
കാലിഫോർണിയ: ലോറൻസ് ബിഷ്ണോയി സംഘത്തിലെ പ്രധാന കണ്ണിയായ ഹാരി ബോക്സറെ അമേരിക്കയിൽ പിടികൂടി. ദൽഹി പോലീസിന്റെ സ്പെഷ്യൽ സെല്ലും ഹരിയാന പോലീസിന്റെ സ്പെഷ്യൽ ടാസ്‌ക് ഫോഴ്സും (എസ്ടിഎഫ്) നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച രാത്രി കാലിഫോർണിയയിൽ വെച്ചാണ് ഇയാളെ അമേരിക്കൻ അധികൃതർ കസ്റ്റഡിയിലെടുത്തതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ബോക്സർ അമേരിക്കയിൽ നിന്നാണ് സംഘത്തിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. സോഷ്യൽ മീഡിയയിലൂടെയും ഓഡിയോ സന്ദേശങ്ങളിലൂടെയും ബോളിവുഡിലെ പ്രമുഖർക്ക് ഇയാൾ ഭീഷണി മുഴക്കിയിരുന്നതായും അധികൃതർ പറഞ്ഞു.
ഈ വർഷം ഫെബ്രുവരിയിൽ മുംബൈയിലെ ജുഹുവിൽ ചലച്ചിത്ര സംവിധായകൻ രോഹിത് ഷെട്ടിയുടെ വസതിക്ക് പുറത്തുണ്ടായ വെടിവെപ്പിന്റെ ഉത്തരവാദിത്തം ബോക്സർ ഏറ്റെടുത്തിരുന്നു. അക്രമികൾ അഞ്ച് തവണ വെടിയുതിർത്തെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥൻ ഉടൻ പോലീസിനെ വിവരമറിയിച്ചതിനാൽ ആർക്കും പരിക്കേറ്റില്ല. സംഭവവുമായി ബന്ധപ്പെട്ട് പിന്നീട് നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് ബോക്സറുടെ സംഘാംഗങ്ങൾ നടൻ തുഷാർ കപൂറിനെയും ഭീഷണിപ്പെടുത്തിയിരുന്നതായി സംശയമുയർന്നിരുന്നു. എന്നാൽ, ഭീഷണി സന്ദേശത്തിലെ ശബ്ദം ബോക്സറുടെ ശബ്ദസാമ്പിളുമായി പൊരുത്തപ്പെടുന്നില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് മുംബൈ പോലീസ് ക്രൈംബ്രാഞ്ച് ഈ സാധ്യത തള്ളുകയായിരുന്നു.
ഹരിചന്ദ് ജാട്ട് എന്നാണ് ബോക്സറുടെ യഥാർത്ഥ പേര്. രാജസ്ഥാനിലെ കോട്പുത്ലി-ബെഹ്റോർ ജില്ലയിലെ ബാംസുർ സ്വദേശിയാണ് ഇയാൾ. ജയ്‌പൂരിൽ താമസിച്ചിരുന്ന കാലത്ത് ബോക്സിംഗ് പരിശീലനം നേടിയതാണ് ‘ബോക്സർ’ എന്ന വിളിപ്പേര് ലഭിക്കാൻ കാരണം. കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് കടക്കുന്നതിന് മുമ്പ് ബോക്സിംഗ് പരിശീലകനായി ജോലി ചെയ്തിരുന്ന ഇയാൾ മത്സരപരീക്ഷകൾക്കും തയ്യാറെടുത്തിരുന്നു.
എപ്പോഴാണ് ഇയാൾ വിദേശത്തേക്ക് കടന്നതെന്ന് വ്യക്തമല്ല. എന്നാൽ, വലിയൊരു ക്രിമിനൽ ശൃംഖല നിയന്ത്രിച്ചിരുന്നതായും ലോറൻസ് ബിഷ്ണോയി സംഘത്തിന്റെ പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിച്ചിരുന്നതായും പോലീസ് സംശയിക്കുന്നു. ദൽഹി, രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ നിരവധി ക്രിമിനൽ കേസുകളിലും ഇയാളുടെ പേര് ഉയർന്നുവന്നിട്ടുണ്ട്.
കാനഡയിൽ ഹാസ്യനടൻ കപിൽ ശർമ്മയുടെ കഫേയ്‌ക്ക് നേരെയുണ്ടായ വെടിവെപ്പ് സംഭവത്തിലും ബോക്സറുടെ പേര് പരാമർശിക്കപ്പെട്ടിരുന്നു. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (സിബിഐ) സഹായത്തോടെ ഇയാളെ ഇന്ത്യയിലെത്തിക്കുന്നതിനുള്ള കൈമാറ്റ നടപടികൾ (എക്സ്ട്രാഡിഷൻ) ഇന്ത്യൻ ഏജൻസികൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ വർഷം ജനുവരിയിൽ അഭയം തേടി (അസൈലം) അപേക്ഷ നൽകിയതിനെത്തുടർന്ന് ബോക്സറെ അമേരിക്കൻ അധികൃതർ തടങ്കലിൽ വെച്ചിരുന്നു. എന്നാൽ, പിന്നീട് ഇമിഗ്രേഷൻ അധികൃതർ ഇയാളെ വിട്ടയച്ചതായും റിപ്പോർട്ടുകളുണ്ട്.