• Mon. Jul 28th, 2025

24×7 Live News

Apdin News

വെളളാപ്പള്ളി നടേശന്‌റേത് വഹിക്കുന്ന വലിയ പദവിക്ക് ഉചിതമല്ലാത്ത ഭാഷയെന്ന് മുന്‍ മന്ത്രി കെ.സി.ജോസഫ്

Byadmin

Jul 27, 2025



തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ പറ്റി പറയുമ്പോള്‍ കുറച്ചു കൂടി മാന്യമായ ഭാഷ ഉപയോഗിക്കുന്നതായിരുന്നു വെളളാപ്പള്ളി നടേശന്‍ വഹിക്കുന്ന വലിയ പദവിക്ക് ഉചിതമെന്ന് ചൂണ്ടിക്കാട്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെ.സി.ജോസഫ് രംഗത്ത്.
പോസ്റ്റിന്‌റെ പൂര്‍ണ്ണ രൂപം: ആരെയും ഉപദേശിക്കാനല്ല ഈ പോസ്റ്റ് . ഒരു സമുദായ നേതാവിന്റെ പ്രസ്താവന കണ്ടു. അദ്ദേഹത്തോടുള്ള എല്ലാ ആദരവും നിലനിര്‍ത്തിക്കൊണ്ട് പറയട്ടെ , കേരളത്തിന്റെ പ്രതിപക്ഷ നേതാവിനെ പറ്റി പറയുമ്പോള്‍ കുറച്ചു കൂടി മാന്യമായ ഭാഷ ഉപയോഗിക്കുന്നതായിരുന്നു അദ്ദേഹം വഹിക്കുന്ന വലിയ പദവിക്ക് ഉചിതം. അദ്ദേഹം ഉപയോഗിച്ച ചില പദങ്ങള്‍ ഒട്ടും നിലവാരമുള്ളതല്ല എന്ന് പറയാതിരിക്കാന്‍ കഴിയില്ല.പിന്നെ ‘പിണറായി വിജയനെതിരെ പോലും കൈ ഉയര്‍ത്തി സംസാരിക്കുന്ന സതീശന്‍’ എന്ന പരാമര്‍ശനത്തെ പറ്റി- പിണറായി കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. ദൈവമൊന്നുമല്ല. അദ്ദേഹത്തിന്റെ മുന്നില്‍ കൈ കൂപ്പി നില്‍ക്കേണ്ടവര്‍ക്ക് അങ്ങനെയാകാം . പ്രതിപക്ഷ നേതാവ് നിയമസഭയില്‍ വെച്ച് മുഖ്യമന്ത്രിയോട് കൈചൂണ്ടി സംസാരിച്ചോ എന്നറിയില്ല . സഭയില്‍ കൈ ഉയര്‍ത്തി സംസാരിച്ചുവെങ്കില്‍ അത് വലിയ കുറ്റമൊന്നുമല്ല. അങ്ങനെ കാണുകയും വേണ്ട. മുഖ്യമന്ത്രിയെ ഞങ്ങളും ബഹുമാനിക്കുന്നു . പക്ഷെ അദ്ദേഹത്തിന്റെ മുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കാന്‍ ഞങ്ങള്‍ അടിമക്കൂട്ടമല്ല. പറയേണ്ടത് മൂര്‍ച്ചയുള്ള വാക്കുകളില്‍ പറയുക തന്നെ ചെയ്യും.
സഭയില്‍ വികാര തീവ്രമായ നിമിഷങ്ങളില്‍ എന്തെല്ലാം സംഭവിക്കാറുണ്ട് . മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സഭയില്‍ എത്രയോ ആഭാസകരമായ വിമര്‍ശനങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും ഇരയായിട്ടുണ്ട്. മറ്റൊരു മുന്‍ മുഖ്യമന്ത്രിയെപ്പറ്റി ‘വിഗ്രഹം ചുമക്കുന്ന കഴുത’യെന്ന് സ്വന്തം പാര്‍ട്ടിയിലെ ഒരു എംഎല്‍എ സഭാവേദിയില്‍ ആക്ഷേപിച്ചത് ഞങ്ങള്‍ കേട്ടതാണ്. വിമര്‍ശനങ്ങള്‍ നല്ലതാണ് . പക്ഷെ അതിന് ഉപയോഗിക്കുന്ന ഭാഷ നന്നാകുന്നത് എല്ലാവര്‍ക്കും നല്ലതാണ്.

 

By admin