ജെറുസലേം: ഇസ്രായേലിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഭരണത്തിലെ വീഴ്ചകളും ആരോപണങ്ങളും മറികടക്കാൻ പഴയ രാഷ്ട്രീയ തന്ത്രങ്ങൾ തന്നെ വീണ്ടും പുറത്തെടുത്ത് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
കുറ്റപ്പെടുത്തൽ, ആരോപണങ്ങൾ വഴിതിരിച്ചുവിടൽ, സ്വയം ഇരയായി ചിത്രീകരിക്കൽ തുടങ്ങിയ പഴയ തന്ത്രങ്ങളിലൂടെ അധികാരം നിലനിർത്താനാണ് അദ്ദേഹം ശ്രമിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.
ഇസ്രായേലിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്നെന്ന റെക്കോർഡ് നെതന്യാഹുവിനാണെങ്കിലും, രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആഭ്യന്തര സുരക്ഷാ വീഴ്ചയ്ക്കും ഗാസയിലെ വംശഹത്യയ്ക്കും നേതൃത്വം നൽകിയത് അദ്ദേഹത്തിന്റെ ഭരണത്തിന് കീഴിലാണ്.
എന്നിട്ടും, വരാനിരിക്കുന്ന 13-ാം പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുമ്പോൾ തനിക്കെതിരെയുള്ള വിമർശനങ്ങളെ പ്രതിരോധിക്കാൻ ‘സ്വയം ഇരവാദമാണ്’ നെതന്യാഹു പ്രധാന ആയുധമാക്കുന്നത്.
വാഗ്വാദങ്ങളും മുൻകൂർ മുന്നറിയിപ്പ് വിവാദവും
കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രായേലി ദിനപത്രമായ ഹാരെറ്റ്‌സ് (Haaretz) പുറത്തുവിട്ട റിപ്പോർട്ട് നെതന്യാഹുവിന് വലിയ രാഷ്ട്രീയ തിരിച്ചടിയാണ് സൃഷ്ടിച്ചിരിക്കുന്നത്. 2023 ഒക്ടോബർ 7-ലെ ഹമാസ് ആക്രമണത്തിന് തൊട്ടുമുമ്പ് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE) പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നെതന്യാഹുവിന് നേരിട്ട് മുൻകൂർ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
എന്നാൽ, നിർണായകമായ ഈ വിവരത്തിന്മേൽ നടപടിയെടുക്കാനോ രാജ്യത്തെ സുരക്ഷാ വിഭാഗങ്ങളെ വിവരമറിയിക്കാനോ അദ്ദേഹം തയ്യാറായില്ലെന്നും ആരോപണമുണ്ട്. അതേസമയം, ഈ റിപ്പോർട്ടുകളെ തള്ളിക്കളഞ്ഞ നെതന്യാഹുവിന്റെ ഓഫീസ്, രാജ്യത്ത് വീണ്ടും തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ നടക്കുന്ന “വിദേശ ഇടപെടൽ” ആണിതെന്ന് അവകാശപ്പെടുകയും നിയമനടപടികളിലേക്ക് കടക്കുകയും ചെയ്തു.
രാഷ്ട്രീയ പ്രചാരണവും ‘ഇരവാദം’ തന്ത്രവും
തിഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി സ്വയം ഒരു “പീഡിതനായി” ഉപമിക്കുന്ന തരത്തിലുള്ള രാഷ്ട്രീയ പരസ്യങ്ങൾ പോലും ലിക്വുഡ് പാർട്ടി പുറത്തിറക്കി. സഹപാഠികളാൽ ഒറ്റപ്പെടുത്തപ്പെടുകയും വേട്ടയാടപ്പെടുകയും ചെയ്യുന്ന കുട്ടിയായി പ്രധാനമന്ത്രിയെ ചിത്രീകരിക്കുന്നതാണ് ഈ വീഡിയോ. “നെതന്യാഹു ഒഴികെ മറ്റാരും വേണ്ട” എന്ന പ്രതിപക്ഷ മുദ്രാവാക്യങ്ങൾക്കെതിരെ ജനവികാരം ഇളക്കിവിടുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
തന്റെ പരാജയങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിന് പകരം രാജ്യത്തെ ‘ഡീപ് സ്റ്റേറ്റ്’ വ്യവസ്ഥിതിയും പ്രതിപക്ഷവുമാണ് ഇതിനെല്ലാം കാരണമെന്ന് വരുത്തിതീർക്കാനാണ് നെതന്യാഹു ശ്രമിക്കുന്നതെന്ന് ജോർജ്ജ് മേസൺ സർവകലാശാലയിലെ പ്രൊഫസർ നേതാ ഓറെൻ ചൂണ്ടിക്കാട്ടുന്നു. ഭരണവർഗത്തിനെതിരെ ജനങ്ങളുടെ പ്രതിനിധിയായി സ്വയം ഉയർത്തിക്കാട്ടുന്ന പോപ്പുലിസ്റ്റ് രീതിയാണ് നെതന്യാഹു തുടരുന്നത്.
തീവ്ര വലതുപക്ഷ സഖ്യവും ആരോപണങ്ങളും
ബ്രിട്ടീഷ് ഭരണകാലത്ത് പലസ്തീനികളേയും ബ്രിട്ടീഷ് സൈനികരെയും ആക്രമിച്ച തീവ്ര വലതുപക്ഷ സയണിസ്റ്റ് മിലിഷ്യയായ ‘ഇർഗണിന്റെ’ (Irgun) പാരമ്പര്യം അവകാശപ്പെടാൻ നെതന്യാഹുവും അദ്ദേഹത്തിന്റെ തീവ്ര വലതുപക്ഷ ദേശീയ സുരക്ഷാ മന്ത്രി ഇറ്റമർ ബെൻ-ഗ്വിറും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്.
ഒക്ടോബർ 7 ആക്രമണത്തിന്റെ ആദ്യ മണിക്കൂറുകളിൽ സൈനിക ഉദ്യോഗസ്ഥർ തന്നെ വിവരമറിയിക്കാൻ മനഃപൂർവം തയ്യാറായില്ലെന്ന് നെതന്യാഹു ആരോപിച്ചിരുന്നു. കൂടാതെ, പ്രതിപക്ഷ നേതാവ് യെയർ ഗോളന് ആക്രമണത്തെക്കുറിച്ച് മുൻകൂട്ടി അറിയാമായിരുന്നു എന്ന തരത്തിലുള്ള ആരോപണങ്ങൾ നെതന്യാഹുവിന്റെ ഭാര്യ സാറ നെതന്യാഹുവും ഉന്നയിച്ചിരുന്നു.
ഗാസയിൽ പതിനായിരക്കണക്കിന് പലസ്തീനികളുടെ മരണത്തിന് കാരണമായ ആക്രമണങ്ങൾക്ക് മേൽനോട്ടം വഹിക്കുമ്പോഴും, ആഭ്യന്തര രാഷ്ട്രീയത്തിൽ സ്വയം ഒരു ‘ഇരയായി’ ചിത്രീകരിച്ച് ജന പിന്തുണ നിലനിർത്താനുള്ള തന്ത്രങ്ങളിലാണ് ബെഞ്ചമിൻ നെതന്യാഹു മുന്നോട്ട് പോകുന്നത്.
The post വംശഹത്യയ്ക്ക് മേൽനോട്ടം, എങ്കിലും ‘ഇരവാദവുമായി’ വോട്ട് പിടിക്കാൻ നെതന്യാഹു; ഇസ്രായേൽ തിരഞ്ഞെടുപ്പ് അടുക്കുന്നു appeared first on .