പ്രതീക്ഷിക്കുന്ന പരിവര്‍ത്തനമാണ് ഇപ്പോള്‍ റെയില്‍വേയില്‍ നടന്നുവരുന്നത്. പാത നവീകരണം ഒരു ഭാഗത്ത് നടക്കുമ്പോള്‍ റിസര്‍വേഷന്‍ പരിഷ്‌കരണം മറുഭാഗത്ത് നടക്കുന്നു. നരേന്ദ്രമോദി പ്രധാനമന്ത്രിയായി സ്ഥാനമേറ്റശേഷം നടക്കുന്ന പരിഷ്‌കാരങ്ങള്‍ എടുത്തുപറയേണ്ടതാണ്. ബ്രിട്ടീഷുകാര്‍ നിര്‍മിച്ച പാതയില്‍ എടുത്തുപറയത്തക്കമാറ്റമൊന്നും കോണ്‍ഗ്രസ് ഭരണത്തില്‍ ചൂണ്ടിക്കാട്ടാനുണ്ടായിരുന്നില്ല. എന്നാല്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റതോടെ നടന്നുവരുന്ന പരിഷ്‌കാരങ്ങള്‍ അസൂയാവഹമാണ്. റോഡ് ഗതാഗതത്തിലെന്നപോലെയാണ് റെയില്‍വേയിലെ പുരോഗതിയും. പുതിയ പാളങ്ങള്‍, പാലങ്ങള്‍, റെയില്‍വേ സ്റ്റേഷന്‍ പരിഷ്‌കരണം എന്നിവ എടുത്തുപറയേണ്ടതാണ്. അടുത്തിടെ കൊണ്ടുവന്ന പുതിയ മാറ്റമാണ് ആരെയും അത്ഭുതപ്പെടുത്തുന്നത്.
ഒരു മിനിറ്റില്‍ ഒന്നര ലക്ഷത്തിലധികം ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ ശേഷിയുള്ള റെയില്‍വേയുടെ പുതിയ പാസഞ്ചര്‍ റിസര്‍വേഷന്‍ സംവിധാനമാണിത്. ഈ വര്‍ഷം അവസാനത്തോടെ ഇത് നിലവില്‍ വരും. നിലവില്‍ ഒരു മിനിറ്റില്‍ 32,000 ടിക്കറ്റുകളാണ് ബുക്ക് ചെയ്യാന്‍ കഴിയുക. കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പരിഷ്‌കാരങ്ങളുടെ പുരോഗതി അവലോകനം ചെയ്തു. ട്രെയിന്‍ പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പ് ചാര്‍ട്ട് പ്രസിദ്ധീകരിക്കുന്ന സംവിധാനത്തിലും മാറ്റം വരുത്തും. എട്ട് മണിക്കൂര്‍ മുമ്പേ ചാര്‍ട്ട് തയാറാക്കാനാണ് റെയില്‍വേ ബോര്‍ഡ് നിര്‍ദ്ദേശം. ഉച്ചയ്‌ക്ക് രണ്ട് മണിക്ക് മുമ്പ് പുറപ്പെടുന്ന ട്രെയിനുകളുടെ ചാര്‍ട്ടുകള്‍ തലേദിവസം രാത്രി ഒന്‍പത് മണിയോടെ പ്രസിദ്ധീകരിക്കാനാണ് ശ്രമം. ഘട്ടംഘട്ടമായി ഇത് നടപ്പാക്കും. യാത്രക്കാര്‍ നേരിടുന്ന അനിശ്ചിതാവസ്ഥ ഒഴിവാക്കാനും തയ്യാറെടുപ്പുകള്‍ക്ക് സാവകാശം കിട്ടാനും വേണ്ടിയാണിത്. വെയിറ്റിങ് ലിസ്റ്റില്‍ നിന്ന് റിസര്‍വേഷന്‍ ലഭിക്കാത്തവര്‍ക്ക് ബദല്‍ യാത്രാമാര്‍ഗം തേടാനും കഴിയും.
