
തൃശൂര്‍: വിയ്യൂര്‍ ജയിലിലെ റിമാന്‍ഡ് പ്രതി രേഷ് ബാബു മരിച്ചത് പ്ലേറ്റ്‌ലെറ്റ് കുറഞ്ഞത് മൂലമെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മുഖത്തെ മുറിവ് പ്ലേറ്റ്ലെറ്റ് കുറഞ്ഞതിനാല്‍ ഉണ്ടായതെന്നാണ് നിഗമനം. തലയിലെ ഞരമ്പ് മുറിഞ്ഞതിനെ തുടര്‍ന്നാണ് ആന്തരിക രക്തസ്രാവം ഉണ്ടായത്. ശരീരത്തിന്റെ പിറകില്‍ രണ്ടു മുറിവുകള്‍ കണ്ടെത്തിയത് മര്‍ദനം മൂലം ഉണ്ടായതാണോ എന്നതില്‍ പരിശോധന തുടരുന്നു.
വിയ്യൂര്‍ ജയിലില്‍ കുഴഞ്ഞു വീണ റിമാന്‍ഡ് പ്രതി ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരിച്ചത്. രേഷ് ബാബു തൃശൂര്‍ ചിറ്റിശ്ശേരി സ്വദേശിയാണ്. കഴിഞ്ഞ മാസം 26നാണ് ജയിലില്‍ കുഴഞ്ഞു വീണ രേഷ് ബാബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മേയ് 16 നാണ് അടിപിടിക്കേസില്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് രേഷ് ബാബുവിനെ അറസ്റ്റ് ചെയ്തത്. 17ന് തൃശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.
മകന്‍ മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്നും പൊലീസ് ഇക്കാര്യം കോടതിയില്‍ പറഞ്ഞില്ലെന്നും രേഷ്ബാബുവിന്റെ പിതാവ് ആരോപിച്ചു.ജയിലില്‍ വച്ച് മര്‍ദ്ദനമേറ്റാണ് മരണമെന്നും ആരോപണമുണ്ടായിരുന്നു.