വനിതാ ചെസ് ലോകകപ്പില്‍ ചരിത്രമെഴുതി ഇന്ത്യന്‍ താരം ദിവ്യ ദേശ്മുഖ്. പരിചയസമ്പത്തിന്റെ കരുത്തില്‍ പൊരുതിയ കൊനേരു ഹംപിയെ പരാജയപ്പെടുത്തിയാണ് 19-കാരിയായ ദിവ്യ ദേശ്മുഖ് വനിതാ ചെസ് ലോകകിരീടം ചൂടിയത്. ആവേശകരമായ കലാശപോരാട്ടത്തില്‍ ടൈബ്രേക്കറിലാണ് ദിവ്യയുടെ വിജയം.
ശനിയാഴ്ചയും ഞായറാഴ്ചയും നടന്ന മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചതിനുശേഷമാണ് വിജയിയെ കണ്ടെത്താന്‍ ടൈബ്രേക്കറിലേക്ക് കടന്നത്. തിങ്കളാഴ്ച നടന്ന സമയ നിയന്ത്രിത ടൈബ്രേക്കറില്‍ ആദ്യഘട്ടത്തില്‍ വീണ്ടും സമനിലയില്‍ പിരിഞ്ഞു. എന്നാല്‍ റിവേഴ്‌സ് ഗെയിമില്‍ ഹംപിയെ മറികടക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.
ദിവ്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമാണിത്. അഭിമാനകരമായ കിരീടനേട്ടത്തിനുമപ്പുറം ഈ വിജയത്തോടെ ദിവ്യ ദേശ്മുഖ് ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയും സ്വന്തമാക്കി. ഇന്ത്യയുടെ 88-ാം ഗ്രാന്‍ഡ്മാസ്റ്ററാണ് നാഗ്പൂരില്‍ നിന്നുള്ള ദിവ്യ. ഇന്ത്യയില്‍ നിന്ന് ഗ്രാന്‍ഡ്മാസ്റ്ററാകുന്ന നാലാമത്തെ വനിതയും. വനിതാ ഗ്രാന്‍ഡ് മാസ്റ്റര്‍, ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ എന്നീ പദവികളും ദിവ്യ സ്വന്തമാക്കിയിട്ടുണ്ട്.