
ഇന്നലെ തൃശ്ശൂരിലെത്തിയ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിന്റെ സന്ദർശനം എനിക്ക് ഒരു ഔദ്യോഗിക പരിപാടി മാത്രമായിരുന്നില്ല. എന്നെ വിശ്വസിച്ച് പാർലമെന്റിലേക്ക് അയച്ച തൃശ്ശൂരിലെ ജനങ്ങൾക്ക്, എന്റെ ഉത്തരവാദിത്തത്തിന്റെ ഭാഗമായി നൽകാൻ കഴിഞ്ഞ ഒരു സമ്മാനമായാണ് ഈ സന്ദർശനത്തെ ഞാൻ കാണുന്നത്.
ഇതിനുമുമ്പ് രാഷ്ട്രപതിമാർ തൃശ്ശൂരിൽ വന്നിട്ടുണ്ടാകാം. എന്നാൽ, ഈ ഔദ്യോഗിക പരിപാടിയുടെ ഭാഗമായി രാഷ്ട്രപതിയെ തൃശ്ശൂരിലെത്തിക്കാൻ സാധിച്ചത് ഒരു പുണ്യമായാണ് ഞാൻ കരുതുന്നത്.
രാഷ്ട്രപതി വന്നതുകൊണ്ട് എന്താണ് പ്രയോജനം എന്ന് ചോദിക്കുന്നവരുണ്ട്. അവരോട് എനിക്ക് പറയാനുള്ളത് ഇതാണ്. സന്ദർശനത്തിന്റെ ഭാഗമായി തൃശ്ശൂരിന്റെ പല ഭാഗങ്ങളിലും വഴികൾ തെളിഞ്ഞു, ശുചീകരണം നടന്നു, റോഡുകൾ പുതുക്കപ്പെട്ടു, ആവശ്യമായ സംവിധാനങ്ങൾ ഒരുക്കപ്പെട്ടു.
തൃശ്ശൂർ മാത്രമല്ല, ഗുരുവായൂരിലും അതുപോലെ സഖാവ് സി. അച്യുതമേനോൻ സ്മാരക കോളേജിന്റെ ഹെലിപ്പാഡിലുമെല്ലാം നാളെ ജനങ്ങൾക്ക് ഒരത്യാവശ്യത്തിന് ഉപകരിക്കുന്ന തരത്തിലുള്ള പുതുക്കലുകളും നവീകരണ പ്രവർത്തനങ്ങളും നിർവഹിക്കപ്പെട്ടു. പ്രത്യേകിച്ച് ഗുരുവായൂരിൽ നടന്ന ഈ മാറ്റങ്ങളെക്കുറിച്ച്, ‘രാഷ്ട്രപതിമാരോ ഉപരാഷ്ട്രപതിമാരോ പ്രധാനമന്ത്രിമാരോ എല്ലാ വർഷവും ഇതുപോലെ ഒന്ന് വന്നിരുന്നെങ്കിൽ ജനങ്ങൾക്ക് ഇത്രയേറെ ഗുണം ഉണ്ടായേനെ’ എന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങളിൽ നിന്നുണ്ടായത്. ഇതെല്ലാം ചെയ്യാൻ രാജ്യത്തിന്റെ പ്രഥമ പൗര എത്തേണ്ടിവന്നു എന്നത് നാം ചിന്തിക്കേണ്ട കാര്യമാണ്.അതേസമയം, അതിന്റെ പ്രയോജനം ലഭിക്കുന്നത് തൃശ്ശൂരിലെ സാധാരണ ജനങ്ങൾക്കാണ്.
അതിലുപരി, അട്ടപ്പാടിയിലെ ആദിവാസി വിഭാഗങ്ങളിൽപ്പെട്ട കുട്ടികളെയും കുടുംബങ്ങളെയും രാഷ്ട്രപതിയുടെ ശ്രദ്ധയിൽപ്പെടുത്താൻ സാധിച്ചു എന്നതാണ് എന്റെ ഏറ്റവും വലിയ സന്തോഷം. ഇന്നലെ സംഗീത നാടക അക്കാദമിയിൽ വെച്ച് അവരുമായി ഇരുന്ന് അവരുടെ വിഷയങ്ങളും ജീവിതപ്രശ്നങ്ങളും നേരിട്ട് മനസ്സിലാക്കാൻ കഴിഞ്ഞു.
