സീനിയര്‍ വിഭാഗം വടംവലി മത്സരത്തില്‍ കരുത്ത് തെളിയിച്ച് പാലക്കാടും കണ്ണൂരും. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാട് തുടര്‍ച്ചയായ മൂന്നാം തവണയും ജേതാക്കളായപ്പോള്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കണ്ണൂര്‍ ജേതാക്കളായി. കുന്ദമംഗലം എച്ച്എസ്എസ് ഗ്രൗണ്ടില്‍ നടന്ന വാശിയേറിയ ഫൈനല്‍ പോരാട്ടത്തില്‍ എതിരാളികളെ ഒരടി പോലും പിന്നോട്ട് നീങ്ങാന്‍ അനുവദിക്കാതെയാണ് പാലക്കാടും കണ്ണൂരും കിരീടം നേടിയത്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കണ്ണൂര്‍ രണ്ടും കാസര്‍കോട് മൂന്നും സ്ഥാനം നേടി.
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഇടുക്കി രണ്ടാം സ്ഥാനവും തിരുവനന്തപുരം മൂന്നാം സ്ഥാനവും നേടി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാട് ടീമിലെ എ.പി. ആരോമല്‍ മികച്ച താരമായി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കണ്ണൂരിന്റെ ഹെലന്‍ ബിനു ആണ് മികച്ചതാരം. ആണ്‍കുട്ടികളില്‍ കണ്ണൂരിന്റെ പി.എസ്. ആദര്‍ശ് മികച്ച എമര്‍ജിംഗ് പ്ലെയര്‍ ആയപ്പോള്‍ പെണ്‍കുട്ടികളില്‍ ഇടുക്കിയുടെ ഐസ മറിയ ബിനുവും എമര്‍ജിംഗ് പ്ലെയര്‍ ആയി.
ശ്രീകൃഷ്ണപുരം എച്ച്എസ്എസിലെ അഭിഷേക് പി. മാധവ് ആണ് പാലക്കാട് സംഘത്തെ നയിച്ചത്. അതേ സ്‌കൂളിലെ വി.എസ്.സി. സൂര്യന്‍, പി. അഭിനവ്, കെ.എസ്. ആദര്‍ശ്, എ.പി. ആരോമല്‍, എം.ആര്‍. രോഹിത്, വിഎംഎച്ച്എസ് വടവന്നൂരിലെ എസ്. ആകാശ്, മണ്ണാര്‍ക്കാട് എംഇഎസ് എച്ച്എസ്എസിലെ മുഹമ്മദ് ബസ്സാം, വി.പി. മുഹമ്മദ് ഷിയാസ് എന്നിവരായിരുന്നു ടീം അംഗങ്ങള്‍. കടമ്പഴിപ്പുറം ടഗ് ഓഫ് വാര്‍ അക്കാദമിയിലെ അംഗങ്ങളാണ് മുഴുവന്‍ പേരും. ജംഷാദ്, പ്രണവ് എന്നിവരാണ് പരിശീലകര്‍.
കുന്നോത്ത് സെന്റ് ജോസഫ്‌സ് എച്ച്എസിലെ ഹെലന്‍ ബിനുവാണ് പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സ്വര്‍ണം നേടിയ കണ്ണൂര്‍ ടീമിനെ നയിച്ചത്. ഇതേ സ്‌കൂളിലെ അല്‍ന അല്‍ഫോന്‍സ റെജി, എയ്ഞ്ചല്‍ റോസ് ഡൊമിനിക്, ഇവ്‌ലിന്‍ റോസ്, പ്രാപ്പൊയില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അവന്തിക ടി. വിശാലന്‍, മേഘ വിനോദ്, റിഫാന സിദ്ദീഖ്, എടൂര്‍ സെന്റ് മേരീസ് എച്ച്എസ്എസിലെ സി. എയ്ഞ്ചല്‍ വര്‍ഗീസ്, വായാട്ടുപറമ്പ് സെന്റ് ജോസഫ്‌സ് എച്ച്എസ്എസിലെ അമേയ ബിനു എന്നിവരായിരുന്നു ടീം അംഗങ്ങള്‍. കോച്ച് രജിത്ത്കുമാര്‍.