കോട്ടയം: ഓപ്പറേഷന്‍ മുടങ്ങുന്ന സാഹചര്യം മുന്‍നിര്‍ത്തിയാണ് വാര്‍ഡ് നിലനിര്‍ത്തിയതെന്നും 12 വര്‍ഷമായി ദുര്‍ബലമായ കെട്ടിടത്തില്‍ സുരക്ഷാവീഴ്ച വന്നിട്ടുണ്ടെന്നും സമ്മതിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗ്ഗീസ്. രണ്ടുമാസത്തേക്ക് ഓപ്പറേഷന്‍ മുടങ്ങുന്ന സാഹചര്യം മുന്‍ നിര്‍ത്തിയാണ് രോഗികളെ പുതിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ വൈകിയതെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. അവസാന രണ്ടാം മാസത്തില്‍ ഓപ്പറേഷന്‍ തീയേറ്ററിന്റെ പ്രശ്‌നം വന്നിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഇടിഞ്ഞുവീണ ബ്‌ളോക്കില്‍ 10 ലധികം ഓപ്പറേഷന്‍ തീയേറ്ററുകള്‍ പ്രവര്‍ത്തിച്ചിരുന്നതായും 14 ഓപ്പറേഷന്‍ തീയേറ്ററുകള്‍ വരുന്ന പുതിയ കെട്ടിടത്തില്‍ ഫിനിഷിംഗ് ജോലികള്‍ താമസിക്കുന്നതിനാലാണ് ദുര്‍ബ്ബലമായ കെട്ടിടം പൊളിക്കുന്നതില്‍ താമസം വന്നതെന്നും രോഗികളുടെ ഷിഫ്റ്റിംഗ് വൈകിയതെന്നും പറഞ്ഞു. 2013 മുതല്‍ കെട്ടിടത്തിന്റെ ദുര്‍ബ്ബലതയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ മുന്നിലുണ്ട്. എന്നാല്‍ പഴയ കെട്ടിടത്തില്‍ 10 ഓപ്പറേഷന്‍ തീയേറ്ററുകളുണ്ട്. അതുകൊണ്ടാണ് ആ കെട്ടിടം പൊളിക്കാതിരുന്നത്. സര്‍ജിക്കല്‍ ബ്‌ളോക്ക് പൊളിക്കുന്നത് അത്ര എളുപ്പം എടുക്കാവുന്ന തീരുമാനമല്ല. ഡിസംബര്‍ മാസത്തിലാണ് അതിന്റെ പഠനങ്ങള്‍ പൂര്‍ത്തിയാക്കി കെട്ടിടം പൊളിക്കാന്‍ തീരുമാനം എടുത്തതെന്നും എന്നാല്‍ പുതിയ കെട്ടിടത്തില്‍ ഓപ്പറേഷന്‍ തീയേറ്ററിന് വേണ്ടുന്നതായ സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ടായിരുന്നു.
12 വര്‍ഷം ദീര്‍ഘകാലയളവാണെങ്കിലും ആധുനിക ഉപകരണം അടക്കമുള്ള ഓപ്പറേഷന്‍ തീയേറ്ററില്‍ വേണ്ട സൗകര്യങ്ങളും മറ്റും ഒരുക്കേണ്ടതുണ്ട്. 2018 ലാണ് പുതിയ ബില്‍ഡിംഗിനുള്ള അനുവാദം കിട്ടിയത്. പിന്നാലെ കോവിഡ് വന്നതോടെ കെട്ടിട നിര്‍മ്മാണം വൈകി. 2021 ലാണ് പണി തുടങ്ങിയത്. അത് ദ്രുതഗതിയില്‍ പുരോഗമിച്ചെങ്കിലും പുതിയ കെട്ടിടത്തില്‍ ഓപ്പറേഷന്‍ തീയേറ്ററുകള്‍ പൂര്‍ണ്ണ സജ്ജമായിരുന്നില്ല. എന്നിരുന്നാലും കഴിഞ്ഞദിവസം 300 ലധികം രോഗികളെയാണ് ഇവിടേയ്ക്ക് മാറ്റിയത്. തകര്‍ന്ന പത്താം വാര്‍ഡിന്റെ ടോയ്‌ലറ്റ് കോംപ്ലക്‌സിലേക്കുള്ള പ്രവേശനം പൂര്‍ണ്ണമായും നിരോധിച്ചിരുന്നതാണ്. 11,14 വാര്‍ഡുകളിലെ ബാത്ത്‌റൂം കോംപ്ലക്‌സ് പൂട്ടിയിട്ടിരിക്കുകയായിരുന്നു.
2024 ഡിസംബറിലാണ് കെട്ടിടം പൊളിക്കണമെന്ന അന്തിമ റിപ്പോര്‍ട്ട് കിട്ടിയത്. എന്നാല്‍ പുതിയ കെട്ടിടത്തില്‍ മോഡുലാര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അത്യാധുനിക ഉപകരണങ്ങളോട് കൂടിയ ഓപ്പറേഷന്‍ തീയേറ്ററുകള്‍ നിലനില്‍ക്കുന്നതിനാല്‍ 12 വര്‍ഷത്തിനിടയില്‍ ഈ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ക്ക് വലിയ പഠനവും മറ്റും നടത്തേണ്ട സാഹചര്യം ഉണ്ടായിരുന്നു. ഇതിന് പുറമേ പുതിയ കെട്ടിടം ഉറപ്പായ സാഹചര്യത്തില്‍ പൊളിക്കാനിരുന്ന കെട്ടിടമായതിനാലും വലിയ നിര്‍മ്മാണമോ അറ്റകുറ്റപ്പണികളോ നടത്തിയിരുന്നുമില്ല. എന്നാല്‍ ഇവിടുത്തെ ടോയ്‌ലറ്റ് പൂര്‍ണ്ണമായും അടച്ചിട്ടിരുന്നു എന്ന കാര്യം ആര്‍എംഒ സഹിതം ഉറപ്പാക്കിയതാണ്. എന്നാല്‍ അവിടേയ്ക്കുള്ള ആക്‌സിസ് പൂര്‍ണ്ണമായും നിരോധിച്ചിട്ടില്ല. കോട്ടയം മെഡിക്കല്‍ കോളേജിന് ഇക്കാര്യത്തില്‍ വീഴചയുണ്ടായിട്ടുണ്ടെങ്കില്‍ അക്കാര്യം അന്വേഷിക്കണമെന്നും പറഞ്ഞു.