മഹാരാഷ്ട്രയിലെ പ്രശസ്തമായ നാണേഘട്ട് റിവേഴ്സ് വാട്ടര്ഫോള്സ് സന്ദര്ശിക്കാനെത്തിയ ഒരു മുസ്ലീം കുടുംബത്തിന് നേരെ തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുടെ ഭീഷണിയും മാനസിക പീഡനവും. ചരിത്രപ്രസിദ്ധവും മനോഹരവുമായ വിനോദസഞ്ചാര കേന്ദ്രത്തില് കുട്ടികളുമൊത്ത് സമയം ചെലവഴിക്കാനെത്തിയ കുടുംബത്തിന് നേരെയണ് ഇത്തരത്തില് അസഹിഷ്ണുത വളര്ത്തുന്ന നീക്കങ്ങള് ഉണ്ടായത്.
സംഭവസ്ഥലത്തുണ്ടായിരുന്ന ഹിന്ദുത്വ അനുകൂലികള് കുടുംബത്തെ ലക്ഷ്യമിട്ട് വര്ഗീയ അധിക്ഷേപ സ്വഭാവത്തോടെ കവിതകള് ആലപിക്കുകയായിരുന്നു എന്നാണ് റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നത്. 1940-കളില് ശ്യാം നാരായണ് പാണ്ഡെ രചിച്ച ‘ഹല്ദിഘാട്ടി’ എന്ന കവിതയിലെ വരികളാണ് ഇവര് ഉച്ചത്തില് ചൊല്ലിയത്. 1576 ജൂണ് 18-ന് നടന്ന ഹല്ദിഘാട്ടി യുദ്ധത്തെയും റാണാ പ്രതാപിന്റെ പോരാട്ടങ്ങളെയും ആസ്പദമാക്കിയുള്ള വരികള്, പൊതുസ്ഥലത്ത് വച്ച് മുസ്ലീം കുടുംബത്തെ ബോധപൂര്വ്വം അസ്വസ്ഥരാക്കാനും ഭയപ്പെടുത്താനും വേണ്ടി ഉപയോഗിക്കുകയായിരുന്നു.
വിനോദസഞ്ചാര കേന്ദ്രങ്ങളില് പോലും മതപരമായ ചേരിതിരിവുകള് സൃഷ്ടിക്കാനും ഒരു പ്രത്യേക വിഭാഗത്തെ മാനസികമായി വേട്ടയാടാനും ഹിന്ദുത്വ ഗ്രൂപ്പുകള് നടത്തുന്ന ഇത്തരം ശ്രമങ്ങള്ക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. പൊതുയിടങ്ങളിലെ സമാധാനാന്തരീക്ഷം തകര്ക്കുന്ന ഇത്തരം സംഭവങ്ങള് വിനോദസഞ്ചാരികളുടെ സുരക്ഷയെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും വലിയ ആശങ്കകള് ഉയര്ത്തുന്നുണ്ട്.