ന്യൂദല്‍ഹി: ലോകത്തിന്റെ ഫാക്ടറിയായി ഇന്ത്യയെ മാറ്റുക എന്ന മോദി സര്‍ക്കാരിന്റെ സ്വപ്നം ശക്തമായി മുന്നേറുന്നതില്‍ ഏറ്റവും അസൂയയുള്ളത് ചൈനയ്‌ക്കാണ്. ഏറ്റവുമൊടുവില്‍ ഇന്ത്യ വിജയകരമായി നടപ്പാക്കിയ ആപ്പിള്‍ ഐ ഫോണ്‍ നിര്‍മ്മാണത്തെ അട്ടിമറിക്കാന്‍ ചില നീക്കങ്ങള്‍ നടത്തിയിരിക്കുകയാണ് ചൈന. ഇന്ത്യയില്‍ ആപ്പിള്‍ ഐ ഫോണ്‍ നിര്‍മ്മിക്കുന്ന ഫോക്സ് കോണ്‍ എന്ന കമ്പനിയില്‍ സുപ്രധാന ചുമതലകള്‍ വഹിച്ചിരുന്ന 300 ചൈനക്കാരായ എഞ്ചിനീയര്‍മാരെ ഇന്ത്യയിലെ ഫാക്ടറിയില്‍ നന്നും പിന്‍വലിച്ചിരിക്കുകയാണ്.
ഇന്ത്യയില്‍ ആപ്പിളിന്റെ ഐ ഫോണ്‍ 17 നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ സജീവമായി നടപ്പാക്കിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ചൈനക്കാരായ എഞ്ചിനീയര്‍മാരെ പൊടുന്നനെ ഫോക്സ്കോണ്‍ ഇന്ത്യയില്‍ നിന്നും പിന്‍വലിച്ചത്. ഇത് ഇന്ത്യയിലെ ഫോക്സ് കോണ്‍ കമ്പനിയിലെ ആപ്പിള്‍ ഐ ഫോണ്‍ ഉല്‍പാദനത്തിന് തിരിച്ചടിയാകും. പ്രൊഡക്ഷന്‍ ലൈനിലെ സംവിധാനങ്ങളിലും സാങ്കേതികപ്രശ്നങ്ങള്‍ പരിഹരിക്കുന്ന സെക്ഷനുകളിലും പ്രവര്‍ത്തിക്കുന്നവരാണ് ഈ എഞ്ചിനീയര്‍മാര്‍. അതിനാല്‍ ആപ്പിള്‍ ഐ ഫോണ്‍ ഫാക്ടറിയില്‍ ഇവരുടെ അസാന്നിധ്യം പെട്ടെന്ന് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
കഴിഞ്ഞ രണ്ട് മാസത്തിനിടെയാണ് 300 എഞ്ചിനീയര്‍മാരും ഇന്ത്യ വിട്ട് സ്വരാജ്യത്തേക്ക് മടങ്ങിപ്പോയത്. ഇപ്പോള്‍ ഇവരുടെ അഭാവത്തില്‍ ഇത്തരം പ്രശ്നങ്ങള്‍ നേരിടാന്‍ തായ് വാനില്‍ നിന്നുള്ള ജീവനക്കാര്‍ മാത്രമേയുള്ളൂ. ഈയിടെ ഇന്ത്യയിലേക്ക് സാങ്കേതികവിദ്യകളോ വിദഗ്ധ തൊഴിലാളികളെയോ അയയ്‌ക്കരുതെന്ന ശക്തമായ രാഷ്‌ട്രീയ പ്രചാരണം ചൈനയില്‍ ശക്തമാണെന്ന് ബിസിനസ് വാര്‍ത്താ ഏജന്‍സിയായ ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബഹുരാഷ്‌ട്രകമ്പനികള്‍ അവരുടെ ഉല്‍പാദനം ചൈനയില്‍ നിന്നും മറ്റ് രാജ്യങ്ങളിലേക്ക് കൊണ്ടുപോകാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും സര്‍ക്കാരും ഇക്കാര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ഉയര്‍ന്ന വൈദഗ്ധ്യം ആവശ്യമുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ നിന്നും ഇന്ത്യയെ തടയാന്‍ സവിശേഷ ഉപകരണങ്ങളോ സാങ്കേതിക വിദഗ്ധരേയോ അയയ്‌ക്കാതിരിക്കുക എന്നതാണ് ചൈനയുടെ കര്‍ശനമായ നയം. ഇന്ത്യയും വിയറ്റ്നാമും വമ്പന്‍ ടെക്നോളജി കമ്പനികളെ കൂട്ടുപിടിച്ച് ആഗോളവിതരണ ശൃംഖലയെ വൈവിധ്യവല്‍ക്കരിച്ച് ചൈനയ്‌ക്ക് ബദലായി മാറാന്‍ ശ്രമം നടത്തിവരുന്നുണ്ട്. ഇത് തകര്‍ക്കാനും ചൈന പ്രത്യേകം പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് പറയുന്നു.
