ഗുവാഹത്തി: ട്രെയിന്‍ ഇടിച്ച് ആനകള്‍ ചെരിയുന്നത് തടയാന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ വന്‍ ഇടപെടലുമായി നോര്‍ത്ത് ഈസ്റ്റ് ഫ്രണ്ടിയര്‍ റെയില്‍വേ. 2026 ജനുവരി മുതല്‍ സപ്തംബര്‍ വരെ 255 ആനകളെയാണ് ട്രെയിന്‍ അപകടത്തില്‍ നിന്ന് രക്ഷിച്ചത്. എഐ അധിഷ്ഠിത മുന്നറിയിപ്പ് സംവിധാനം, വേഗനിയന്ത്രണം, നിരീക്ഷണം, വനം വകുപ്പുമായുള്ള ഏകോപനം എന്നിവയാണ് ഇതിന് പിന്നില്‍.
ആനകള്‍ സ്ഥിരമായി സഞ്ചരിക്കുന്ന റെയില്‍പാതകളില്‍ അപകടസാധ്യത മുന്‍കൂട്ടി തിരിച്ചറിയുകയാണ് പ്രധാന ലക്ഷ്യം. ട്രാക്കിന് സമീപം
ആനകളുടെ സാന്നിധ്യം കണ്ടെത്തിയാല്‍ മുന്നറിയിപ്പ് നല്‍കുന്ന സംവിധാനത്തിലൂടെ ലോക്കോ പൈലറ്റുമാര്‍ക്ക് വിവരം കൈമാറും. തുടര്‍ന്ന് ട്രെയിനിന്റെ വേഗം കുറയ്‌ക്കുകയും ആവശ്യമായാല്‍ ട്രെയിന്‍ നിര്‍ത്തുകയും ചെയ്ത് കൂട്ടിയിടി ഒഴിവാക്കുന്നു.
അലിപുര്‍ദ്വാര്‍, റംഗിയ, ലംഡിങ്, ടിന്‍സുകിയ എന്നീ നാല് റെയില്‍വേ ഡിവിഷനുകളിലാണ് ഈ നടപടികളിലൂടെ ആനകളെ രക്ഷിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥരുമായി ഏകോപിപ്പിച്ചുള്ള നിരീക്ഷണവും പട്രോളിങ്ങും ശക്തമാക്കിയിട്ടുണ്ട്. ഇതിനൊപ്പം പ്ലാന്‍ ബീ സംവിധാനവും ഉപയോഗിക്കുന്നു. ആനകള്‍ക്ക് തേനീച്ചകളുടെ ശബ്ദത്തോട് സ്വാഭാവികമായ ഭയം ഉള്ളതിനാല്‍, തേനീച്ചക്കൂട്ടത്തിന്റെ ശബ്ദം അനുകരിക്കുന്ന ശക്തമായ ശബ്ദ സിഗ്നലുകള്‍ ഉപയോഗിച്ച് ആനകളെ റെയില്‍പാതയില്‍ നിന്ന് അകറ്റുകയാണ് പദ്ധതി. ആനകള്‍ ട്രാക്കിലേക്ക് കടക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലാണ് സംവിധാനം സ്ഥാപിച്ചിരിക്കുന്നത്.
ആനകളുടെ സഞ്ചാരപാതകള്‍ തിരിച്ചറിയുന്നതിനൊപ്പം ട്രാക്കുകളില്‍ പട്രോളിങ്, വേഗനിയന്ത്രണം, വനമേഖലകളിലെ നിരീക്ഷണം, വനംവകുപ്പുമായുള്ള തത്സമയ ഏകോപനം തുടങ്ങിയ നടപടികളും റെയില്‍വേ സ്വീകരിക്കുന്നുണ്ട്. സാങ്കേതികവിദ്യയും മനുഷ്യ ഇടപെടലും കൂട്ടിച്ചേര്‍ത്തുള്ള ഈ സംവിധാനം വടക്കുകിഴക്കന്‍ മേഖലയില്‍ മനുഷ്യവന്യജീവി സംഘര്‍ഷം കുറയ്‌ക്കാനുള്ള പ്രധാന നടപടിയായാണ് വിലയിരുത്തപ്പെടുന്നത്.