തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാവീഴ്ച സംബന്ധിച്ച പോലീസ് റിപ്പോർട്ട് തള്ളി ക്ഷേത്രഭരണസമിതി. റിപ്പോർട്ടിനെതിരേ ഭരണസമിതി സർക്കാരിന് കത്ത് നൽകും. നേരിട്ട് പരിശോധന നടത്തിയെന്നും വിലപിടിപ്പുള്ള ഒന്നും മോഷണം പോയിട്ടില്ലെന്നും ക്ഷേത്രസമിതി അറിയിച്ചു.
ഇന്‍റലിജൻസ് എഡിജിപി പി. വിജയന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പോലീസ് മേധാവി രവദ ചന്ദ്രശേഖർ ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ കാണാതാകുന്നുവെന്ന് ചൂണ്ടിക്കാട്ടി ആഭ്യന്തര സെക്രട്ടറിക്ക് കത്തു നൽകുകയായിരുന്നു. പിന്നാലെയാണ് ഈ റിപ്പോർട്ടിൽ വാസ്തവമില്ലെന്ന് വ്യക്തമാക്കി ക്ഷേത്രം ഭരണ സമിതി വാർത്താ കുറിപ്പ് ഇറക്കിയത്. പോലീസ് റിപ്പോര്‍ട്ടിനെക്കുറിച്ച് ക്ഷേത്ര ഭരണ സമിതിയോട് മന്ത്രി കെ.മുരളീധരന്‍ വിശദീകരണം തേടിയിരുന്നു.
എസ്പിയുടെ നേതൃത്വത്തിലാണ് നിലവിൽ ക്ഷേത്രത്തിന്റെ സുരക്ഷ. ശ്രീകോവിലിനുള്ളിൽ അതീവ സുരക്ഷിതമായി സൂക്ഷിക്കേണ്ട വജ്രം പതിച്ച ‘വൈര നാമം’ ഉൾപ്പെടെയുള്ളവയാണ് ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷമായിരിക്കുന്നത്. ആറുമാസം മുൻപ് അറ്റകുറ്റപ്പണികൾക്കായി ഇത് കൊണ്ടുപോയെന്നാണ് രേഖകളിലുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഭക്തർ വഴിപാടായി സമർപ്പിച്ച സ്വർണശേഖരത്തിൽ വലിയ അളവിൽ (ഏകദേശം 78 ഗ്രാം) കുറവുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്.
അറ്റകുറ്റപ്പണിക്കെന്ന പേരിൽ കൊണ്ടുപോയ സ്വർണവിളക്ക് ആറുമാസം കഴിഞ്ഞിട്ടും തിരികെ എത്തിച്ചിട്ടില്ലെന്നും പോലീസ് റിപ്പോർട്ടിലുണ്ട്. ഇന്റലിജൻസ് മാസങ്ങളായി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. കൊട്ടാരം അംഗമായ ആദിത്യ വർമ്മയുമായി ബന്ധമുള്ള ചിലർക്ക് യഥേഷ്ടം രാജകുടുംബത്തിന് പ്രവേശിക്കാനുള്ള പ്രത്യേക വാതിലിലൂടെ ക്ഷേത്രത്തിലേക്ക് പരിശോധനകളില്ലാതെ കയറാനും ഇറങ്ങാനും അടക്കം സാധിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ക്ഷേത്രത്തിലെ അമൂല്യവസ്തുക്കളുടെ സംരക്ഷണത്തിനായി അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഡിജിപി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നിലവറയ്‌ക്ക് പുറത്തുള്ള മുഴുവൻ സ്വർണവും വെള്ളിയും എത്രയും വേഗം അതീവ സുരക്ഷിതമായ സ്ട്രോങ് റൂമിലേക്ക് മാറ്റണമെന്നും ഭക്തർ സംഭാവനയായി നൽകുന്ന മുഴുവൻ വിലപിടിപ്പുള്ള വസ്തുക്കളും ലോക്കറുകളിലേക്ക് മാറ്റി, അവിടെ കൃത്യമായ പോലീസ് കാവൽ ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.