തിരുവനന്തപുരം: വിവാദ ഫോണ്‍സംഭാഷണത്തിന്റെ പേരില്‍ തിരുവനന്തപുരം ഡി.സി.സി. അധ്യക്ഷപദം രാജിവച്ചൊഴിയാന്‍ നിര്‍ബന്ധിതനായതില്‍ കോണ്‍ഗ്രസ് നേതാവ് പാലോട് രവിക്ക് കടുത്ത അതൃപ്‌തി. പാര്‍ട്ടിയെ നവീകരിക്കാന്‍ ലക്ഷ്യമിട്ടു നടത്തിയ സംഭാഷണത്തിന്റെ പേരില്‍ തന്നെ ബലിയാടാക്കിയെന്നു രവി. തുടര്‍ന്നും നോവിക്കാനാണു പദ്ധതിയെങ്കില്‍ നോക്കിയിരിക്കില്ലെന്നും മുന്നറിയിപ്പ്.
പ്രാദേശിക കോണ്‍ഗ്രസ് നേതാവുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലെ ചിലഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് തനിക്കെതിരേ ആയുധമാക്കിയെന്നു പാലോട് രവി പറയുന്നു. എന്തിനു വേണ്ടിയാണ് തന്നെ പാര്‍ട്ടി ബലിയാടാക്കിയതെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. ഫോണ്‍ സംഭാഷണം പാര്‍ട്ടിയെ നവീകരിക്കാന്‍ ഉദ്ദേശിച്ചായിരുന്നു. വിശദീകരണംപോലും ചോദിക്കാതെ കോണ്‍ഗ്രസ് നേതൃത്വം കാട്ടിയത് കടുത്ത അനീതിയാണ്. മാധ്യമ സിന്‍ഡിക്കേറ്റിനു മുന്നില്‍ പാര്‍ട്ടി നേതൃത്വം പരാജയപ്പെട്ടു.
നേതൃത്വത്തിലെ ഒരാള്‍പോലും സംഭാഷണം പൂര്‍ണമായും കേള്‍ക്കാന്‍ തയാറായില്ല. എങ്കില്‍ ഇതു സംഭവിക്കില്ലായിരുന്നു. തുടര്‍ന്നും വേദനിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനമെങ്കില്‍ നോക്കിയിരിക്കില്ല- പാലോട് രവി പറഞ്ഞു. അതിനിടെ തിരുവനന്തപുരം ഡി.സി.സി. പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല കെ.പി.സി.സി. വൈസ് പ്രസിഡന്റ് എന്‍. ശക്‌തനു നല്‍കിയതായി കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു. പുതിയ ഡി.സി.സി. അധ്യക്ഷനെ പുനഃസംഘടനയ്‌ക്കൊപ്പം തീരുമാനിക്കും.
ഡി.സി.സി. അധ്യക്ഷസ്‌ഥാനത്തുനിന്നുള്ള രവിയുടെ രാജി കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫിന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണെന്നാണു വിവരം. സംഭാഷണം പുറത്തുവന്നതില്‍ രവി വിശദീകരണക്കുറിപ്പു നല്‍കിയെങ്കിലും രാജിക്കത്ത് നല്‍കാന്‍ കെ.പി.സി.സി. അധ്യക്ഷന്‍ ആവശ്യപ്പെടുകയായിരുന്നു. പുല്ലമ്പാറ പഞ്ചായത്തില്‍ താഴെത്തട്ടിലെ ഭിന്നത തീര്‍ക്കാന്‍ നല്‍കിയ സന്ദേശമെന്നു രവി വിശദീകരിച്ചെങ്കിലും നേതൃത്വം മുഖവിലയെ്‌ക്കടുത്തില്ല. എ.ഐ.സി.സിയുമായും സംസ്‌ഥാന നേതാക്കളുമായും സണ്ണി ജോസഫ് കൂടിയാലോചന നടത്തി. സംഭാഷണം എ.ഐ.സി.സിയും പരിശോധിച്ചു. ഒടുവില്‍ കെ.പി.സി.സി. നേതൃത്വം രാജി ചോദിച്ചുവാങ്ങി. രാജിയില്ലെങ്കില്‍ നടപടിയുണ്ടാകുമെന്ന സന്ദേശം സ്‌ഥാനത്യാഗം വേഗത്തിലാക്കി.
വാമനപുരം ബ്ലോക്ക് സെക്രട്ടറി എ. ജലീലുമായി പാലോട് രവി നടത്തിയ ഫോണ്‍സംഭാഷണമാണ് കുരുക്കായത്. സംസ്‌ഥാനത്ത് എല്‍.ഡി.എഫ്. ഭരണം തുടരുമെന്നും കോണ്‍ഗ്രസ് എടുക്കാചരക്കാകുമെന്നും രവി തുറന്നടിച്ചത് പാര്‍ട്ടി നേതൃത്വത്തെ അമ്പരപ്പിച്ചു.
സംഭാഷണം വിവാദമായതോടെ രവി ഡി.സി.സി. അധ്യക്ഷപദം രാജിവച്ചു. രവിയുമായി സംസാരിച്ച ജലീലിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കുകയും ചെയ്‌തു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തലസ്‌ഥാനത്തെ കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലേക്കു തള്ളിവിടുന്നതാണ് ജില്ലാ അധ്യക്ഷന്റെ രാജി. പ്രതിപക്ഷനേതാവ് വി.ഡി. സതീശനുമായി അടുപ്പമിലുള്ള നേതാവാണു രവി. അദ്ദേഹത്തിന്റെ ശൈലിക്കെതിരേ ജില്ലയിലെ പാര്‍ട്ടിയില്‍ മുമ്പും എതിര്‍സ്വരം ഉയര്‍ന്നിരുന്നു. സ്വന്തം പഞ്ചായത്തായ പെരിങ്ങമലയില്‍ പ്രസിഡന്റ് അടക്കം രാജിവച്ചതിനുപിന്നാലെ രവി രാജിക്കത്ത് നല്‍കിയെങ്കിലും നേതൃത്വം തള്ളിയിരുന്നു.
സുനില്‍ ജെ. സണ്ണി