തിരുവനന്തപുരം: അജണ്ടകളിലേക്ക് കടക്കാതെ പിരിച്ചുവിട്ട സിന്‍ഡിക്കേറ്റ് തീരുമാനം സാധുവല്ലെന്ന് കേരള സര്‍വകലാശാല വി സി ഡോ.സിസ തോമസ് വിശദീകരിച്ചു. അച്ചടക്ക നടപടിയില്‍ പുറത്താക്കപ്പെട്ട സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാറിനെതിരെയുള്ള നടപടി സിന്‍ഡിക്കേറ്റ് റദ്ദാക്കിയതായി വാര്‍ത്തകള്‍ വന്നതിനോട് പ്രതികരിക്കുകയായിരുന്നു താല്‍ക്കാലിക ചുമതലയുള്ള വി സി.
പ്രത്യേക സിന്‍ഡിക്കേറ്റ് യോഗം ചേര്‍ന്നത് ഹൈക്കോടതിയില്‍ കൊടുക്കേണ്ട സത്യവാംഗ് മൂലം ചര്‍ച്ച ചെയ്യാനായിരുന്നു. എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പക്ഷത്തുള്ള സിന്‍ഡിക്കേറ്റംഗങ്ങള്‍ അജണ്ടയില്‍ ഇല്ലാത്ത വിഷയങ്ങള്‍ ഉയര്‍ത്തി. നടപടികള്‍ തടസപ്പെട്ടപ്പോള്‍ അധ്യക്ഷതവഹിച്ച വിസി യോഗം പിരിച്ചുവിട്ടു. അതോടെ സിന്‍ഡിക്കേറ്റ് യോഗം ഔദ്യോഗികമായി കഴിഞ്ഞു. തുടര്‍ന്നാണ് ‘ രജിസ്ട്രാര്‍ക്കെതിരെയുള്ള അച്ചടക്ക നടപടി റദ്ദാക്കിയതായി ‘ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പ്രഖ്യാപിച്ചത്.
കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ സിന്‍ഡിക്കേറ്റിന് ചര്‍ച്ച ചെയ്യാന്‍ നിയമപരമായി കഴിയാത്തതിനാലും കോടതിയലക്ഷ്യമായതിനാലുമാണ് യോഗം റദ്ദാക്കിയതെന്ന് പിന്നീട് വിസി പറഞ്ഞു.