
തിരുവനന്തപുരം: മിലിട്ടറി ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഓഫ് വാര്‍ ഇന്‍ഫന്‍ട്രി സ്‌കൂള്‍ കമാന്‍ഡന്റായി ലഫ്. ജനറല്‍ വിജയ് ബി. നായര്‍ ചുമതയേറ്റു. കഴക്കൂട്ടം സൈനിക സ്‌കൂള്‍, നാഷണല്‍ ഡിഫന്‍സ് അക്കാദമി, ഇന്ത്യന്‍ മിലിട്ടറി അക്കാദമി എന്നിവിടങ്ങളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ വിജയ് ബി. നായര്‍ 1988 ജൂണില്‍ 21ന് പഞ്ചാബ് റെജിമെന്റില്‍ കമ്മീഷന്‍ ചെയ്യപ്പെട്ടു, പിന്നീട് അതേ ബറ്റാലിയന്റെ കമാന്‍ഡറായി.
പാലക്കാട് സ്വദേശിയായ അദ്ദേഹം 38 വര്‍ഷത്തെ സേവനത്തിനിടെ കമാന്‍ഡ്, സ്റ്റാഫ്, ഇന്‍സ്ട്രക്ഷണല്‍ നിയമനങ്ങളില്‍ വിപുലമായ പരിചയം നേടി. ഡെസേര്‍ട്ട് സ്‌ട്രൈക്ക് കോര്‍, ലേ സബ് ഏരിയ, ജമ്മു കശ്മീരിലെ ടൈഗര്‍ ഡിവിഷന്‍, പഞ്ചാബിലെ വജ്ര കോര്‍ എന്നിവയ്‌ക്ക് കീഴിലുള്ള ബ്രിഗേഡിന്റെ കമാന്‍ഡന്റ് ആയിരുന്നു. ശ്രീലങ്കയിലെ ഇന്ത്യന്‍ സമാധാന സംരക്ഷണ സേനയിലും നിയന്ത്രണ രേഖയില്‍ എട്ട് തവണയും സേവനമനുഷ്ഠിച്ചു.
അതിവിശിഷ്ട സേവാ മെഡല്‍, സേനാ മെഡല്‍, നാലുതവണ ആര്‍മി കമാന്‍ഡേഴ്‌സ് അഭിനന്ദന കാര്‍ഡുകള്‍, യുദ്ധത്തില്‍ തകര്‍ന്ന കോംഗോയിലെ യുണൈറ്റഡ് നേഷന്‍സ് ഫോഴ്‌സ് കമാന്‍ഡേഴ്‌സ് അഭിനന്ദനം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.