ആരൊക്കെ മുടക്കാൻ നോക്കിയാലും മുസ്‌ലിംലീഗ് വാക്ക് പാലിക്കുമെന്നും വയനാട് പുനരധിവാസ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും പദ്ധതിക്ക് വേണ്ടി സംസ്ഥാന കമ്മിറ്റി രൂപീകരിച്ച ഉപസമിതിയുടെ കൺവീനർ പി.കെ ബഷീർ എം.എൽ.എ പറഞ്ഞു. മാധ്യമ വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിംലീഗിന്റെ മുണ്ടക്കൈ, ചൂരൽമല പുനരധിവാസ പദ്ധതിക്ക് വേണ്ടി വാങ്ങിയ സ്ഥലം നിയമക്കുരുക്കിലാണെന്ന രീതിയിൽ ചില മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണ്. വയനാട്ടിലെ എല്ലാ സാഹചര്യങ്ങളും സൂക്ഷ്മമായി വിലയിരുത്തി നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമാണ് ഭൂമിയുടെ രെജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിച്ചത്. പുനരധിവാസ പദ്ധതിയുമായി പാർട്ടി മുന്നോട്ട് പോവുകയാണ്.- അദ്ദേഹം പറഞ്ഞു.
വിവരാവകാശ പ്രകാരമുള്ള പരാതികൾ ജനാധിപത്യത്തിന്റെ ഭാഗമാണ്. പരാതി വരുമ്പോൾ ഭൂമിയുടെ ഉടമകൾക്ക് റവന്യൂ ഉദ്യോഗസ്ഥർ കാര്യങ്ങൾ അന്വേഷിച്ച് നോട്ടീസ് നൽകും. ഉദ്യോഗസ്ഥർക്ക് വ്യക്തമായ രേഖകളോടെ എല്ലാ ചോദ്യത്തിനും മറുപടി കൊടുക്കും. ഈ സ്വാഭാവിക നടപടികൾ നിയമക്കുരുക്കാണ് എന്ന് വ്യാഖ്യാനിക്കുന്നത് ശരിയല്ല. പദ്ധതി തടസ്സപ്പെടുത്താനും വൈകിപ്പിക്കാനും പല കോണുകളിൽ നിന്നും ശ്രമം നടക്കുന്നുണ്ട്. പാവപ്പെട്ടവർക്ക് നൽകാനുള്ള വീടുകളുടെ പണിയാണ് മുടക്കുന്നതെന്ന് അവർ ഓർക്കുന്നത് നല്ലതാണ്. മുസ്ലിംലീഗിന് ഇക്കാര്യത്തിൽ യാതൊരു ആശങ്കയുമില്ല. ദുരിതബാധിതർക്ക് നൽകിയ വാക്ക് പാലിക്കും. വാങ്ങിയ സ്ഥലത്ത് തന്നെ വീടുകൾ ഉയരും. കൃത്യ സമയത്ത് പദ്ധതി പൂർത്തീകരിക്കും.- പി.കെ ബഷീർ വ്യക്തമാക്കി.