• Tue. Jul 14th, 2026

24×7 Live News

Apdin News

‘രാഹുലും പ്രിയങ്കയും വയനാട്ടിലെ രാഷ്‌ട്രീയ വിനോദസഞ്ചാരികള്‍’ കോണ്‍ഗ്രസ് ജനങ്ങളോട് മാപ്പ് പറയണം: ബിജെപി

Byadmin

Jul 14, 2026


ന്യൂദല്‍ഹി: പ്രകൃതിക്ഷോഭത്തില്‍ വലിയ പ്രതിസന്ധി നേരിടുമ്പോള്‍പ്പോലും രാഹുലും പ്രിയങ്കയും വയനാട്ടിലെ രാഷ്‌ട്രീയ വിനോദസഞ്ചാരികള്‍ മാത്രമായി മാറിയെന്ന് ബിജെപി. വയനാട്ടിലെ രക്ഷാപ്രവര്‍ത്തനത്തിലോ പുനരധിവാസ പ്രവര്‍ത്തനങ്ങളിലോ വയനാട് എംപി പ്രിയങ്ക വാദ്രയെ കാണാനില്ല. ദുരന്ത മുഖത്ത് സഹായം എത്തിക്കാത്ത ഗാന്ധി കുടുംബത്തിലെ എംപിമാര്‍ വയനാട്ടിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും ബിജെപി വക്താക്കളായ ഡോ. സുധാംശു ത്രിവേദി എംപിയും ഷാസിയ ഇല്‍മിയയും ആവശ്യപ്പെട്ടു.

കുടുംബ കോട്ടയായ അമേഠി രാഹുല്‍ഗാന്ധിക്ക് നഷ്ടപ്പെട്ടപ്പോള്‍ നെഹ്റു കുടുംബത്തിന് മണ്ണൊരുക്കി നല്‍കിയ മണ്ഡലമായിരുന്നു വയനാടെന്നും മണ്ഡലം പ്രിയങ്കക്ക് കൈമാറിയപ്പോള്‍ വയനാടിന് രണ്ട് എംപിമാര്‍ ഉണ്ടാകുമെന്ന് രാഹുല്‍ പരസ്യമായി പറഞ്ഞിരുന്നുവെന്നും ഡോ. സുധാംശു ത്രിവേദി ഓര്‍മ്മിപ്പിച്ചു. കനത്ത മഴയും മണ്ണിടിച്ചിലും കാരണം വയനാട്ടില്‍ ദുരിതം നേരിടുമ്പോള്‍ നെഹ്റു കുടുംബത്തില്‍ നിന്നുള്ള രണ്ട് എംപിമാരെയും ദുരന്തഭൂമിയില്‍ ഒരിടത്തും കാണാനില്ല. ഇത് വയനാട്ടിലെയും കേരളത്തിലെയും ജനങ്ങളോട് കാണിക്കുന്ന വഞ്ചനയാണ്. കേരളത്തില്‍ കോണ്‍ഗ്രസാണ് ഭരിക്കുന്നത്. എന്നിട്ടും വയനാട്ടിലെ കോണ്‍ഗ്രസ് എംപി ദുരന്തമുഖത്ത് എത്താത്തത് കോണ്‍ഗ്രസിന്റെ അനാസ്ഥയാണ്. ഇതിന് നെഹ്റു കുടുംബം വയനാട്ടിലെ ജനങ്ങളോട് മാപ്പ് പറയണം. ചിലപ്പോള്‍ ആളുകള്‍ക്ക് തങ്ങളുടെ എംപി മണ്ഡലത്തില്‍ നിന്ന് മുങ്ങിയെന്ന് തോന്നാറുണ്ട്. എന്നാല്‍ ഇവിടെ കാര്യങ്ങള്‍ കുറച്ചുകൂടി വിചിത്രമാണ്. രാഹുല്‍ ഗാന്ധി രാജ്യത്ത് നിന്ന് തന്നെ മുങ്ങിയിരിക്കുകയാണ്. ലോകത്തിലെ ഏതെങ്കിലും ഒരുകോണില്‍ നിന്നും രാജ്യ വിരുദ്ധ പ്രസ്താവന കേള്‍ക്കുമ്പോള്‍ രാഹുല്‍ ഗാന്ധി എവിടെ നിന്നാണ് സംസാരിക്കുന്നതെന്ന് ജനങ്ങള്‍ക്ക് മനസിലാകുമെന്നും സുധാംശു പരിഹസിച്ചു.

പ്രിയങ്ക എവിടെയാണെന്നും വയനാട്ടിലേക്ക് പോകാന്‍ അവര്‍ക്ക് സമയം കണ്ടെത്താന്‍ കഴിയുന്നില്ലേയെന്നും ഷാസിയ ഇല്‍മി ചോദിച്ചു. രാഹുലിനും പ്രിയങ്കയ്‌ക്കും വയനാട്ടിലെ ജനങ്ങള്‍ വോട്ട് ബാങ്ക് മാത്രമാണ്. മണ്ഡലത്തെ രാഷ്‌ട്രീയ വിനോദസഞ്ചാരത്തിനുള്ള സ്ഥലമായിട്ടാണ് ഇരുവരും കാണുന്നത്. വോട്ട് നേടാന്‍ വേണ്ടി മാത്രമാണോ വയനാട്ടില്‍ പ്രത്യക്ഷപ്പെടുകയെന്നും ജൂണ്‍ 22ന് ശേഷം രാഹുല്‍ എവിടെയെന്ന് ആര്‍ക്കെങ്കിലും അറിയാമോ എന്നും അവര്‍ ചോദിച്ചു.

 



By admin