ പരാജയപ്പെടുത്തിയതും, അഹല്യയെ മോചിപ്പിച്ചതും മഹർഷിയിൽ നിന്നും അറിഞ്ഞ ജനകൻ, രാജസഭയിൽ പരമശിവന്റെ ദിവ്യമായ ത്രയംബകം വില്ല് കൊണ്ടുവന്ന് കുമാരന്മാർക്ക് കാണിച്ചുകൊടുത്തു. ആ വില്ല് കുലച്ച് ഒടിക്കുന്നവൻ ആരായാലും അയാൾക്ക് തന്റെ മകൾ സീതയുടെ കൈ പിടിക്കാമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. പലരും ആ ശ്രമത്തിൽ പരാജയപ്പെട്ടതാണ്. എങ്കിലും വിശ്വാമിത്രന്റെ അനുമതിയോടെ രാമൻ ആദരപൂർവ്വം ഭാരമേറിയ ത്രയംബകം വില്ല് ഉയർത്തിപ്പിടിച്ച് അതിൽ ഞാൺ മുറുക്കി, നിഷ്പ്രയാസം ഒടിച്ചുകളഞ്ഞു. മിഥിലയുടെ രാജസഭ ആനന്ദാതിരേകത്തിൽ മുങ്ങി. ജനകൻ അതീവ സന്തോഷത്തോടെ രാമനെ സീതയുടെ വരനായി ആലിംഗനത്തോടെ സ്വാഗതം ചെയ്തു. പ്രശോഭമായ പട്ടുവസ്ത്രങ്ങളാലും സ്വർണ്ണരത്നാഭരണങ്ങളാലും അലങ്കൃതയായ സീത രാമനെ മാലയിട്ടു സ്വീകരിച്ചു. വിഷ്ണുവിന്റെയും യോഗമായയുടെയും ദിവ്യസംയോഗം അങ്ങിനെ ഭൂമിയിൽ സംജാതമായി.

സീതാസ്വയംവരത്തിന്റെ വാർത്തകൾ രാജദൂതന്മാർ അയോദ്ധ്യയിലെത്തി ദശരഥനെ അറിയിച്ചപ്പോൾ അദ്ദേഹം ഗുരു വസിഷ്ഠൻ, ഗുരുപത്നി അരുന്ധതി, രാജ്ഞിമാർ, ഭരതൻ, ശത്രുഘ്നൻ, എല്ലാവരുമൊരുമിച്ച് അനേകം സമ്മാനങ്ങളുമായി മിഥിലയിലെത്തി. ജനകൻ തന്റെ നാല് പെൺമക്കളെ—സീത, ഊർമിള, മാണ്ഡവി, ശ്രുതകീർത്തി എന്നിവരെ യഥാക്രമം രാമൻ, ലക്ഷ്മണൻ, ശത്രുഘ്നൻ, ഭരതൻ എന്നിവർക്ക് വിവാഹം ചെയ്തു നല്കി.

വേദപരവും രാജകീയവുമായ ആചാരങ്ങളോടെ നടത്തിയ മഹത്തായ നാലു വിവാഹങ്ങൾ, രണ്ടു രാജ്യങ്ങളെയും ആഘോഷങ്ങളോടെ ഒന്നിപ്പിച്ചു. അപ്പോൾ ജനകൻ സീതയുടെ ജന്മം സംബന്ധിച്ചുള്ള ദിവ്യകഥ വെളിപ്പെടുത്തി. ഒരു യാഗത്തിനിടയ്‌ക്ക് മണ്ണിൽ ഉഴുകുന്നതിനിടയിൽ കണ്ടെത്തിയ സീത സമയമാവുമ്പോൾ രാമനെ വിവാഹം കഴിക്കുമെന്ന് നാരദനാൽ പ്രവചിക്കപ്പെട്ട കാര്യവും രാജാവ് വെളിപ്പെടുത്തി. അതിനാലാണ് രാമന്റെയും സീതയുടെയും ദിവ്യസംഗമം ഉറപ്പുവരുത്താനായി ശിവന്റെ വില്ല് കുലച്ച് ഒടിക്കാനുള്ള വെല്ലുവിളി ജനകൻ സീതാസ്വയംവരമത്സരത്തിൽ ഏർപ്പെടുത്തിയത്.

പരശുരാമൻ
വിവാഹം കഴിഞ്ഞ് നവവധുക്കളുമായി സംഘം അയോദ്ധ്യയിലേക്ക് മടങ്ങുമ്പോൾ, കുറേ ദുശ്ശകുനങ്ങൾ കാണായി. വഴിയിൽ എതിരേ വന്ന പരശുരാമൻ തന്റെ ഗുരുവായ പരമശിവന്റെ വില്ല് രാമൻ ഒടിച്ചതിൽ ക്രുദ്ധനായി, തന്റെ കൈവശമുള്ള വിഷ്ണുവിന്റെ വില്ല് കുലയ്‌ക്കാൻ രാമനെ വെല്ലുവിളിച്ചു. വിഷ്ണുവിന്റെ വില്ല് കുലയ്‌ക്കാനാവില്ലെങ്കിൽ തന്നോട് യുദ്ധം ചെയ്യാൻ ആവശ്യപ്പെടുന്ന പരശുരാമനെ, രാമന്റെ വിനയം പ്രശാന്തനാക്കി. രാമൻ അനായാസം വിഷ്ണുചാപം കുലച്ച് പരശുരാമനെ ശാന്തമാക്കവേ രാമനിലെ ദിവ്യത്വം തിരിച്ചറിഞ്ഞ പരശുരാമൻ തന്നിലെ ചൈതന്യം മുഴുവൻ രാമനിൽ അർപ്പിച്ച്, വിഷ്ണുവിനെ സ്തുതിച്ച് രാമനെ അനുഗ്രഹിച്ചശേഷം യാത്രയായി.

