ചെന്നൈ: തമിഴ്‌നാടിന്റെ ഒമ്പതാമത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ തമിഴക വെട്രി കഴകം (ടിവികെ) മേധാവി സി ജോസഫ് വിജയ് തിങ്കളാഴ്ച ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) പ്രസിഡന്റ് എം കെ സ്റ്റാലിനെ ചെന്നൈയിലെ വസതിയിൽ സന്ദർശിച്ചു.
വിജയ്‍യോ അദ്ദേഹത്തിന്റെ പാർട്ടിയോ പ്രസ്താവന ഇറക്കിയിട്ടില്ലെങ്കിലും ഇരു നേതാക്കളും തമ്മിലുള്ള സൗഹൃദ കൂടിക്കാഴ്ചയാണെന്നാണ് വൃത്തങ്ങൾ പറയുന്നത്.
വിജയ്‍യെ സ്റ്റാലിൻ ഊഷ്മളമായി സ്വീകരിച്ചു, രണ്ട് നേതാക്കളും സിൽക്ക് ഷാളുകളും പൂച്ചെണ്ടും നൽകി പരസ്പരം ആദരിച്ചു. ഡിഎംകെയും ടിവികെയും തമ്മിലുള്ള കടുത്ത തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ശേഷമാണ് ഇരു നേതാക്കളുടെയും കൂടിക്കാഴ്ച.
ഏറ്റവും വലിയ ഒറ്റകക്ഷിയായി ടിവികെ ഉയർന്നുവന്നെങ്കിലും സർക്കാർ രൂപീകരിക്കാൻ അവർക്ക് എണ്ണത്തിൽ കുറവുണ്ടായിരുന്നു. എന്നിരുന്നാലും തമിഴ്‌നാട്ടിൽ സ്ഥിരതയുള്ള ഒരു സർക്കാർ രൂപീകരിക്കുന്നതിനായി വിജയ്‌യെ പിന്തുണയ്‌ക്കാൻ സ്റ്റാലിൻ ചെറിയ പാർട്ടികളെ പ്രേരിപ്പിച്ചുവെന്ന് ഡിഎംകെ വക്താവ് എ സർവണൻ പറഞ്ഞു.
“തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് അഭിനന്ദനങ്ങൾ. ഡിഎംകെ സഖ്യകക്ഷികളുടെ സഹായത്തോടെ അദ്ദേഹത്തിന് മുഖ്യമന്ത്രിയാകാൻ കഴിഞ്ഞു. നമ്മുടെ നേതാവ് എംകെ സ്റ്റാലിന് ഒരു ഭരണഘടനാ പ്രതിസന്ധി വേണ്ട, വിപുലമായ കൂടിയാലോചനകൾക്ക് ശേഷം അദ്ദേഹം സഖ്യകക്ഷികളെ (ടിവികെയുമായി കൈകോർക്കാൻ) പ്രേരിപ്പിച്ചു,” – സർവണൻ അവകാശപ്പെട്ടു.
വിജയ് യുടെ രണ്ട് സീറ്റുകൾ ഉൾപ്പെടെ 108 സീറ്റുകൾ ടിവികെ നേടിയിരുന്നു, 234 അംഗ തമിഴ്‌നാട് നിയമസഭയിൽ ഭൂരിപക്ഷത്തിന് 118 സീറ്റ് പോലും നേടാനായില്ല. അഞ്ച് എംഎൽഎമാരുള്ള കോൺഗ്രസ് ഉടൻ തന്നെ ടിവികെയ്‌ക്ക് പിന്തുണ നൽകി. പിന്നീട്, രണ്ട് എംഎൽഎമാർ വീതമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്), വിടുതലൈ ചിരുതൈഗൽ കക്ഷി (വിസികെ), ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് (ഐയുഎംഎൽ) എന്നിവ വിജയ് യെ പിന്തുണച്ചു അദ്ദേഹം സർക്കാർ രൂപീകരിക്കുമെന്ന് ഉറപ്പാക്കി.
അതേസമയം ഞായറാഴ്ച വിജയ് സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം, സ്റ്റാലിൻ ടിവികെ നേതാവിനെ അഭിനന്ദിച്ചിരുന്നു, എന്നാൽ തമിഴ്‌നാട് സർക്കാരിന് പണമില്ലെന്ന് പറയരുതെന്ന് ഉപദേശിച്ചിരുന്നു.