രാഷ്ട്രപതിയുടെ അലിഖിത നിർദ്ദേശവും ഉപദേശവും അനുസരിച്ച്, അവിടെവെച്ചുതന്നെ എന്റെ ഉദ്യോഗസ്ഥർ മുഖേന കേന്ദ്ര ഗോത്രവർഗകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി ഫോണിലൂടെ സംസാരിക്കുകയും, വിരമിച്ചവർ അടക്കമുള്ള ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥരടങ്ങുന്ന ഒരു ഉന്നതതല സമിതി രൂപീകരിക്കുന്നതിനുള്ള നടപടികൾ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിലെ മുഴുവൻ ആദിവാസി സമൂഹത്തിന്റെയും ട്രൈബൽ ഫണ്ടുകൾ സംബന്ധിച്ചും കൃത്യമായ ഒരു കണക്കെടുപ്പ് നടത്തുന്നതിനായി ഈ സമിതി ഉടൻ അട്ടപ്പാടിയിലെത്തും. കേരളത്തിലെ മുഴുവൻ ആദിവാസി സമൂഹത്തിനും വേണ്ടിയുള്ള ഈ പ്രവർത്തനത്തിൽ അട്ടപ്പാടിക്ക് പുറമെ മലക്കപ്പാറ, കോട്ടൂർ, ആറളം തുടങ്ങിയ മേഖലകളും ഉൾപ്പെടും.
അട്ടപ്പാടി സന്ദർശിച്ച് അവിടുത്തെ ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് കേൾക്കും.അവർക്കായി അനുവദിച്ച ഫണ്ടുകൾ എവിടെപ്പോയി, ആ സഹായങ്ങൾ അർഹരായവരിലേക്ക് എത്തിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ട്.
ഇതെല്ലാം ഞാൻ ചെയ്യുന്നത് കേന്ദ്ര സഹമന്ത്രിയെന്ന നിലയിൽ മാത്രമല്ല, തൃശ്ശൂരിന്റെ ജനപ്രതിനിധി എന്ന നിലയിൽ കൂടിയാണ്. ആ ഉത്തരവാദിത്തം ഇനിയും തുടരും.
കഴിഞ്ഞ ഒരാഴ്ചയായി മനസ്സിൽ വല്ലാത്ത വിഷമം ഉണ്ടായിരുന്നു. ഇന്നലെ രാത്രി ചെന്നൈ വിമാനത്താവളത്തിൽ വെച്ച് തിരുപ്പറകുണ്ട്രത്തിലേക്ക് പോകുന്ന വിവിധ സൈനിക വകുപ്പിലെയും അർദ്ധസൈനിക വകുപ്പുകളിലെയും ഉദ്യോഗസ്ഥരുമായി കണ്ടു സംസാരിച്ചു. വലിയ ആത്മവിശ്വാസമാണ് നേടാൻ സാധിച്ചത്. രഹസ്യസ്വഭാവമുള്ളതുകൊണ്ട് അവരൊന്നും വിട്ടുപറഞ്ഞിട്ടില്ല; പക്ഷേ എല്ലാ തരത്തിലും മധുരൈ സജ്ജമാകും. വെട്രിവേൽ മുരുകന് ഹരോഹര.
എന്നെ വിജയിപ്പിച്ച ജനങ്ങളുടെ വിശ്വാസമാണ് എന്റെ കരുത്ത്. ആ വിശ്വാസത്തിന് മറുപടിയായി, കഴിയുന്ന എല്ലാ നന്മകളും തൃശ്ശൂരിനും കേരളത്തിനും വേണ്ടി ചെയ്യുക എന്നതാണ് എന്റെ കടമ.