മലപ്പുറം: ഫണ്ട് മുക്കൽ ആരോപണം ഉന്നയിച്ച കുറിപ്പിനു പിന്നാലെ മുസ്ലിം ലീഗിനെതിരെ കെടി ജലീൽ എംഎൽഎ വീണ്ടും രംഗത്ത്. വയനാട് ദുരിത ബാധിതർക്കായി 100 വീടുകൾ നിർമിക്കാനുള്ള സ്ഥലമേറ്റടുത്തതുമായി ബന്ധപ്പെട്ട് ഭൂമി വാങ്ങിയതിലെ ക്രമക്കേട് വ്യക്തമാക്കുന്നതാണ് ഇന്നത്തെ പോസ്റ്റ്. ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ടുള്ള വിശദ വിവരങ്ങളാണ് കുറിപ്പിലുള്ളത്.
മാർക്കറ്റ് വിലയുടെ അഞ്ചിരട്ടി നൽകിയാണ് ലീഗ് സ്ഥലം വാങ്ങിയതെന്നു ഫെയ്സ്ബുക്കിലിട്ട കുറിപ്പിൽ നേരത്തെ അദ്ദേഹം ആരോപിച്ചിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്നു ലീഗ് 40 കോടിയിലധികം രൂപ സമാഹരിച്ചതായും നേരത്തെ വ്യക്തമാക്കിയിരുന്നു.
വയനാട് ദുരന്തത്തിൽ ഇരയായവർക്കു വേണ്ടി പൊതു ജനങ്ങളിൽ നിന്ന് ഓൺലൈനായി മുസ്ലിംലീഗ് സ്വരൂപിച്ചത് 40 കോടിയിലധികം രൂപയാണ്. സർക്കാരിൽ വിശ്വാസമില്ലെന്ന ന്യായം പറഞ്ഞാണ് സ്വന്തമായി ലീഗ് പിരിവിനിറങ്ങിയത്. വീടു നിർമാണത്തിൻ്റെ ആദ്യപടിയായി നടന്ന സ്ഥലം വാങ്ങലിൽ ലീഗിലെയും യൂത്ത് ലീഗിലെയും ആഢംബര ജീവികളായ ചില പറമ്പു കച്ചവടക്കാരായ സംസ്ഥാന ഭാരവാഹികളും എംഎൽഎമാരും ലീഗ് സംസ്ഥാന അധ്യക്ഷനെ തെറ്റിദ്ധരിപ്പിച്ച് മാർക്കറ്റ് വിലയെക്കാൾ വലിയ തുകക്ക് സ്ഥലം വാങ്ങിപ്പിച്ചതായി ഉയർന്ന ആക്ഷേപം ഗൗരവമേറിയതാണെന്നു ഇന്നലെയിട്ട പോസ്റ്റിൽ ജലീൽ ആരോപിച്ചിരുന്നു