ലണ്ടൺ: ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറിനെ ( ഐആർജിസി) ബ്രിട്ടൺ ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ചു. യു.കെ ആഭ്യന്തര സെക്രട്ടറി ഷബാന മഹ്‌മൂദ് ആണ് ഐആർജിസിയെ ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ച വിവരം അറിയിച്ചത്. ഇതോടെ ബ്രിട്ടന്റെ മണ്ണിൽ ഐആർജിസി എന്ന സംഘടനയ്‌ക്ക് ഏതെങ്കിലും തരത്തിലുള്ള പിന്തുണ പ്രഖ്യാപിക്കുന്നതും അവർക്കായി പ്രവർത്തിക്കുന്നതും 14 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ഗുരുതരമായ ക്രിമിനൽ കുറ്റമായി മാറും.
ബ്രിട്ടന്റെ ദേശീയ സുരക്ഷയ്‌ക്ക് ഭീഷണിയുയർത്തുന്ന പ്രവർത്തനങ്ങളിൽ ഐആർജിസി ഏർപ്പെട്ടിട്ടുണ്ടെന്ന വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബ്രിട്ടനിലെ യഹൂദ വിരുദ്ധ ആക്രമണങ്ങളുമായും ഈ സംഘടനയ്‌ക്ക് ബന്ധമുള്ളതായി യു.കെ ആരോപിക്കുന്നു.
ഐആർജിസിക്ക് പുറമെ ബ്രിട്ടനിലെ ജൂത സമൂഹങ്ങൾക്കെതിരായ ആക്രമണങ്ങളുമായി നേരിട്ട് ബന്ധമുള്ള ‘ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ദി കംപാനിയൻസ് ഓഫ് ദി റൈറ്റ്’ (IMCR), റഷ്യൻ സൈനിക ഇന്റലിജൻസുമായി (GRU) ചേർന്ന് പ്രവർത്തിക്കുന്ന ‘റഷ്യൻ ഫെഡറേഷൻ വോളണ്ടിയർ കോർ’ എന്നീ സായുധ സംഘടനകളെയും ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി നിരോധിച്ചിട്ടുണ്ടെന്ന് ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കി.
രഹസ്യാന്വേഷണത്തിന് പ്രത്യേക ഏജൻസി; ജൂത കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം
ഭീകരസംഘടനയായി ബ്രിട്ടൻ പ്രഖ്യാപിച്ചിരിക്കുന്ന ഈ വിദേശ സംഘടനകളുമായി ബന്ധപ്പെട്ട ചാരവൃത്തി, ജനാധിപത്യ പ്രക്രിയകളിലെ വിദേശ ഇടപെടലുകൾ, അട്ടിമറി ശ്രമങ്ങൾ, വധശ്രമങ്ങൾ തുടങ്ങിയവ കർശനമായി പ്രതിരോധിക്കാൻ ബ്രിട്ടീഷ് പോലീസിനുള്ളിലും രഹസ്യാന്വേഷണ ഏജൻസികളിലും വലിയ മാറ്റങ്ങൾ വരുത്തും. ഈ ഗ്രൂപ്പുകൾക്കായി ചാരവൃത്തി നടത്തുന്നവരെ വിചാരണ ചെയ്യാൻ ഇനിമുതൽ വിദേശബന്ധം തെളിയിക്കേണ്ട ആവശ്യമില്ലാത്ത വിധം ശക്തമായ നിയമനടപടികളാണ് പുതിയ ബില്ലിലൂടെ പ്രാബല്യത്തിൽ വരുന്നത്.
SUMMARY: Britain has declared Iran’s Islamic Revolutionary Guard Corps as a terrorist organization