ന്യൂദല്‍ഹി: അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന നേതാവാണ് രാഹുല്‍ ഗാന്ധിയെന്ന് ജേണലിസ്റ്ര് രാജ് ദീപ് സര്‍ദേശായി. ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കേണ്ടിവരുന്ന അത്യാവശ്യ ഘട്ടങ്ങളില്‍ എല്ലാം രാഹുല്‍ ഗാന്ധി അതില്‍ നിന്നും ഒളിച്ചോടി.
2009ല്‍ മന്‍മോഹന്‍ സിങ്ങ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ അതില്‍ ഒരു മന്ത്രിയായി ചേര്‍ന്ന് ഭരണത്തിന്റെ ഉത്തരവാദിത്വങ്ങള്‍ പഠിക്കേണ്ടതായിരുന്നു. പക്ഷെ രാഹുല്‍ ഗാന്ധി അത് ചെയ്തില്ല. ആ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറി.
2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ പ്രതിപക്ഷ നേതാവ് എന്ന പദവി കിട്ടിയെങ്കിലും അത് ഏറ്റെടുത്തില്ല. പാര്‍ലമെന്‍റിലും പുറത്തും പോരാട്ടം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്ന പദവിയായിരുന്നു ഇത്. പക്ഷെ അത് ഏറ്റെടുത്തില്ല.
2019 ല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനം രാഹുല്‍ ഗാന്ധി രാജിവെച്ചു. കോണ്‍ഗ്രസ് പാര്‍ട്ടി വലിയ വെല്ലുവിളി നേരിടുന്ന കാലഘട്ടമായിരുന്നു ഇത്. ഒരു പാര്‍ട്ടി അധികാരത്തില്‍ നിന്നും പുറത്തുനില്ക്കുകയും തകര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ ആ പാര്‍ട്ടിയെ പഴയ പ്രതാപത്തിലേക്ക് തിരികെ എത്തിക്കണമെങ്കില്‍ പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനം ഉത്തരവാദിത്വമുള്ള ഏതൊരു നേതാവും ഏറ്റെടുക്കുമായിരുന്നു. പക്ഷെ രാഹുല്‍ ഗാന്ധി ഇവിടെയും ഒളിച്ചോടുകയായിരുന്നു.