ചൈനയുടെ അസംബ്ലി ലൈനില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വൈദഗ്ധ്യം ചെലവ് കുറയ്‌ക്കാന്‍ മാത്രമല്ല, ആപ്പിള്‍ ഐ ഫോണിന്റെ സാങ്കേതിക നിലവാരം വര്‍ധിപ്പിക്കുന്നതിനും അത്യന്താപേക്ഷിതമാണെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക് ഈയിടെ പ്രസ്താവിച്ചിരുന്നു. ഇവിടെയാണ് ചൈനയിലെ എഞ്ചിനീയര്‍മാരുടെ അഭാവം ഇന്ത്യയുടെ ആപ്പിള്‍ ഐ ഫോണ്‍ ഫാക്ടറിയില്‍ ഉണ്ടാകാന്‍ പോകുന്നതെന്ന് പറയപ്പെടുന്നു.
പക്ഷെ ചൈനയുടെ ഈ കളികളെ തോല്‍പിക്കാന്‍ ബദല്‍ മാര്‍ഗ്ഗങ്ങള്‍ ഇന്ത്യയിലെ ടാറ്റ ഉള്‍പ്പെടെയുള്ള കമ്പനികള്‍ ആലോചിച്ചുവരുന്നു. ഇന്ത്യയില്‍ തന്നെ വിദഗ്ധരായ തൊഴിലാളികളെ വാര്‍ത്തെടുക്കാനുള്ള ശ്രമങ്ങള്‍ ശക്തമായി നടന്നുവരുന്നുണ്ട്. അധികം വൈകാതെ ഇന്ത്യ ഈ ഒരു പോരായ്മയും നികത്തും. അതോടെ ആപ്പിള്‍ ഐ ഫോണ്‍ നിര്‍മ്മാണ രംഗത്തെ ചൈനയുടെ മേല്‍ക്കൈ അവസാനിക്കും.
തായ് വാന്‍ കമ്പനിയാണെങ്കിലും ഫോക്സ് കോണിന്റെ മേല്‍ ചൈനയുടെ സ്വാധീനം അപാരം
തായ് വാന്‍ ആസ്ഥാനമായ കമ്പനിയാണ് ഫോക്സ് കോണ്‍. ആപ്പിള്‍ ഐ ഫോണ്‍ ഏറ്റവും കൂടുതല്‍ നിര്‍മ്മിക്കുന്ന കമ്പനിയാണിത്. പ്രധാനമന്ത്രി മോദി പ്രത്യേക സൗഹൃദത്തിലൂടെയാണ് ഈ കമ്പനിയുമായി അടുപ്പം സൃഷ്ടിച്ചത്. പക്ഷെ ഫോക്സ് കോണിന് ചൈനയോട് വലിയ വിധേയത്വമുണ്ട്. കാരണം ഫോക്സ് കോണിന്റെ കൂറ്റന്‍ സെമികണ്ടക്ടര്‍, ആപ്പിള്‍ ഐ ഫോണ്‍ നിര്‍മ്മാണ ഫാക്ടറികള്‍ ഏറ്റവുമധികം ചൈനയിലാണ് നിലനില്‍ക്കുന്നത്. അതിനാലാണ് ചൈനയുടെ തീരുമാനങ്ങള്‍ ഫോക്സ് കോണിന് മേല്‍ അടിച്ചേല്‍പിക്കാന്‍ അവര്‍ക്ക് കഴിയുന്നത്. ഉല്‍പാദനം, വിതരണശൃംഖല, തൊഴിലാളികള്‍ എന്നീ രംഗത്ത് ചൈനയുടെ സഹായമില്ലാതെ ഫോക്സ് കോണിന് നിലനില്‍പില്ല. ആത്യന്തികമായി, രാഷ്‌ട്രീയത്തേക്കാളേറെ ബിസിനസില്‍ ലാഭമാണല്ലോ പ്രധാനം.