രൂപഭാവങ്ങളിൽ രോഷമുള്ള ഋഷിവര്യനായ പരശുരാമൻ, ഭയഭക്തിയോടെ നിൽക്കുന്ന രാമനോട് തന്റെ ജീവിതകഥ പറഞ്ഞു. “അല്ലയോ രാമ, ഞാൻ ചെറുപ്പത്തിൽ തന്നെ ചക്രായുധപാണിയായ മഹാവിഷ്ണുവിനെ ധ്യാനിച്ചുവന്നു. എന്റെ തപസ്സിൽ സംപ്രീതനായ ഭഗവാൻ എന്റെ മുന്നിൽ പ്രത്യക്ഷനായി അതീവ കൃപയോടെ എന്നോട് ആ രഹസ്യം വെളിപ്പെടുത്തി. ഞാൻ ഭഗവാന്റെ അംശം തന്നെയാണ്. രാമാ അങ്ങും ആ ഭഗവാന്റെ അംശം തന്നെ. അധികാരമത്തനായി, എന്റെ പിതാവിനെ വധിക്കുകയും മറ്റ് അതിഹീനമായ പാപകർമ്മങ്ങളും ചെയ്ത കാർത്തവീര്യാർജുനനെ ഇല്ലാതാക്കാൻ ഭഗവാൻ എന്നെ ചുമതലപ്പെടുത്തി. അതിനിപുണനായ വില്ലാളിയായ അർജുനനെയും അവന്റെ തലമുറകളെയും ഇരുപത്തിയൊന്ന് യുദ്ധങ്ങളിലൂടെ ഇല്ലാതാക്കാനാണ് ഭഗവാൻ എന്നോട് ആവശ്യപ്പെട്ടത്. ഭൂമിയിലെ രാജാക്കന്മാരായ ക്ഷത്രിയരെ മുഴുവൻ നശിപ്പിച്ച് അവർ കീഴടക്കി വച്ചിരിക്കുന്ന സമ്പത്തുകൾ കശ്യപമഹർഷിക്ക് സമർപ്പിക്കാനാണ് ഭഗവാൻ കൽപ്പിച്ചത്. ത്രേതായുഗത്തിൽ ഭഗവാൻ വിഷ്ണു സ്വയം ഭൂമിയിൽ ദശരഥപുത്രനായി അവതരിക്കുമെന്ന് ഭഗവാൻ എന്നെ അറിയിച്ചു. അങ്ങിനെ, വിധിവശാൽ രാമാ, അങ്ങയെ കാണുവാൻ എനിക്കു സാധിച്ചു. നിന്റെ അചഞ്ചലവും പരിശുദ്ധവും സുദൃഢവുമായ ഭാവം എന്തെന്നു കാണാൻ എനിക്ക് അനുഗ്രഹവും ലഭിച്ചു. അങ്ങയുടെ പത്മപാദങ്ങളിൽ എനിക്ക് ശാശ്വതമായ ഭക്തിപ്രഹർഷം ഉണ്ടാകട്ടെ. എന്നിലുള്ള ചൈതന്യസിദ്ധികളെല്ലാം ഞാൻ അങ്ങിൽ സമർപ്പിക്കുന്നു. തുടർന്നുള്ള ധർമ്മസംരക്ഷണം അങ്ങയുടെ ചുമതലയാണ്.

ശുദ്ധഹൃദയമുള്ള സത്യസന്ധരായ സാധകർക്ക് സമയമാവുമ്പോൾ മോക്ഷമാർഗം കാണിക്കാനായി ഉത്തമനായ ഒരു ഗുരുവരനെ കണ്ടെത്തും. പക്ഷേ നിന്നിൽ ഭക്തിയില്ലാതെ സാധകരിൽ യാതൊരു പുരോഗതിയും ഉണ്ടാകില്ല. ഗുരു സാധകന്റെ അജ്ഞാനത്തെ നീക്കി ആത്മാവിനെ പൂർണ്ണമായും മോചിപ്പിക്കുന്ന നിത്യസത്യം, പരബ്രഹ്മത്തെക്കുറിച്ചുള്ള ബോധം, അതിവിശിഷ്ടജ്ഞാനം വെളിപ്പെടുത്തിക്കൊടുന്നു. അനന്തബോധത്തിന്റെ മൂർത്തിമദ് ഭാവമായ നിന്റെ മുമ്പിൽ, ഞാൻ നമസ്കരിക്കുന്നു. ഇപ്പോൾ തപസ്സിനായി ഞാൻ മഹേന്ദ്രപർവ്വതത്തിലേക്ക് മടങ്ങുന്നു.” ഇത്രയും പറഞ്ഞ് പരശുരാമൻ മറഞ്ഞു.

By admin