• Mon. Sep 14th, 2026

24×7 Live News

Apdin News

വിഴിഞ്ഞത്തിന് കുതിപ്പേകാന്‍ ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക്‌സ് ഹബ്ബ് ശിലാസ്ഥാപനം നാളെ മന്ത്രി കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കും

Byadmin

Sep 14, 2026


തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വളര്‍ച്ചയ്‌ക്കൊപ്പം കുതിക്കാന്‍ ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക്‌സ് ഹബ്ബ് (കണ്ടെയ്‌നര്‍ ഫ്രൈറ്റ് സ്റ്റേഷന്‍) വരുന്നു. സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് സ്ഥാപിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ കണ്ടെയ്‌നര്‍ ഫ്രൈറ്റ് സ്റ്റേഷന്റെ ശിലാസ്ഥാപനം നാളെ നടക്കും. ബാലരാമപുരത്തെ ട്രാവന്‍കൂര്‍ സ്പിന്നിംഗ് മില്‍സില്‍ ബുധനാഴ്ച വൈകുന്നേരം നാലിന് നടക്കുന്ന ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി തറക്കല്ലിടല്‍ നിര്‍വഹിക്കും. എം. വിന്‍സെന്റ് എം.എല്‍.എ അധ്യക്ഷനാകുന്ന ചടങ്ങില്‍ ഡോ. ശശി തരൂര്‍ എം.പി മുഖ്യാതിഥിയായിരിക്കും.

25 കോടി രൂപയുടെ മൊത്തം നിക്ഷേപത്തില്‍ നാല് ഘട്ടങ്ങളിലായാണ് വിഴിഞ്ഞം കണ്ടെയ്നര്‍ ഫ്രൈറ്റ് സ്റ്റേഷന്‍ പദ്ധതി നടപ്പാക്കുന്നതെന്ന് സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് മാനേജിംഗ് ഡയരക്ടര്‍ ഡോ.കെ.എം അനില്‍മുഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കസ്റ്റംസ് ക്ലിയറന്‍സ് ഉള്‍പ്പെടെയുള്ള വിവിധ ചരക്ക് കൈകാര്യ നടപടികള്‍ ഒരൊറ്റ കേന്ദ്രത്തില്‍ ഏകോപിപ്പിച്ച്, തുറമുഖാധിഷ്ഠിത ചരക്കുനീക്കം വേഗത്തിലാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഒരുക്കങ്ങള്‍ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡില്‍ ഇപ്പോള്‍ പുരോഗമിച്ചുവരികയാണ്. കണ്ടെയ്‌നര്‍ ഫ്രൈറ്റ് സ്റ്റേഷന്റെ പ്രവര്‍ത്തനം 2027 ഫെബ്രുവരിയില്‍ ആരംഭിക്കാനാണ് നിലവില്‍ നിശ്ചയിച്ചിരിക്കുന്നത്.

പദ്ധതിയുടെ വിവിധ ഘട്ടങ്ങളിലായി സംസ്ഥാനത്ത് നേരിട്ടും പരോക്ഷമായും ഒട്ടേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഗോ കൈകാര്യം ചെയ്യല്‍, കസ്റ്റംസ് ക്ലിയറന്‍സ്, വെയര്‍ഹൗസിംഗ്, സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളില്‍ കേരളത്തിലെ യുവതലമുറയ്ക്ക് മികച്ച തൊഴില്‍ അവസരങ്ങള്‍ ലഭിക്കും. വിമാനത്താവള-തുറമുഖ അധിഷ്ഠിത ലോജിസ്റ്റിക്‌സ് മേഖലയിലെ വര്‍ധിച്ചുവരുന്ന സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിനെ സംസ്ഥാനത്തിന്റെ പ്രധാന ലോജിസ്റ്റിക്‌സ് സേവനദാതാവാക്കി മാറ്റാന്‍ പദ്ധതി വഴിയൊരുക്കും.

ഇതിന് പുറമെ, യൂറോപ്യന്‍ യൂണിയന്‍ വിപണിയിലേക്കുള്ള കയറ്റുമതി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുഗമമാക്കുന്നതിനായി ആര്‍.എ.ത്രീ പദവി നേടുന്നതിനുള്ള നടപടിക്രമങ്ങളും പുരോഗമിക്കുകയാണ്. ഈ നടപടി പൂര്‍ത്തീകരിക്കുന്നതോടെ പുതിയ വിദേശ വിപണികളിലേക്ക് പ്രവേശിക്കാനും സ്ഥാപനത്തിന്റെ മൊത്തത്തിലുള്ള വരുമാനവും വ്യാപാര പ്രവര്‍ത്തനങ്ങളും ഗണ്യമായി വര്‍ധിപ്പിക്കാനും സാധിക്കുന്നതാണ്. വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ മാനേജര്‍മാരായ ജോസ്‌മോന്‍ എം.ഡി, ഷിബു തദേവൂസ്‌സേവ്യര്‍, സി.ബി ബാബു, ജയരാജ് പി.വി എന്നിവരും സംബന്ധിച്ചു.

The post വിഴിഞ്ഞത്തിന് കുതിപ്പേകാന്‍ ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക്‌സ് ഹബ്ബ് ശിലാസ്ഥാപനം നാളെ മന്ത്രി കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കും appeared first on .

By admin