പാലക്കാട് : വാണിയംകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെ കഴിഞ്ഞ നാല് ദിവസമായി കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ ഷൊര്‍ണൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വാണിയംകുളം വെള്ളാരംപാറ കൃഷ്ണകൃപ വീട്ടില്‍ ബാബു ഭാസ്‌കര്‍, ഭാര്യ രമാദേവി, മകന്‍ വിഷ്ണു എന്നിവര്‍ക്കായാണ് അന്വേഷണം.
വെള്ളാരംപാറയിലെ വീട്ടില്‍ താമസിച്ചിരുന്ന ഇവരെ കഴിഞ്ഞ നാലുദിവസമായി ഫോണില്‍ വിളിച്ച് കിട്ടാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അയല്‍വാസികളെ ബന്ധപ്പെടുകയായിരുന്നു. അയല്‍വാസികള്‍ പരിശോധിച്ചപ്പോഴാണ് വീട് പൂട്ടിയിട്ടതായി കാണുന്നത്. ഇവര്‍ പൊലീസില്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് ഷൊര്‍ണൂര്‍ പൊലീസ് സ്ഥലത്തെത്തി വീട് തുറന്നു പരിശോധിച്ചു. അസ്വഭാവികമായെന്നും കണ്ടെത്താനായില്ല. ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
ബാബു ഭാസ്‌കറിന്റെ രണ്ട് പിക്കപ്പ് വാഹനങ്ങളില്‍ ഒന്ന് വീടിനു മുന്നില്‍ ഇല്ലായിരുന്നു. റോഡിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചപ്പോള്‍ കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ച പിക്കപ്പ് വാഹനം പോകുന്ന ദൃശ്യങ്ങള്‍ കണ്ടെത്തി. പൊലീസ് മറ്റ് സിസിടിവി ക്യാമറകള്‍ കൂടി പരിശോധിക്കുകയാണ്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോള്‍ അവസാന ടവര്‍ ലൊക്കേഷന്‍ ഇവരുടെ വീട് സ്ഥിതി ചെയ്യുന്ന പനയൂര്‍ ആണെന്നാണ് പൊലീസ് കണ്ടെത്തിയത്. ഇവര്‍ ആത്മീയ കേന്ദ്രങ്ങളിലേക്കോ മറ്റോ പോയതാകാനുള്ള സാധ്യതയാണ് ഉളളത്.