റെയില്‍വേ സംവിധാനത്തില്‍ മിനിട്ടില്‍ 40 ലക്ഷം അന്വേഷണങ്ങള്‍ നടത്താനും കഴിയും. നിലവിലിത് നാലു ലക്ഷമാണ്. ബുക്കിംഗുകള്‍ക്കും അന്വേഷണങ്ങള്‍ക്കുമായി ഒന്നിലധികം ഭാഷകളെ പിന്തുണയ്‌ക്കുന്ന ഉപയോക്തൃസൗഹൃദ ഇന്റര്‍ഫേസും നിലവില്‍ വരും. യാത്രക്കാര്‍ക്ക് ഇഷ്ടമുള്ള സീറ്റുകള്‍ തിരഞ്ഞെടുക്കാനും നിരക്കുകളെക്കുറിച്ചറിയാനും കൂടുതല്‍ സൗകര്യമൊരുക്കും. തത്കാല്‍ ബുക്കിംഗിന് രേഖ പരിശോധന ജൂലായ് ഒന്നുമുതല്‍ ആധാര്‍ അല്ലെങ്കില്‍ ഡിജിലോക്കര്‍ അക്കൗണ്ടുകളില്‍ അപ്ലോഡ് ചെയ്ത സാധുവായ സര്‍ക്കാര്‍ തിരിച്ചറിയല്‍ രേഖകളോ ഉപയോഗിച്ച് മാത്രമേ തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാകൂ. ഐആര്‍സിടിസി വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവ വഴി ടിക്കറ്റ് ബുക്കു ചെയ്യുന്നവര്‍ക്ക് ഇതു ബാധകമാണ്. കണ്‍ഫര്‍മേഷന്‍ ടിക്കറ്റുള്ള യാത്രക്കാരുടെ യാത്ര മെച്ചപ്പെടുത്തുന്നതിനായാണ് ഇന്ത്യന്‍ റെയില്‍വേ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ നിയമങ്ങള്‍ പ്രകാരം, വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകളുള്ള യാത്രക്കാര്‍ക്ക് സ്ലീപ്പര്‍ അല്ലെങ്കില്‍ എസി കോച്ചുകളില്‍ യാത്ര ചെയ്യാന്‍ അനുവാദമില്ല. അവര്‍ക്ക് ജനറല്‍ ക്ലാസില്‍ മാത്രമേ യാത്ര ചെയ്യാന്‍ കഴിയൂ.
ഐആര്‍സിടിസി വഴി ഓണ്‍ലൈനായി ബുക്ക് ചെയ്ത ടിക്കറ്റ് വെയിറ്റിങ് ലിസ്റ്റില്‍ തുടരുകയാണെങ്കില്‍, അത് യാന്ത്രികമായി റദ്ദാക്കപ്പെടും. വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുള്ളയാള്‍ സ്ലീപ്പര്‍, എസി കോച്ചുകളില്‍ യാത്ര ചെയ്യുന്നത് കണ്ടെത്തിയാല്‍, ടിടിഇക്ക് ആ യാത്രക്കാരന് എതിരേ പിഴ ചുമത്താനോ അവരെ ജനറല്‍ കമ്പാര്‍ട്ടുമെന്റിലേക്ക് മാറ്റാനോ അധികാരമുണ്ടായിരിക്കും. പ്രധാന റൂട്ടുകളിലെ ട്രെയിനില്‍ ടിക്കറ്റ് കിട്ടുക എന്നതും കയറിപ്പറ്റുക എന്നതും ഒരു വന്‍ പോരാട്ടമാണ്. സ്ഥിരീകരിച്ച ടിക്കറ്റ് ഉണ്ടെങ്കില്‍പ്പോലും പലപ്പോഴും അവിടെ മറ്റ് യാത്രക്കാര്‍ കടന്നുകയറുന്ന സംഭവങ്ങളും ധാരാളം. ഈ ഒരു സാഹചര്യത്തിലാണ് കണ്‍ഫേംഡ് ടിക്കറ്റുകളുള്ള യാത്രക്കാരുടെ സൗകര്യം ഉറപ്പാക്കുന്നതിനായി പുതിയ നിയമം. വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുമായി ട്രെയിനില്‍ കയറാന്‍ ഒരുങ്ങുന്ന യാത്രക്കാര്‍ ഇനി ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ ഇടം കണ്ടെത്തുന്നതാകും നല്ലത്. ഏതായാലും അതിവേഗം രൂപപ്പെടുന്ന പരിവര്‍ത്തനവും പരിഷ്‌കാരങ്ങളും സൗകര്യങ്ങളും പരമാവധി ജനങ്ങള്‍ക്ക് ഉപയോഗപ്പെടുമെന്നാശിക്കാം.