• Tue. Jul 21st, 2026

24×7 Live News

Apdin News

വിദേശത്തേയ്‌ക്ക് കടത്താനിരുന്ന 1,000 കോടിയിലേറെ രൂപയുടെ ട്രാമഡോൾ ഗുളികകൾ ദൽഹിയിൽ പിടികൂടി; മലയാളികൾ ഉൾപ്പടെയുള്ളവർ പിടിയിൽ

Byadmin

Jul 21, 2026


കൊച്ചി: വലിയ അളവില്‍ ട്രാമഡോൾ ഹൈഡ്രോക്ലോറൈഡ് ഗുളികകൾ (ഫൈറ്റര്‍ ഡ്രഗ്) കടത്താന്‍ ശ്രമിച്ചതിന് രണ്ട് മലയാളികൾ ഉൾപ്പടെ മൂന്നു പേരെ സെൻട്രൽ ബ്യൂറോ ഓഫ് നാർക്കോട്ടിക്സ് അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത ഗുളികകള്‍ക്ക് കരിഞ്ചന്തയിൽ ഏകദേശം 1000 കോടിക്കുമുകളിൽ വിലവരും.

തിരുവനന്തപുരം സ്വദേശി എം.ജി. ഉമേഷ്‌കുമാർ, മലപ്പുറം തിരൂരങ്ങാടി സ്വദേശി വി. ഫിർദൗസ്, കേസിനാസ്പദമായ കമ്പനിയുടെ ഉടമ ബെംഗളൂരു സ്വദേശി സുബ്രഹ്മണ്യം എന്നിവരാണ് പിടിയിലായത്. ഇവര്‍ കടത്താന്‍ സൂക്ഷിച്ച 12 കോടി ട്രാമഡോൾ ഹൈഡ്രോക്ലോറൈഡ് ഗുളികകൾ (30,000 കിലോ തൂക്കം) ദല്‍ഹിയിലെ ഒരു ഗോഡൗണിൽനിന്നാണ്‌ പിടിച്ചെടുത്തത്‌.

സിബിഎൻ നടപ്പാക്കിയ ‘ഓപ്പറേഷൻ വജ്ര’ എന്ന പ്രത്യേക മിഷനിലൂടെയാണ് അന്താരാഷ്‌ട്ര ലഹരിമരുന്ന് കടത്ത് സംഘത്തെ പൂട്ടിയത്. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയ ബിസാവുവിലേക്ക് കടത്താനാണ് ലക്ഷ്യമിട്ടിരുന്നത്. കഴിഞ്ഞ ശനിയാഴ്ച കൊച്ചിയിൽ നിന്നാണ് മലയാളികളായ രണ്ടുപേരെ സി.ബി.എൻ കസ്റ്റഡിയിലെടുത്തത്. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് കമ്പനി ഉടമയെ ബെംഗളൂരുവിൽ നിന്ന് വലയിലാക്കിയത്. അറസ്റ്റിലായ പ്രതികൾക്കെതിരെ എൻഡിപിഎസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന കാര്യം സിബിഎൻ അന്വേഷിച്ചുവരികയാണ്.

കൊച്ചിയിൽ പിടിയിലായവർ ലഹരികടത്തുസംഘത്തിലെ പ്രധാനികളാണ്. നിയന്ത്രിത വേദനസംഹാരി ഫാർമ മരുന്നായ ട്രാമഡോളിനെ കേന്ദ്രസർക്കാർ 2018 ഏപ്രില്‍ 26ന് “സൈക്കോട്രോപിക് പദാർഥം’ ആയി പ്രഖ്യാപിച്ചിരുന്നു. ആഗോള ഭീകര സംഘടന ഐഎസിന് ഇതിന്റെ വിതരണവുമായി ബന്ധമുണ്ടെന്ന് മുമ്പ് എന്‍സിബി സൂചന നല്‍കിയിട്ടുണ്ട്. പരിക്കേല്‍ക്കുന്ന ഐഎസ് തീവ്രവാദികളും മറ്റും ട്രാമഡോള്‍ വേദനസംഹാരിയായും ലഹരിക്കും ഉപയോഗിക്കുന്നതായി പറയുന്നുണ്ട്. അതിനാൽ ഫൈറ്റര്‍ ഡ്രഗ് എന്നറിയപ്പെടുന്ന ഇതിന്‌ മറ്റ് സംഘർഷമേഖലകളിലും ഡിമാന്റുള്ളതിനാല്‍ കടത്ത് വൻതോതില്‍ നടക്കുന്നുണ്ട്‌.



By admin