• Sun. Sep 22nd, 2024

24×7 Live News

Apdin News

വനവാസി കല്യാണാശ്രമം ദേശീയ സമ്മേളനത്തിന് തുടക്കം; പ്രവര്‍ത്തനം സഹായമല്ല, സാധനയാണ്: രമേശ് ഭായ് ഓഝ

Byadmin

Sep 22, 2024


പാനിപ്പത്ത്(ഹരിയാന): സഹായമല്ല സാധനയാണ് വനവാസി കല്യാണാശ്രമത്തിന്റെ പ്രവര്‍ത്തനമെന്ന് വിശ്രുത ഭാഗവതാചാര്യന്‍ രമേശ് ഭായ് ഓഝ.

ഒറ്റപ്പെട്ടുപോയവരെ ഒരുമയിലേക്ക് നയിക്കുകയും സ്വധര്‍മത്തിലൂന്നി സ്വയംപര്യാപ്തരാകാന്‍ തുണ നില്ക്കുകയും ചെയ്യുക എന്നത് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഓരോ വ്യക്തിയുടെയും കടമയാണ്. ആര്‍ക്കെങ്കിലും എന്തെങ്കിലും സഹായം ചെയ്യുന്നു എന്ന മനോഭാവമല്ല, സാധനയുടെ അനുഭൂതിയാണ് അതിലൂടെ ലഭിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. സമാല്‍ഖയില്‍ അഖില ഭാരതീയ വനവാസി കല്യാണാശ്രമം ദേശീയ കാര്യകര്‍ത്തൃ സമ്മേളനം, സമവേത് 2024 ഉദ്ഘാടനം ചെയ്യുകയായിരുന്നു രമേശ്ഭായ് ഓഝ.

ഒത്തൊരുമിച്ച് കഴിയാനാണ് ഈശ്വരന്‍ മനുഷ്യന് പ്രാണന്‍ പകര്‍ന്നത്. വളര്‍ച്ചയിലെ ആ പങ്കാളിത്തം ജീവിതത്തിലുടനീളം പുലര്‍ത്താനാവണം, അദ്ദേഹം പറഞ്ഞു. ഭാഗവതം മൂന്ന് സന്ദേശങ്ങള്‍ മുന്നോട്ടുവയ്‌ക്കുന്നു. മനുഷ്യന്‍ മനുഷ്യനോട് എങ്ങനെ പെരുമാറണം, മുഴുവന്‍ സൃഷ്ടികളോടും ജീവജാലങ്ങളോടും എങ്ങനെ പെരുമാറണം, പ്രകൃതിയോട് എങ്ങനെ പെരുമാറണം എന്നിവയാണവ. ഈ മൂന്ന് പെരുമാറ്റങ്ങളും മനുഷ്യന്റെ ത്യാഗഭാവനയെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കും. ഇത് സമൂഹത്തിന്റെയും അതുവഴി രാഷ്‌ട്രത്തിന്റെയും ക്ഷേമത്തിലേക്ക് വഴി തെളിക്കും.

രാഷ്‌ട്രത്തിന്റെ അഖണ്ഡതയും ഐക്യവും കാത്തുസൂക്ഷിക്കുന്നതിനായി ആചാര്യന്മാര്‍ വനമേഖലകളിലെത്തണമെന്ന് രമേശ്ഭായ് ഓഝ പറഞ്ഞു. കഥകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും രാഷ്‌ട്രധര്‍മ്മത്തെ വനവാസി ജീവിതത്തിലുറപ്പിച്ചുനിര്‍ത്താന്‍ അത് അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ വനവാസി കല്യാണാശ്രമം 75 വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് തുടര്‍ന്ന് സംസാരിച്ച ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് രാംദത്ത് ചക്രധര്‍ പറഞ്ഞു. എല്ലാ ഗോത്രവിഭാഗങ്ങളിലും പ്രവര്‍ത്തനം എത്തുക എന്നത് സംഘടനയുടെ ലക്ഷ്യമായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ദേശീയ ആദിവാസി കമ്മിഷന്‍ ചെയര്‍മാന്‍ അന്തര്‍ സിങ് ആര്യ, കല്യാണശ്രമം അധ്യക്ഷന്‍ സത്യേന്ദ്ര സിങ്, ഉപാധ്യക്ഷന്മാരായ ഹിരാകുമാര്‍ നാഗു, ടെക്കി ഗോവിന്ദ്, ജനറല്‍ സെക്രട്ടറി യോഗേഷ് ബാപട്, സംഘടനാസെക്രട്ടറി അതുല്‍ ജോഗ്, മധ്യപ്രദേശ് ജനജാതി അഡൈ്വസറി കൗണ്‍സില്‍ അംഗം ഊര്‍മിള ഭാരതി, കല്യാണാശ്രമം ഹരിയാന സംസ്ഥാന പ്രസിഡന്റ് രാം ബാബു എന്നിവര്‍ പങ്കെടുത്തു.

സമ്മേളനത്തില്‍ വനവാസി കല്യാണാശ്രമത്തിന്റെ പ്രവര്‍ത്തനങ്ങളും പരിപാടികളും ഉള്‍പ്പെടെ വിവിധ വിഷയങ്ങള്‍ 12 സെഷനുകളിലായി ചര്‍ച്ച ചെയ്യും. ഇന്ന് സമാപന സമ്മേളനത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കും.



By admin