• Mon. Jul 7th, 2025

24×7 Live News

Apdin News

വീണ്ടും ന്യൂനമര്‍ദ്ദം;സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴ, ശക്തമായ കാറ്റ്, യെല്ലോ അലര്‍ട്ട്

Byadmin

Jul 7, 2025


തിരുവനന്തപുരം: പശ്ചിമ ബംഗാളിലെ ഗംഗാതടത്തിന് മുകളിലായി ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ തെക്കന്‍ കര്‍ണാടക തീരം വരെ ന്യൂനമര്‍ദ്ദപാത്തിയും സ്ഥിതിചെയ്യുന്നു. ഇതിന്റെയെല്ലാം ഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഗംഗാതടത്തിന് മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദം അടുത്ത 2-3 ദിവസം ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് മേഖലയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. ന്യൂനമര്‍ദ്ദത്തിന്റെയും ന്യൂനമര്‍ദ്ദപാത്തിയുടെയും സ്വാധീനഫലമായി വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. കണ്ണൂരിനും കാസര്‍കോടിനും പുറമെ കോഴിക്കോടും യെല്ലോ അലര്‍ട്ടാണ്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത രണ്ട് ദിവസം മഴയുടെ ശക്തി കുറയുമെങ്കിലും പിന്നീട് മഴ ശക്തി പ്രാപിക്കും. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കണ്ണൂരും കാസര്‍കോഡും യെല്ലോ മുന്നറിയിപ്പാണുള്ളത്.

By admin