രാജ്ഗഢ്(മധ്യപ്രദേശ്): ഗ്രാമോത്സവത്തോടെ ഝീരി വികാസത്തിന്റെ പുതിയ പടവിലേക്ക്. നേരത്തെതന്നെ സംസ്‌കൃത ഗ്രാമമെന്ന പേരില്‍ ഇടംപിടിച്ച ഝീരിയെ മൂന്ന് ദിവസത്തെ ഗ്രാമോത്സവത്തിനൊടുവില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി(ഭയ്യാജി)യാണ് വികാസഗ്രാമമായി പ്രഖ്യാപിച്ചത്. മൂന്ന് ദിവസം അവിടെ തങ്ങിയ ഭയ്യാജിയെ ഗ്രാമീണര്‍ സംസ്‌കൃത ഭാഷയിലാണ് അഭിവാദ്യം ചെയ്ത്. സ്ത്രീകള്‍, യുവാക്കള്‍, ഗ്രാമ വികസന സമിതി പ്രവര്‍ത്തകര്‍ എന്നിവരുമായി അദ്ദേഹം സംഭാഷണം നടത്തി. ഗ്രാമത്തിന്റെ സമഗ്രവികസനം, കുടുംബമൂല്യങ്ങള്‍, വിദ്യാഭ്യാസം, പരിസ്ഥിതി, സാമൂഹിക ഐക്യം, സ്വാശ്രയത്വം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
കുട്ടികളെ സംസ്‌കാരസമ്പന്നരും ദേശസ്‌നേഹികളുമായി വളര്‍ത്താന്‍ നമ്മള്‍ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഒരു കുട്ടിയുടെ ആദ്യ വിദ്യാലയം കുടുംബമാണ്. അവിടെ പകര്‍ന്നുനല്‍കുന്ന മൂല്യങ്ങള്‍ സമൂഹത്തിന്റെയും രാഷ്‌ട്രത്തിന്റെയും വികസനത്തില്‍ വലിയ പങ്കാണ് വഹിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാന്‍ ഇന്നത്തെ യുവസമൂഹത്തിന് കരുത്തുണ്ട്. ശാസ്ത്രം, സാങ്കേതികവിദ്യ, കൃഷി, ബഹിരാകാശം, സുരക്ഷ, കായികം എന്നിവയുള്‍പ്പെടെ എല്ലാ മേഖലകളിലും യുവാക്കള്‍ ആഗോളതലത്തില്‍ രാഷ്‌ട്രത്തിന്റെ പതാക ഉയര്‍ത്തി. യുവാക്കളില്‍ രാഷ്‌ട്രത്തോടുള്ള ഉത്തരവാദിത്തബോധം ഉണര്‍ത്തേണ്ടത് അനിവാര്യമാണ്. ഭാരതത്തെ അറിയുക, ഭാരതത്തെ വിശ്വസിക്കുക, ഭാരതത്തെ നിര്‍മ്മിക്കുക, ഭാരതത്തിന്റേതായിരിക്കുക എന്ന മനോഭാവം ജീവിതത്തില്‍ സ്വീകരിക്കാന്‍ യുവസമൂഹം തയാറാകണം, അദ്ദേഹം പറഞ്ഞു.
രാഷ്‌ട്രത്തിന്റെ യഥാര്‍ത്ഥ സത്ത ഗ്രാമങ്ങളിലാണ്. അതുകൊണ്ടുതന്നെ ഗ്രാമവികസനം ദേശീയ വികസനത്തിന്റെ അടിത്തറയാണ്. കുടുംബാധിഷ്ഠിതവും, സംസ്‌കാരാധിഷ്ഠിതവും, വിദ്യാഭ്യാസപരവും പരിസ്ഥിതി സൗഹൃദപരവുമായ ഗ്രാമങ്ങള്‍ വികസിക്കണം, ഭയ്യാജി പറഞ്ഞു. ഗ്രാമത്തിന്റെ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹരിച്ചുകൊണ്ടേ ഗ്രാമവികാസം പൂര്‍ത്തിയാകൂ. നമ്മുടെ എല്ലാ ഗ്രാമങ്ങള്‍ക്കും ഭാരതീയമായ തനിമയുണ്ട്. തര്‍ക്കം, മാലിന്യം, മയക്കുമരുന്ന്, വിവേചനം എന്നീ തിന്മകളില്‍ നിന്ന് ഗ്രാമങ്ങളെ മോചിപ്പിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. വിവേചനരഹിതമായ ഗ്രാമവും സമൂഹവും കെട്ടിപ്പടുക്കാന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. നമ്മള്‍ ഭാരതത്തിലെ ജനങ്ങള്‍ എന്നാണ് ഭരണഘടനയുടെ ആമുഖം തുടങ്ങുന്നത്. നാമെല്ലാവരും ഭാരതീയരാണെന്ന ഐക്യബോധത്തിന്റെ അടിസ്ഥാനത്തിലാണ് ഭാരതമാതാവ് ജയിക്കട്ടെ എന്ന മുദ്രാവാക്യം ഉയരുന്നതെന്ന് ഭയ്യാജി പറഞ്ഞു.