തിരുവനന്തപുരം: താന്‍ നടത്തിയ വിമര്‍ശനം ആരോഗ്യവകുപ്പിനെയോ ആരോഗ്യമന്ത്രിയേയോ ലക്ഷ്യമിട്ടുള്ളതല്ലെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടിയുണ്ടാകണം എന്ന കാര്യം മുന്‍നിര്‍ത്തിയാണെന്നും ഡോ. ഹാരീസ്. താന്‍ വിമര്‍ശിച്ചത് ബ്യൂറോക്രസിയെക്കുറിച്ചാണ്. ചുവപ്പ് നാടയില്‍ കുരുങ്ങി ഫയലുകള്‍ പരിഹരിക്കാതെ പോകുന്നതിനെയാണ് ചൂണ്ടിക്കാട്ടിയതെന്നും പ്രതികരിച്ചു.
ആശുപത്രികളില്‍ ഉപകരണക്ഷാമമുണ്ടെന്ന വിവരം തെളിവ് സഹിതം വിദഗ്ദ്ധസമിതിയെ അറിയിച്ചിട്ടുണ്ട്. താന്‍പറഞ്ഞതിനെ ആരെങ്കിലൂം എതിര്‍ത്ത് രംഗത്ത് വരുമെന്നാണ് കരുതിയത്. എന്നാല്‍ ജനങ്ങളില്‍ നിന്നോ ആരോഗ്യവകുപ്പില്‍ നിന്നോ ഓഫീസുകളില്‍ നിന്നോ ഒരാള്‍പോലും എതിര്‍ത്ത് രംഗത്ത് വന്നിട്ടില്ല. എല്ലാ വാതിലും കൊട്ടിയടയ്ക്കപ്പെട്ടതോടെ ഒടുവിലാണ് എല്ലാം തുറന്നു പറഞ്ഞത്. അതിന് ശിക്ഷ വരുമെന്നും നടപടിയുണ്ടാകുമെന്നും ഉറപ്പുണ്ടെന്നും പറഞ്ഞു. പ്രശ്‌ന പരിഹാരത്തിനുള്ള കാര്യമാണ് ചെയ്യേണ്ടതെന്നും ഹാരീസ് വ്യക്തമാക്കി.
ഇപ്പോള്‍ ഈ വിമര്‍ശനം ചെറിയ നീരസത്തിന് കാരണമാകുമെങ്കിലും ആരോഗ്യമേഖലയുടെ പിന്നീടുള്ള വളര്‍ച്ചയ്ക്ക് ഈ വിമര്‍ശനം ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ചികിത്സയ്ക്ക് ആവശ്യമുള്ള വസ്തുക്കള്‍ക്ക് വേണ്ടിയുള്ള ഫയലുകള്‍ എങ്ങിനെ രണ്ടു മാസം കളക്‌ട്രേറ്റില്‍ കെട്ടിക്കിടന്നെന്നും ചോദിച്ചു. അത് ചൂണ്ടിക്കാണിച്ചതോടെ രാത്രി തന്നെ നീക്കവും നടപടിയും ഉണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മെഡിക്കല്‍ കോളജിലെ പ്രതിസന്ധികള്‍ സംബന്ധിച്ച് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പരാതിയുമായി യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കല്‍ ഇന്നലെയായിരുന്നു രംഗത്തെത്തിയത്. വിമര്‍ശനത്തിന് പിന്നാലെ മെഡിക്കല്‍ കോളജില്‍ ശസ്ര്തക്രിയാ ഉപകരണങ്ങളെത്തി. ആവശ്യമായ ഉപകരണങ്ങള്‍ ഹൈദരാബാദില്‍നിന്ന് വിമാനമാര്‍ഗം ഇന്നലെ എത്തിച്ചു. ഇതോടെ മുടങ്ങിയ ശസ്ര്തക്രിയകള്‍ പുനഃരാരംഭിച്ചു.
ഡോ. ഹാരിസിന്റെ ആരോപണം ആരോഗ്യവകുപ്പ് അധികൃതര്‍ തള്ളിയിരുന്നു. പിന്നാലെ തനിക്ക് ചുറ്റും പരിമിതികളാണെന്ന് വ്യക്തമാക്കി അദ്ദേഹം പോസ്റ്റ് പിന്‍വലിച്ചുവെങ്കിലും നിലപാടില്‍ ഉറച്ചുനിന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യമന്ത്രി വിണാ ജോര്‍ജ്ജിന്റെ ഇടപെടല്‍ ഉണ്ടായത്. മതിയായ ഉപകരണങ്ങളില്ലാത്തതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തുടര്‍ച്ചയായി ശസ്ര്തക്രിയകള്‍ മുടങ്ങിയതോടെയായിരുന്നു ജനകീയ ഡോക്ടറുടെ പ്രതിഷേധം. ‘എന്നെ പിരിച്ചുവിട്ടോട്ടെ, ഈ സര്‍വീസ് മടുത്തു.’ എന്നാണ് അദ്ദേഹം കുറിച്ചത്.