ന്യൂഡല്‍ഹി: വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്ന് യുവതി നല്‍കിയ കേസില്‍ പ്രതിയായ പുരുഷന്റെ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് നല്‍കിയ ശേഷം ഇരയ്ക്ക് സുപ്രീംകോടതിയുടെ വിമര്‍ശനം. വിവാഹിതയായിരിക്കെ ഭര്‍ത്താവല്ലാത്ത മറ്റൊരു പുരുഷനുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ പ്രോസിക്യൂഷന് വരെ വിധേയയാകാമെന്ന് കോടതി അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ പുരുഷന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനി ടെയാണ് ജസ്റ്റിസ്മാരായ എം എം സുന്ദരേഷും എന്‍ കോടീശ്വര്‍ സിങ്ങും അടങ്ങുന്ന ബെഞ്ച് ഇക്കാര്യം പറഞ്ഞത്. കാമുകന്റെ ജാമ്യം നിഷേധിക്കാതെ പകരം വിവാഹേതര ബന്ധത്തിലൂടെ സ്ത്രീ ‘ഒരു കുറ്റകൃത്യം ചെയ്തു’ എന്ന് പറഞ്ഞു.
വ്യാജ വിവാഹവാഗ്ദാനം ചെയ്താണ് പുരുഷന്‍ സ്ത്രീയുമായി ശാരീരിക ബന്ധം തുടര്‍ന്നെന്ന് സ്ത്രീയുടെ അഭിഭാഷകന്‍ വാദിച്ചപ്പോള്‍, നിങ്ങള്‍ ഒരു വിവാഹിതയായ രണ്ട് മക്കളുടെ അമ്മയായ ഒരു പക്വതയുള്ള സ്ത്രീയാണെന്നും വിവാഹത്തിന് പുറത്ത് നിങ്ങള്‍ കെട്ടിപ്പടുക്കുന്ന ബന്ധത്തെക്കുറിച്ച്് നിങ്ങള്‍ക്ക് കൃത്യമായി അറിയാമെന്നുമായിരുന്നു കോടതി സ്ത്രീയോട് പറഞ്ഞത്. പുരുഷന്‍ ഇരയെ പലതവണ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയിട്ടുണ്ടെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചപ്പോഴും കോടതി ചോദ്യം ചെയ്തു.
എന്തുകൊണ്ടാണ് നിങ്ങള്‍ അയാളുടെ അഭ്യര്‍ത്ഥനപ്രകാരം ഹോട്ടലുകളില്‍ ആവര്‍ത്തിച്ച് പോയതെന്ന് ചോദിച്ച കോടതി വിവാഹത്തിന് പുറത്തുള്ള ലൈംഗിക ബന്ധത്തിലൂടെ ചെയ്യുന്നത് ഒരു കുറ്റകൃത്യമാണെന്ന് നിങ്ങള്‍ക്ക് വ്യക്തമായി അറിയാമായിരുന്നു എന്നും സുപ്രീം കോടതി ബെഞ്ച് മറുപടി നല്‍കി. വിവാഹിതയായ സ്ത്രീയും പുരുഷനും 2016 ല്‍ സോഷ്യല്‍ മീഡിയ വഴി കണ്ടുമുട്ടുകയും അന്നുമുതല്‍ ഒരു ബന്ധത്തിലായിരിക്കുകയും ചെയ്തു. പങ്കാളിയുടെ സമ്മര്‍ദ്ദത്തിനും നിര്‍ബന്ധത്തിനും വഴങ്ങി ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടിയതായി സ്ത്രീ ആരോപിച്ചിരുന്നു. ഈ വര്‍ഷം മാര്‍ച്ച് 6 ന് ഒരു കുടുംബ കോടതി വിവാഹമോചനം അനുവദിച്ചു.
വിവാഹമോചനത്തിന് തൊട്ടുപിന്നാലെ, സ്ത്രീ തന്നെ വിവാഹം കഴിക്കാന്‍ പുരുഷനോട് ആവശ്യപ്പെട്ടു, പക്ഷേ അയാള്‍ നിരസിച്ചു. ഇതില്‍ രോഷാകുലയായ അവര്‍, വിവാഹ വാഗ്ദാനം നല്‍കി തന്നെ ലൈംഗികമായി ചൂഷണം ചെയ്തതായി ആരോപിച്ച് ബീഹാര്‍ പോലീസില്‍ പരാതി നല്‍കി. നിയമപരമായ പ്രശ്‌നങ്ങള്‍ ആരംഭിച്ചതോടെ, സ്ത്രീ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടിയ ശേഷം ഇരുവരും ഒരു അടുപ്പത്തിലും ഏര്‍പ്പെട്ടിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പട്ന ഹൈക്കോടതി നേരത്തേ പുരുഷന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.