ദുബൈ: വാഹനമെടുക്കുന്നതിനുമുമ്പ് വാഹനങ്ങള്‍ ഗതാഗതയോഗ്യമാണെന്ന് ഉറപ്പുവരുത്തുകയും ടയറുകള്‍ പതിവായി പരിശോധിക്കണമെന്നും ദുബൈ പോലീസ് റോഡ് ഉപയോക്താക്കളോട് അഭ്യര്‍ത്ഥിച്ചു.
താപനില ഏറ്റവും ഉയരുകയും നിരവധി പേര്‍ ദീര്‍ഘദൂരം സഞ്ചരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വാഹന സുരക്ഷയും ഗതാഗതയോഗ്യതയും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡ്രൈവര്‍മാര്‍ക്കിടയില്‍ അവബോധം വര്‍ദ്ധിപ്പിക്കുകയും ഗതാഗത സംസ്‌കാരം ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതിന്റെ ആവശ്യകത പൊലീസ് ഊന്നിപ്പറഞ്ഞു.
വാഹനങ്ങളില്‍ എല്ലാ സുരക്ഷാ നടപടികളും ഉണ്ടെന്ന് ഡ്രൈവര്‍മാര്‍ ഉറപ്പുവരുത്തുകയും, പതിവായി പരിശോധനകള്‍ നടത്തുകയും, വാഹനമോടിക്കുമ്പോള്‍ ഗതാഗത നിയമങ്ങളും ചട്ടങ്ങളും പാലിക്കുകയും ചെയ്യണമെന്ന് ദുബൈ പോലീസ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാഫിക് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജുമാ സാലം ബിന്‍ സുവൈദാന്‍ അഭ്യര്‍ത്ഥിച്ചു.
റോഡ് ഉപയോക്താക്കളുടെ ജീവന്‍ സംരക്ഷിക്കുന്നതിനായി കാലഹരണപ്പെട്ട ടയറുകളുള്ള വാഹനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷം ആദ്യ അഞ്ച് മാസങ്ങളില്‍ ദുബൈ പോലീസ് 3,589 വാഹന പാര്‍ട്സ് സുരക്ഷാ ലംഘനങ്ങള്‍ രേഖപ്പെടുത്തിയതായി ജുമാ ബിന്‍ സുവൈദാന്‍ പറഞ്ഞു. സുരക്ഷാ ആവശ്യകതകള്‍ പാലിക്കാതെ വാഹനം ഓടിച്ചതിന് 1,737 ലംഘനങ്ങളും, റോഡിന് അനുയോജ്യമല്ലാത്ത വാഹനം ഓടിച്ചതിന് 1,026 ലംഘനങ്ങളും, കാലാവധി കഴിഞ്ഞ ടയറുകള്‍ ഉപയോഗിച്ച് വാഹനമോടിച്ചതിന് 826 ലംഘനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നതായി അദ്ദേഹം പറഞ്ഞു.