കാഞ്ഞങ്ങാട്: വളരുന്ന ഭാരതത്തിനും കുതിച്ച് ഉയരുന്ന വികസിത ഭാരതത്തിനും സംസ്‌കൃത ഭാഷ അനിവാര്യമാണയെന്നും 50ലക്ഷം പാദങ്ങളുള്ള സംസ്‌കൃതഭാഷ പഠിക്കാന്‍ പുതുതലമുറ മുന്നിട്ടിറങ്ങണമെന്നും സി.സദാനന്ദ മാസ്റ്റര്‍ എംപി. വിശ്വസംസ്‌കൃത പ്രതിഷ്ഠാനം 46-ാം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട് ചിന്മയ വിദ്യാലയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആറാംക്ലാസില്‍ പഠിക്കുമ്പോള്‍ മലയാളം അധ്യാപകന്‍ അപ്പു മാസ്റ്റര്‍ പഠിപ്പിച്ച സംസ്‌കൃത ശ്ലോകങ്ങള്‍ അദ്ദേഹം വേദിയില്‍ പങ്കുവെച്ചു.
ആര്‍എസ്എസിന്റെ 13 വരിയുള്ള സംസ്‌കൃത പ്രാര്‍ത്ഥനയാണ് ജീവിതത്തില്‍ ദിശാബോധം നല്‍കിയത്. നാടിനെയും ഭാരതത്തെയെയും കുറിച്ച് പഠിക്കാനും സംഘത്തിന്റെ പ്രാര്‍ത്ഥനയുടെ വരികളാണ് ഊര്‍ജ്ജം പകര്‍ന്നത്. മാതാവിനെയും നാരി ശക്തി വന്ദിക്കാനും പഠിപ്പിച്ചതും സംഘ പ്രാര്‍ത്ഥന തന്നെയാണയെന്നും അദ്ദേഹം പറഞ്ഞു. പ്രശസ്ത ശില്‍പ്പി കാനായി കുഞ്ഞിരാമന്‍ മുഖാതിഥിയായി. വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന പ്രസിഡന്റ് ഡോ. പി. കെ. ശങ്കരനാരായണന്‍ അധ്യക്ഷനായി.
കാസര്‍കോട് അമൃതാനന്ദമായി മഠം ബ്രഹ്‌മചാരി വേദവേദ്യാമൃതചൈതന്യ അനുഗ്രഹഭാഷണം നടത്തി. സംസ്‌കൃത ഭാരതി ദേശീയ സെക്രട്ടറി ഡോ.പി.നന്ദകുമാര്‍ മുഖ്യാഭാഷണം നടത്തി. പണ്ഡിതരത്‌ന പുരസ്‌കാരം പ്രൊഫ.വി.രാമകൃഷ്ണ ഭട്ടിനും ശര്‍മ്മാജി പുരസ്‌കാരം സി.സുരേഷ് കുമാറിനും പുരസ്‌കാരമായ 10,000 രൂപയും പ്രശസ്തി പത്രവും ഫലകവും സദാനന്ദന്‍ മാസ്റ്റര്‍ സമ്മാനിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ കെ. ദാമോദരന്‍ ആര്‍ക്കിടെക്ട് ജില്ലാ പ്രസിഡന്റ് ഡോ. കെ.സി.കെ.രാജ എന്നിവര്‍ സംസാരിച്ചു.
ചടങ്ങില്‍ രണജിത്ത് നാദപുരം എഴുതിയ അക്ഷരശ്ലോക ലഹരി, വിഭക്തിബോധിനി എന്നി പുസ്തകങ്ങളുടെ പ്രകാശനം കാനായി കുഞ്ഞിരാമനും സദാനന്ദന്‍ മാസ്റ്ററും ചേര്‍ന്ന് നിര്‍വ്വഹിച്ചു.കുമാരി രുക്മിണി, കെ.അരുണ്‍കുമാര്‍ എന്നിവര്‍ പുസ്തക പരിചയം നടത്തി. മുഖ്യകാര്യദര്‍ശി വി.ശ്രീകുമാര്‍ സ്വാഗതവും സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ.എം.മാധവന്‍ നമ്പൂതിരി നന്ദിയും പറഞ്ഞു. സമ്മേളനത്തില്‍ മുന്നോടിയായി മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ ജന്മഗൃഹമായ വെള്ളിക്കോത്ത് നിന്നും അദ്ദേഹത്തിന്റെ മകന്‍ രവീന്ദ്രന്‍ ദീപശിഖാ സംഘാടകര്‍ കൈമാറി.
നിരവധി ആളുകളുടെ അകമ്പടിയോടെ ദീപശിഖ സമ്മേളന നഗരിയില്‍ എത്തിച്ചു. സമ്മേളനത്തില്‍ ഭാഗമായി കാസര്‍കോട് ജില്ലയിലെ 11 ഗ്രാമങ്ങളില്‍ 10 ദിവസം നീണ്ടു നിന്ന ദശദിന സംസ്‌കൃത സംഭാഷണ ശിബിരങ്ങള്‍ നടന്നു. ഇവിടെ നിന്നുള്ള കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് രാജീവന്‍ പണിക്കരുടെ മറത്തു കളിയും, അഷ്ടപദി, സംസ്‌കൃത ഗാനാലാപനവും നടന്നു. ഇന്ന് രാവിലെ 10 മണിക്ക് നടക്കുന്ന പ്രതിനിധി സമ്മേളനം ഡോ.കെ.വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള 200 പ്രതിനിധികള്‍ പങ്കെടുക്കും.