ആലപ്പുഴ: തോരാമഴയില്‍ ‘കണ്ണേ കരളേ വിസ്സേ’ എന്ന് കണ്ഠമിടറി അണമുറിയാതെ മുദ്രാവാക്യം വിളിക്കുന്ന ജനസാഗരത്തെ സാക്ഷി നിര്‍ത്തി വിഎസ് അച്യുതാനന്ദന്‍ എന്ന വിപ്ലവസൂര്യന്റെ ഭൗതിക ശരീരം ആലപ്പുഴ വലിയചുടുകാട്ടിലെ അഗ്നിജ്വാലകള്‍ ഏറ്റുവാങ്ങി. പ്രത്യേകം തയാറാക്കിയ ചിതയ്ക്ക് മകന്‍ അരുണ്‍കുമാറാണ് രാത്രി 9.16ന് തീകൊളുത്തിയത്. ചിതയ്ക്ക് മുന്നിൽ മുട്ടുകുത്തി നമസ്കരിച്ച് മകൻ അരുൺ കുമാർ. ചിതയ്ക്ക് വലം വച്ചു. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാര ചടങ്ങുകൾ നടന്നത്.
മലയാളി കണ്ട ഏറ്റവും വലിയ വിലാപയാത്രയ്ക്കായിരുന്നു കഴിഞ്ഞ രണ്ടുദിവസങ്ങളായി കേരളം സാക്ഷിയായത്. കനത്ത മഴയെ അവണിച്ച് തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ പതിനായിരങ്ങളാണ് വേലിക്കകത്തുവീട്ടിലും ഡി.സി. ഓഫീസിലും ബീച്ചിലെ റിക്രിയേഷൻ ഗ്രൗണ്ടിലെ പൊതുദർശനത്തിനും എത്തിയത്. മണിക്കൂറുകളോളം നീണ്ട ക്യൂവിൽ കാത്തുനിന്നാണ് ഓരോരുത്തരും തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കണ്ടത്.
മഴയെ വകവെയ്ക്കാതെ വഴിനീളെ ആയിരക്കണക്കിന് ആളുകളാണ് വി.എസിന്റെ അന്ത്യയാത്ര കാണാനും ആദരമർപ്പിക്കാനും കാത്തുനിന്നത്. മുന്‍കൂട്ടി നിശ്ചയിച്ചതിലും ഏറെ വൈകിയാണ് എല്ലായിടങ്ങളിലും പൊതുദര്‍ശനം പൂര്‍ത്തിയാക്കാനായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച വിലാപയാത്ര 22 മണിക്കൂറെടുത്താണ് ആലപ്പുഴയിലെത്തിയത്.
പ്രിയസഖാവിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, സാമൂഹിക സാംസ്കാരിക സാമുദായിക രംഗത്തെ പ്രമുഖർ അടക്കമുള്ളവർ വി എസിന് അന്ത്യയാത്ര നല്‍കാനെത്തി. നിയന്ത്രിക്കാനാകാത്ത തിരക്കാണ് സിപിഐഎം പാര്‍ട്ടി ഓഫീസിലും പരിസരത്തും ഉണ്ടായിരുന്നത്.