വി.എസിന്റെ മൃതദേഹം മകന്റെ വസതിയില്‍ നിന്നും ദര്‍ബാര്‍ ഹാളിലേക്കെത്തിച്ചു. ആയിരങ്ങളാണ് വി എസിനെ കാണാന്‍ ദര്‍ബാര്‍ ഹാളില്‍ തടിച്ചുകൂടിയിരിക്കുന്നത്.
മുഖ്യമന്ത്രിയടക്കമുള്ള നേതാക്കള്‍ രാവിലെ തന്നെ ദര്‍ബാര്‍ ഹാളിലെത്തിയിരുന്നു. ദര്‍ബാര്‍ ഹാളിലെ പൊതുദര്‍ശനത്തിനുശേഷം ഉച്ചക്ക് ആലപ്പുഴയിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിനു ശേഷം ആലപ്പുഴ വലിയ ചുടുകാട്ടില്‍ സംസ്‌കരിക്കും.
രണ്ടുമണിക്ക് ശേഷം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. പോകുന്ന വഴിയില്‍ ജനങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ സൗകര്യം ഒരുക്കും.
കഴിഞ്ഞ ദിവസം 3.20ഓടെയായിരുന്നു മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദന്‍ അന്തരിച്ചത്. മെഡിക്കല്‍ ബോര്‍ഡാണ് മരണം സ്ഥിരീകരിച്ചത്.
102 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ മാസം 23-ാം തീയതിയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് വിഎസിനെ തിരുവനന്തപുരം എസ്യുടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
2006 മുതല്‍ 2011 വരെയുള്ള കാലയളവിലാണ് വിഎസ് കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നത്. മുഖ്യമന്ത്രി പദവിയിലിരുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് വി.എസ്. 2001-2006 കാലത്ത് പ്രതിപക്ഷനേതാവുമായി. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായിരുന്നു.