• Tue. Jul 22nd, 2025

24×7 Live News

Apdin News

വെളിച്ചെണ്ണ വില തിളച്ചുമറിയുന്നു; സാധാരണക്കാര്‍ക്ക് അപ്രാപ്യമാകും

Byadmin

Jul 22, 2025



കൊച്ചി: സാധാരണക്കാര്‍ക്ക് അപ്രാപ്യമാകും വിധം വെളിച്ചെണ്ണ വില തിളച്ചുമറിയുന്നു, മുമ്പെങ്ങുമില്ലാത്ത വിലക്കയറ്റം. ഓണമാകുന്നതോടെ വില വീണ്ടുമുയരുമെന്നു വ്യാപാരികള്‍ പറയുന്നു. ഓണത്തിന് ഉപ്പേരിയെന്ന മലയാളി മോഹത്തിനു കരിനിഴല്‍ വീഴുകയാണ്.

ഒരു കിലോ വെളിച്ചണ്ണയ്‌ക്ക് 480-500 രൂപ നിരക്കില്‍ പല വിധത്തിലാണ് വിപണി വില. കൊപ്ര കിലോയ്‌ക്ക് 290-300 രൂപയാണ്.

കൊപ്ര വെളിച്ചെണ്ണയാക്കുമ്പോള്‍ നല്ല മെഷിനില്‍ 600 മില്ലിയേ കിട്ടൂ. മുതലാകണമെങ്കില്‍ 490-500 രൂപ വരെ കിട്ടണമെന്നു കച്ചവടക്കാര്‍ പറയുന്നു. വിപണി വില പിടിച്ചുനിര്‍ത്തേണ്ട സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനം കേര ഫെഡ് 299 രൂപയ്‌ക്കു കൊപ്ര വാങ്ങാന്‍ തീരുമാനിച്ചതു വിലക്കയറ്റത്തിനിടയാക്കി. കേര ഫെഡ് വെളിച്ചെണ്ണ വില 419ല്‍ നിന്ന് 529ലേക്ക് ഉയര്‍ത്തുകയും ചെയ്തു. ഇതിനു പിന്നില്‍ വന്‍ അഴിമതിയുണ്ടെന്ന് ആക്ഷേപമുണ്ട്. പഴയ ടെന്‍ഡറില്‍ കൊപ്ര നിശ്ചയിച്ചതില്‍ 10 ശതമാനമേ ലഭിച്ചുള്ളെന്നും അതിനാലാണ് വില കൂട്ടിയതെന്നുമുള്ള വിചിത്ര ന്യായമാണ് കേര ഫെഡിന്. വില നിയന്ത്രിക്കേണ്ട കേര ഫെഡ് തന്നെ വില വര്‍ധനയ്‌ക്കു കാരണക്കാരാകുന്നു.

തേങ്ങ മൂല്യവര്‍ധിത ഉത്പന്നങ്ങളിലേക്കു മാറിയതും ദൗര്‍ലഭ്യത്തിനു കാരണമായി. കര്‍ഷകര്‍ക്കു കരിക്ക് വലിയ വിപണിയാണ്. വീട്ടില്‍ വന്നു നല്ല വിലയ്‌ക്കു കര്‍ഷകരില്‍ നിന്ന് ഇടനിലക്കാര്‍ കരിക്കു വാങ്ങും. ടെന്‍ഡര്‍ കോക്കനട്ട് ഐസ്‌ക്രീമുകള്‍ക്കും കരിക്ക് വ്യാപകമായി പോകുന്നുണ്ട്. ഇതോടെ സംസ്ഥാനത്തു തേങ്ങ കിട്ടാനില്ല. കാലാവസ്ഥയും വിളവിനെ ബാധിച്ചു.

ഇപ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമാണ് തേങ്ങയെത്തുന്നത്. നാടന്‍ തേങ്ങയുടെ ഗുണമില്ലെങ്കിലും വന്‍വിലയാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തേങ്ങയെ ആശ്രയിച്ചാണ് വിപണി പോകുന്നത്. ഭക്ഷ്യ ഉത്പന്ന വിപണിയിലെ കുത്തകകള്‍ ബ്രാന്റഡ് വെളിച്ചെണ്ണ വിപണിയിലിറക്കുന്നതും വന്‍തോതില്‍ കൊപ്ര ശേഖരിക്കുന്നതും വില വര്‍ധനയ്‌ക്ക് ഇടയാക്കുന്നു. കുറഞ്ഞ വിലയ്‌ക്കു കൊപ്ര ശേഖരിക്കുന്ന ഇവരുടെ വെളിച്ചെണ്ണയ്‌ക്കു വന്‍ വിലയാണ്. ഫലത്തില്‍ കേരകര്‍ഷകര്‍ക്കു വില വര്‍ധനയിലൂടെ വലിയ നേട്ടമൊന്നുമില്ല.

തമിഴ്‌നാട്ടില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന ഗുണനിലവാരം കുറഞ്ഞ വെളിച്ചെണ്ണ 350-400 രൂപയ്‌ക്കു ജനങ്ങള്‍ വ്യാപകമായി വാങ്ങുന്നു.

സാധാരണക്കാര്‍ക്കു മറ്റു മാര്‍ഗങ്ങളില്ലാത്തതിനാലാണ് ഈ എണ്ണകളിലേക്കു തിരിയുന്നത്. ഓണം അടുത്തിരിക്കേ വിപണിയില്‍ ഇടപെട്ടു വില നിയന്ത്രിക്കേണ്ട സര്‍ക്കാരോ കേര ഫെഡോ അതിനു തയാറാകാതെ വില വര്‍ധനയ്‌ക്കു ചുക്കാന്‍ പിടിക്കുകയാണ്.

By admin