തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ റിട്ടയേഡ് അദ്ധ്യാപകന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് അതിലുണ്ടായ സിമ്മില്‍ ബന്ധിപ്പിച്ചിരുന്ന ബാങ്ക് അക്കൗണ്ടില്‍ നിന്ന് യുപിഐ ഇടപാട് വഴി പല തവണകളായി 99993 രൂപ തട്ടിയെടുത്ത കേസില്‍ പെരിഞ്ഞനം ചെന്നാറ വീട്ടില്‍ വിജീഷിനെ തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു.
ജൂലൈ 24 ന് വൈകീട്ട് അഞ്ചരയ്ക്ക് പരാതിക്കാരന്‍ വീട്ടില്‍ നിന്നും ഇരിങ്ങാലക്കുടയില്‍ ഒരു മീറ്റിങില്‍ പങ്കെടുക്കുന്നതിനായി മൊബൈല്‍ ഫോണുമായി പോയിരുന്നു. തിരിച്ച് വീട്ടിലെത്തിയതിന് ശേഷം പിറ്റേ ദിവസം രാവിലെ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാനായി നേക്കിയപ്പോഴാണ് മൊബൈല്‍ നഷ്ടപ്പെട്ടതായി അറിഞ്ഞത്. മൊബൈല്‍ ഫോണ്‍ കാണാതായപ്പോള്‍ അതിലേക്ക് വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. പിന്നീട് വീണ്ടും വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു.