• Tue. Jul 21st, 2026

24×7 Live News

Apdin News

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

Byadmin

Jul 21, 2026


ന്യൂദല്‍ഹി: സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കാന്‍ സിബിഐ തയാറാകണമെന്ന് ഛത്തര്‍പൂര്‍ തേരാപന്ത് ഭവനില്‍ ചേര്‍ന്ന വിശ്വഹിന്ദുപരിഷത്ത് കേന്ദ്രീയ പ്രബന്ധ് സമിതി യോഗം ആവശ്യപ്പെട്ടു. ഒഡീഷയിലെ കാന്ധമാലില്‍ നടന്ന സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയുടെ ക്രൂരമായ കൊലപാതകം അന്വേഷിക്കാന്‍ രൂപീകരിച്ച കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രസിദ്ധികരിക്കാത്തത് ആശങ്കാജനകമാണെന്ന് യോഗം വിലയിരുത്തി.

മുഴുവന്‍ കാര്യത്തിലും നിഷ്പക്ഷമായ അന്വേഷണം അനിവാര്യമാണ്. ദേശീയ പ്രാധാന്യമുള്ള ഈ വിഷയത്തില്‍ സത്യം പുറത്തുകൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയ യോഗം ഒഡീഷയില്‍ മതപരിവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും നിരോധിക്കണമെന്ന് ആഹ്വാനം ചെയ്തു.

കുടുംബ വ്യവസ്ഥയെ സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതിന്റെ ആവശ്യകത യോഗം പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടി. നൂറ്റാണ്ടുകളായി ഭാരതീയ കുടുംബ വ്യവസ്ഥ സംസ്‌കാരസമ്പന്നവും സംഘടിതവും സൗഹാര്‍ദ്ദപരവുമായ ബന്ധം നിലനിര്‍ത്തുന്നുണ്ടെന്ന് പ്രമേയം പ്രസ്താവിച്ചു. ഇന്നത്തെ വെല്ലുവിളികള്‍ക്ക് ഗൗരവമേറിയ പരിഹാരങ്ങള്‍ സാമൂഹിക, സര്‍ക്കാര്‍ തലങ്ങളില്‍ ആവശ്യമാണ്. വിവാഹേതര ബന്ധങ്ങള്‍, ലിവ്-ഇന്‍ ടുഗദര്‍, സ്വവര്‍ഗരതി തുടങ്ങിയവയുമായി ബന്ധപ്പെട്ട ചില ജുഡീഷ്യല്‍ തീരുമാനങ്ങള്‍ പരമ്പരാഗതവും ശക്തവുമായ നമ്മുടെ കുടുംബവ്യവസ്ഥയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. ഇത് വ്യാപകമായി ചര്‍ച്ച ചെയ്യുകയും കുടുംബങ്ങളുടെ തകര്‍ച്ച തടയുന്നതിന് നിയമങ്ങള്‍ നടപ്പാക്കുകയും വേണമെന്ന വിഎച്ചപി ആവശ്യപ്പെട്ടു.

സന്ത് രവിദാസിന്റെ 650-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും അദ്ദേഹത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കാനും പരിഷത്ത് തീരുമാനിച്ചു.

ശ്രീരാമ ജന്മഭൂമി പ്രസ്ഥാനത്തിന്റെ തുടക്കക്കാരനും അമരക്കാരനുമായ അശോക് സിംഘലിന്റെ ജന്മശതാബ്ദി സപ്തംബര്‍ 27 ന് തുടങ്ങുകയാണ്. ഹിന്ദു സമൂഹത്തിനായുള്ള അദ്ദേഹത്തിന്റെ അതുല്യമായ പ്രവര്‍ത്തനങ്ങള്‍ വര്‍ഷം മുഴുവനും നടക്കുന്ന വിവിധ പരിപാടികളിലൂടെ അവതരിപ്പിക്കും. അശോക് സിംഘല്‍ ജന്മശതാബ്ദിയില്‍ സംഘടനാവികാസത്തില്‍ ശ്രദ്ധയൂന്നാനും യോഗം തീരുമാനിച്ചു.



By admin