കൊച്ചി: യുഡിഎഫിനെ നല്ല ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിച്ചില്ലെങ്കില്‍ താന്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വെള്ളാപ്പള്ളി നടേശന്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ആജീവനാന്തം ഇരുന്നോട്ടെ. അദ്ദേഹവുമായി ഒരു മത്സരത്തിനില്ലെന്നും സതീശന്‍ പറഞ്ഞു അദ്ദേഹം പറഞ്ഞത് വെല്ലുവിളിയായി ഏറ്റെടുക്കുകയാണെങ്കില്‍ അദ്ദേഹം ഒഴിയണമെന്ന് പറയുകയല്ലേ വേണ്ടതെന്നും സതീശന്‍ ചോദിച്ചു.
ഈ തകര്‍ച്ചയില്‍ നിന്ന് കേരളത്തെ രക്ഷിച്ച് കേരളത്തില്‍ യുഡിഎഫിനെ അധികാരത്തിലെത്തിച്ചില്ലെങ്കില്‍ വെള്ളാപ്പള്ളി പറഞ്ഞ രാഷ്ട്രീയ വനവാസം ഏറ്റെടുക്കുമെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘ആര്‍ക്കുവേണ്ടിയാണ് അദ്ദേഹം സംസാരിക്കുന്നതെന്ന് അറിയില്ല. യുഡിഎഫിന് 98 സീറ്റ് കിട്ടിയാല്‍ രാജിവെക്കുമെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. 97 സീറ്റ് വരെ എന്നതില്‍ അദ്ദേഹത്തിന് യാതൊരു സംശയവുമില്ല. അദ്ദേഹത്തെ പോലെ പരിണതപ്രജ്ഞനായ ഒരു സമുദായ നേതാവ്,സംസ്ഥാന രാഷ്ട്രീയം നന്നായി നിരീക്ഷിക്കുന്ന ഒരാള്‍ യുഡിഎഫിന് 97 സീറ്റ് വരെ കിട്ടുമെന്ന് പറഞ്ഞിട്ടുണ്ട്. പിന്നെ ഒരു നാലഞ്ച് സീറ്റ്, നൂറ് കവിഞ്ഞുപോകാനുള്ള കാര്യം, അത് ഞങ്ങള്‍ കഠിനാധ്വാനം ചെയ്ത് നൂറിലധികം സീറ്റാക്കും’. സതീശന്‍ കൂട്ടിച്ചേര്‍ത്തു.