തിരുവനന്തപുരം: വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനു ദയനീയപതനവും എല്‍.ഡി.എഫിനു തുടര്‍ഭരണവും പ്രവചിച്ച് തിരുവനന്തപുരം ഡി.സി.സി. അധ്യക്ഷന്‍ പാലോട് രവി! കോണ്‍ഗ്രസ് വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ. ജലീലുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്‌ദരേഖ ചോര്‍ന്ന് വിവാദമായതോടെ രവി ഡി.സി.സി. അധ്യക്ഷപദവി രാജിവച്ചു. ജലീലിനെ കോണ്‍ഗ്രസില്‍നിന്നു പുറത്താക്കി.
കെ.പി.സി.സി. അധ്യക്ഷന്‍ സണ്ണി ജോസഫ് ആവശ്യപ്പെട്ടതുപ്രകാരമാണ് രവിയുടെ രാജി. ഫോണ്‍ സംഭാഷണം വിവാദമായതോടെ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ സണ്ണി ജോസഫിനെ ഫോണില്‍ ബന്ധപ്പെട്ട് കര്‍ശന നടപടി ആവശ്യപ്പെട്ടിരുന്നു. രവിയുടെ യാതൊരു ന്യായീകരണവും സ്വീകരിക്കരുതെന്നായിരുന്നു സതീശന്റെ നിലപാട്.
സംഭാഷണത്തിന്റെ ശബ്‌ദരേഖ പുറത്തുവന്നതോടെ വിശദീകരണവുമായി രവി രംഗത്തെത്തിയെങ്കിലും നേതൃത്വം അവഗണിച്ചു. ഒരു പഞ്ചായത്തിലെ പ്രാദേശികതര്‍ക്കം തീര്‍ക്കാന്‍ പ്രവര്‍ത്തകനെ ഉപദേശിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ കാര്യങ്ങള്‍ വിശദീകരിച്ചതെന്നു രവി പറഞ്ഞു. തര്‍ക്കം പരിഹരിച്ച് മുന്നോട്ടുപോയില്ലെങ്കില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പരാജയപ്പെടും. പഞ്ചായത്ത് തെരഞ്ഞെടുപ്പ് തോറ്റാല്‍ നിയമസഭയിലും തോല്‍ക്കുമെന്നുമാണ് താന്‍ ഉദ്ദേശിച്ചതെന്നും രവി മാധ്യമങ്ങളോട് പറഞ്ഞു. രവിയുടെ രാജി സ്വീകരിച്ചതായി കെ.പി.സി.സി. അധ്യക്ഷന്‍ സണ്ണി ജോസഫ് അറിയിച്ചു. സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാണ് വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ. ജലീലിനെ പുറത്താക്കിയതെന്നും അദ്ദേഹം വ്യക്‌തമാക്കി.
‘കോണ്‍ഗ്രസ് ഉച്ചികുത്തും’, പറഞ്ഞ് കുടുങ്ങി പാലോട്
പാലോട് രവിയുടെ വിവാദ ഫോണ്‍ സംഭാഷണം ഇങ്ങനെ: ”പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമതാകും. നിയമസഭയില്‍ ഉച്ചികുത്തി താഴെവീഴും. 60 നിയമസഭാമണ്ഡലങ്ങളില്‍ ബി.ജെ.പി. എന്താണു ചെയ്യാന്‍ പോകുന്നതെന്ന് നീ നോക്കിക്കോ.
കാശ് കൊടുത്ത് 40,000-50,000 വോട്ട് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേതുപോലെ പിടിക്കും. കോണ്‍ഗ്രസ് മൂന്നാംസ്‌ഥാനത്തേക്കു വീഴും. മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടി ഭരണം തുടരും. ഇതാണ് കേരളത്തില്‍ സംഭവിക്കാന്‍ പോകുന്നത്. അതോടെ ഈ പാര്‍ട്ടിയുടെ അധോഗതിയായിരിക്കും.
മുസ്ലിം വിഭാഗം കോണ്‍ഗ്രസിനെ കൈവിട്ട് സി.പി.എമ്മിലേക്കും
മറ്റ് പാര്‍ട്ടികളിലേക്കും പോകും. കോണ്‍ഗ്രസിലുണ്ടെന്ന് പറയുന്നവര്‍ ബി.ജെ.പിയിലേക്കും മറ്റ് പാര്‍ട്ടികളിലേക്കും പോകും.
പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പോടെ ഇതൊരു എടുക്കാച്ചരക്കായി മാറും. നാട്ടിലിറങ്ങി ജനങ്ങളോട് സംസാരിക്കാന്‍ 10% സ്‌ഥലത്തേ നമുക്ക് ആളുള്ളൂ. ഒറ്റൊരാള്‍ക്കും ആത്മാര്‍ഥമായി പരസ്‌പരബന്ധമോ സ്‌നേഹമോ ഇല്ല. എങ്ങനെ കാലുവാരാമോ അത് ചെയ്യും”.