ന്യൂഡല്ഹി: ഭാരതത്തില് മുസ്ലിംകള് ഉണ്ടാകരുതെന്ന് കരുതുന്ന ഹിന്ദു യഥാര്ത്ഥ ഹിന്ദുവല്ലെന്ന ആര്എസ്എസ് അധ്യക്ഷന് മോഹന് ഭഗവതിന്റെ ന്യൂയോര്ക്കിലെ പ്രസ്താവനയ്ക്കെതിരെ രൂക്ഷമായ വിമര്ശനവുമായി എഐഎംഐഎം അധ്യക്ഷനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന് ഉവൈസിയും പ്രതിപക്ഷ നേതാക്കളും. വിദേശത്ത് പോയി പുരോഗമനവാദം പറയുകയും നാട്ടില് ഭിന്നിപ്പിന്റെ രാഷ്ട്രീയം നടപ്പാക്കുകയും ചെയ്യുന്ന ആര്എസ്എസിന്റെ വഞ്ചനാപരമായ ഇരട്ടത്താപ്പാണ് ഇതോടെ പുറത്തുവന്നിരിക്കുന്നതെന്ന് നേതാക്കള് കുറ്റപ്പെടുത്തി.
ആര്എസ്എസ് സ്ഥാപക നേതാക്കളുടെ നിലപാടുകളും പുസ്തകങ്ങളും ഉദ്ധരിച്ചാണ് ഉവൈസി മോഹന് ഭഗവതിനെ കടന്നാക്രമിച്ചത്. ‘ലോകത്തിന് മുന്നില് ഒരു മുഖവും സ്വന്തം അനുയായികള്ക്ക് മുന്നില് മറ്റൊരു മുഖവും കാണിക്കുന്നത് ആര്എസ്എസിന്റെ പഴയ തന്ത്രമാണ്’ എന്ന് ഉവൈസി പരിഹസിച്ചു.
സ്വാതന്ത്ര്യസമരകാലത്ത് മഹാത്മാഗാന്ധിയുടെ നേതൃത്വത്തില് നടന്ന ഹിന്ദു-മുസ്ലിം ഐക്യശ്രമങ്ങളെ ആര്എസ്എസ് സ്ഥാപകന് കെ.ബി. ഹെഡ്‌ഗേവാര് എതിര്ത്തിരുന്നുവെന്ന് സംഘം തന്നെ പ്രസിദ്ധീകരിച്ച ജീവചരിത്രത്തിലുണ്ടെന്ന് ഉവൈസി വ്യക്തമാക്കി. ‘ഒറ്റക്കൊടി, ഒറ്റ നേതാവ്, ഒറ്റ ആശയധാര’ എന്ന ആശയമാണ് ആര്എസ്എസ് പിന്തുടരുന്നതെന്ന് എം.എസ്. ഗോള്വാള്ക്കര് വ്യക്തമാക്കിയിട്ടുള്ളതായി അദ്ദേഹം ഓര്മ്മിപ്പിച്ചു. ഗോള്വാള്ക്കറുടെ ബഞ്ച് ഓഫ് തോട്‌സ് എന്ന പുസ്തകത്തിലെ ‘ആഭ്യന്തര ഭീഷണികള്‘ എന്ന അധ്യായത്തില് ഇന്ത്യയിലെ മുസ്ലിങ്ങളെയും ക്രൈസ്തവരെയും രാജ്യത്തിന്റെ ഒന്നാമത്തെയും രണ്ടാമത്തെയും ഭീഷണികളായാണ് ചിത്രീകരിച്ചിരിക്കുന്നത്.
2002-ലെ ഗുജറാത്ത് വംശഹത്യ, ഏകീകൃത സിവില് കോഡ്, നിര്ബന്ധിത മതപരിവര്ത്തന നിരോധന നിയമങ്ങള്, യുഎപിഎ ദുരുപയോഗം എന്നിവയിലൂടെ ആര്എസ്എസ് പ്രത്യയശാസ്ത്രം ന്യൂനപക്ഷങ്ങളെ നിരന്തരം വേട്ടയാടുകയാണെന്ന് ഉവൈസി ആരോപിച്ചു. സവര്ക്കര്, ഹെഡ്‌ഗേവാര്, ഗോള്വാള്ക്കര് എന്നിവരുടെ വിഷലിപ്തമായ പുസ്തകങ്ങളിലെ വരികള് പൊതുവേദിയില് ഉറക്കെ വായിക്കാന് തയ്യാറാവണമെന്ന് ഉവൈസി മോഹന് ഭഗവതിനെ വെല്ലുവിളിച്ചു.
വിദേശത്തുവെച്ച് ആര്എസ്എസ് തലവന് നടത്തിയ പ്രസ്താവനയ്‌ക്കെതിരെ കോണ്ഗ്രസ് നേതാവ് റഷീദ് അല്വിയും രംഗത്തെത്തി. സ്വന്തം രാജ്യത്ത് പറയാത്ത കാര്യങ്ങള് അമേരിക്കയില് പോയി പറയുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. അസം, ഉത്തര്പ്രദേശ് തുടങ്ങിയ ബിജെപി ഭരണ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര് ന്യൂനപക്ഷങ്ങള്ക്കെതിരെ വിദ്വേഷപ്രചാരണം നടത്തുമ്പോള് വിദേശത്തുപോയി ഭഗവത് നടത്തുന്ന പ്രസ്താവനകള്ക്ക് യാതൊരു വിശ്വാസ്യതയുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
മോഹന് ഭഗവതിന്റെ പ്രസ്താവന കേള്ക്കാന് നല്ലതാണെങ്കിലും, രാജ്യത്തെ യാഥാര്ത്ഥ്യങ്ങളില് മാറ്റം വരാത്തിടത്തോളം ഇതിന് യാതൊരു വിലയുമില്ലെന്ന് അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്ഡ് നേതാവ് മൗലാന ഖാലിദ് റഷീദ് ഫിരംഗി മഹാലിയും പ്രതികരിച്ചു. വിദേശത്ത് മതേതരത്വം പ്രസംഗിക്കുകയും നാട്ടില് വിദ്വേഷം വിതയ്ക്കുകയും ചെയ്യുന്ന ആര്എസ്എസിന്റെയും ബിജെപിയുടെയും യഥാര്ത്ഥ രാഷ്ട്രീയം ജനങ്ങള് തിരിച്ചറിയണമെന്ന ആവശ്യമാണ് ഇതോടെ ശക്തമാകുന്നത്.