ജയ്‌സൽമേർ: രാജ്യാന്തര അതിർത്തി കടന്ന് ഇന്ത്യയിലെത്തിയ പാക്കിസ്ഥാൻ ദമ്പതികൾ മരുഭൂമിയിലെ കനത്ത ചൂടിൽ നിർജലീകരണം കാരണം മരിച്ചതായി പൊലീസ്. പാക്കിസ്ഥാനിൽ നിന്നുള്ള രവികുമാറും (17) ശാന്തി ബായിയും (15) ആണ് മരിച്ചത്. ശനിയാഴ്ചയാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
സംഭവസ്ഥലത്തു നിന്നുള്ള ഒരു ചിത്രം പുറത്തുവന്നിട്ടുണ്ട്. യുവാവിന്റെ മുഖത്ത് ഒരു ഒഴിഞ്ഞ കുടിവെള്ളക്കുപ്പി വച്ചിരിക്കുന്നത് ചിത്രത്തിൽ കാണാം. വെള്ളം കിട്ടാതെ ഇരുവരും കഷ്ടപ്പെട്ടതായാണ് പൊലീസ് പറയുന്നത്. 4 മാസം മുൻപാണ് പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഘോട്കി ജില്ലയിലെ മിർപുർ മാഥേലോയിൽ വച്ച് രവികുമാറും ശാന്തി ബായിയും വിവാഹിതരായത്. ഇന്ത്യയിൽ താമസിക്കാനുള്ള ആഗ്രഹം മൂലം ഇവർ വീസയ്ക്ക് അപേക്ഷിച്ചെങ്കിലും ഇന്ത്യ–പാക്ക് സംഘർഷത്തിന്റെ സാഹചര്യത്തിൽ നിരസിക്കപ്പെട്ടിരുന്നു.
തുടർന്നാണ് അനധികൃതമായി അതിർത്തികടക്കാൻ ഇവർ തീരുമാനിച്ചത്. കുടുംബത്തിന്റെ എതിർപ്പു വകവയ്ക്കാതെയായിരുന്നു യാത്ര. അതിർത്തി കടന്നെങ്കിലും ഇരുവരും മരുഭൂമിയിൽ കുടുങ്ങി. വെള്ളം കിട്ടാതെ നിർജലീകരണം മൂലം മരിക്കുകയായിരുന്നു. പോസ്റ്റുമോർട്ടം നടപടികൾ ഞായറാഴ്ച പൂർത്തിയാക്കി. ഇന്ത്യൻ സർക്കാർ മൃതദേഹങ്ങൾ വിട്ടു കൊടുത്താൽ ഏറ്റെടുക്കാൻ തയാറാണെന്ന് ബന്ധുക്കൾ അറിയിച്ചു.