• Tue. Jul 22nd, 2025

24×7 Live News

Apdin News

വി.എസിന്റെ ഭൗതികദേഹം വീട്ടിലെത്തിച്ചു, ചൊവ്വാഴ്ച ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനം, ഗതാഗത നിയന്ത്രണം

Byadmin

Jul 22, 2025



തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ മൃതദേഹം എകെജി സെന്ററിലെ പൊതുദര്‍ശനം പൂര്‍ത്തിയാക്കി ബാര്‍ട്ടണ്‍ ഹില്ലിന് സമീപം മകന്‍ അരുണ്‍ കുമാറിന്റെ വീട്ടിലെത്തിച്ചു. രാത്രി 11.45 ഓടെയാണ് എ കെ ജി പഠന ഗവേഷണ കേന്ദ്രത്തില്‍ നിന്ന് ഭൗതിക ദേഹം വീട്ടിലേക്ക് എത്തിച്ചത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി മകനും കുടുംബത്തോടുമൊപ്പം ബാര്‍ട്ടണ്‍ഹില്ലിലെ വീട്ടിലായിരുന്നു വി.എസ് താമസിച്ചിരുന്നത്.

പ്രവര്‍ത്തകരുടെ മുദ്രാവാക്യങ്ങള്‍ക്കിടയിലൂടെയാണ് ആംബുലന്‍സ് വീട്ടിലേക്കെത്തിയത്. സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി , പ്രകാശ് കാരാട്ട് തുടങ്ങിയ നേതാക്കള്‍ വീട്ടിലുണ്ടായിരുന്നു. വന്‍ ജനക്കൂട്ടം വീട്ടിന് മുന്നിലെത്തിയിരുന്നു.

എന്നാല്‍ വീട്ടിലെ പരിമിത സൗകര്യത്തില്‍ പൊതുദര്‍ശനം പറ്റില്ലെന്ന് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞെങ്കിലുംജനം പിരിഞ്ഞു പോകാന്‍ തയാറായില്ല.ഈ സാഹചര്യത്തില്‍ ഒറ്റ വരിയായി വി എസിന്റെ ഭൗതിക ദേഹം കാണാനെത്തിയവരെ വീട്ടിലേക്ക് പ്രവേശിപ്പിക്കുന്നുണ്ട്.

രാവിലെ വരെ മൃതദേഹം വീട്ടില്‍ പൊതുദര്‍ശനത്തിനു വയ്‌ക്കും. ചൊവ്വാഴ്ച രാവിലെ 9ന് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം ഉച്ചയോടെ ആലപ്പുഴയ്‌ക്ക് കൊണ്ടുപോകും. ചൊവ്വാഴ്ച സെക്രട്ടേറിയറ്റിലേക്കുളള റോഡുകളില്‍ ഗതാഗത നിയന്ത്രണമുണ്ടാകും.

.ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. ബുധനാഴ്ച രാവിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിനുവെക്കും. തുടര്‍ന്ന് ആലപ്പുഴ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹം ആലപ്പുഴയില്‍ വലിയ ചുടുകാട് ശ്മശാനത്തില്‍ വൈകിട്ട് സംസ്‌കരിക്കും.

By admin