• Fri. Jun 26th, 2026

24×7 Live News

Apdin News

വിവാഹിതനായ അസ്‌ലം ഹുസൈനുമായി ലിവ്-ഇൻ റിലേഷൻ, ഭാര്യയുമായും ബന്ധം: ആം ആദ്മി നേതാവ് നന്ദിനിയുടെ മരണത്തിൽ പരാതിയുമായി കുടുംബം

Byadmin

Jun 26, 2026


അഹമ്മദാബാദ്: ഗുജറാത്തിൽ ആം ആദ്മി പാർട്ടിയുടെ മുൻ നേതാവായ യുവതിയെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ലിവ്-ഇൻ പങ്കാളിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. 23-കാരിയായ നന്ദിനി ബോസമിയയെ വാടക ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. നന്ദിനിയുടെ മരണം ആത്മഹത്യയല്ല, യുവതിയെ കൊലപ്പെടുത്തിയതാണെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

ജൂൺ 22-ന് രാജ്‌കോട്ടിലെ ഗൊണ്ടൽ ക്രോസ്‌റോഡ്‌സിലെ ഫ്‌ളാറ്റിലാണ് നന്ദിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹിതനായ അസ്‌ലം ഹുസൈൻ സമയോടൊപ്പമായിരുന്നു നന്ദിനി ലിവിങ് റിലേഷനിൽ കഴിഞ്ഞിരുന്നത്. ജുനാഗഡിലുള്ള ഭാര്യയെ അസ്‌ലം പതിവായി സന്ദർശിച്ചതിനെച്ചൊല്ലി ഇരുവരും തമ്മിൽ നിരന്തരം തർക്കമുണ്ടായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു. യുവതിയുടെ മൊബൈൽ ഫോൺ ഫൊറൻസിക് പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ടെന്നും കോൾ വിവരങ്ങളും മറ്റ് ഡിജിറ്റൽ തെളിവുകളും പരിശോധിച്ചുവരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

എന്നാൽ ആത്മഹത്യയെന്ന വാദം കുടുംബം ശക്തമായി തള്ളിക്കളയുകയാണ്. നന്ദിനിയുടെ കൈകളിൽ മർദനത്തിന്റെ പാടുകളും കഴുത്തിൽ നഖം കൊണ്ടുണ്ടായ പോറലുകളും ഉണ്ടായിരുന്നുവെന്ന് സഹോദരി രൂപാൽ ബോസമിയ ആരോപിച്ചു. സംഭവത്തിന് പിന്നാലെ അസ്‌ലം ഹുസൈൻ ഒളിവിലാണെന്നും ഫോൺ സ്വിച്ച് ഓഫാണെന്നും അവർ പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ച് നന്ദിനിക്ക് നീതി ലഭ്യമാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

2025-ലെ ജെറ്റ്പൂർ നവാഗത് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ഒന്നാം വാർഡിൽ ആം ആദ്മി പാർട്ടി സ്ഥാനാർഥിയായി നന്ദിനി മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. നിലവിൽ പാർട്ടിയിൽ അവർക്ക് സംഘടനാ ചുമതലകളൊന്നും ഉണ്ടായിരുന്നില്ലെന്നും എഎപി നേതൃത്വം അറിയിച്ചു.



By admin