
കൊച്ചി ; റോഡിൽ കിടന്ന് ബഹളം വച്ചതിന് കസ്റ്റഡിയിലെടുത്ത പ്രതി പൊലീസുകാരന്റെ കൈ കടിച്ചുമുറിച്ചു. എറണാകുളം നോർത്ത് സ്റ്റേഷനിലെ ഡ്രൈവറുടെ കൈയാണ് പ്രതി കടിച്ചുമുറിച്ചത്. കൊല്ലം ശാസ്താംകോട്ട വേങ്ങ നെടുംപുറത്ത്കിഴക്കാതിർ വീട്ടിൽ മുഹമ്മദ് ഇഖ്ബാൽ (25) ആണ് കേസിലെ പ്രതി.
എറണാകുളം നോർത്ത് റെയിൽവേ ഓവർപാലത്തിന് സമീപമുള്ള നടപ്പാലത്തിൽവച്ച് ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു ഇഖ്ബാൽ ബഹളമുണ്ടാക്കിയത്. പട്രോളിങ്ങിനിടെ നോർത്ത് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പ്രതിയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു.
വൈദ്യപരിശോധനയ്‌ക്കായി കൊണ്ടുപോകുന്നതിനിടെയായിരുന്നു പ്രതി വീണ്ടും അക്രമാസക്തനായത്. ജനറൽ ആശുപത്രിയിൽ വച്ച് വീണ്ടും അസഭ്യവർഷം നടത്തി അക്രമാസക്തനായതോടെ പൊലീസുകാർ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും ഒരു പൊലീസുകാരന്റെ കൈ കടിച്ചു മുറിക്കുകയായിരുന്നു
റോഡിൽ കിടന്ന് ബഹളം വച്ചതിന് എറണാകുളം നോർത്ത് പൊലീസും പൊലീസുകാരന്റെ കൈ കടിച്ചു മുറിച്ചതിന് സെൻട്രൽ പൊലീസും ഇഖ്ബാലിനെതിരെ കേസെടുത്തു. ഇയാൾ സ്റ്റേഷനിൽ കിടന്ന് ബഹളം വയ്‌ക്കുന്നതിന്റെയും പൊലീസുകാരെ അസഭ്യം പറയുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ‘ഇതൊക്കെ പറയുന്ന എന്റെ പേര് മുഹമ്മദ് ഇഖ്ബാൽ’ എന്ന് ഇയാൾ അസഭ്യവർഷത്തിനിടെ സ്വയം പരിചയപ്പെടുത്തുന്നുമുണ്ട്.