കോഴിക്കോട് : റാപ്പര്‍ വേടന്റെ പാട്ട് കാലിക്കറ്റ് സര്‍വകലാശാലയുടെ പാഠ്യവിഷയമാക്കി സിലബസില്‍ ഉള്‍പ്പെടുത്തിയതിന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറോട് വിശദീകരണം തേടി ഗവര്‍ണര്‍. ബിഎ നാലാം സെമസ്റ്റര്‍ മലയാളം വിദ്യാര്‍ത്ഥികള്‍ക്കാണ് വേടന്റെ ‘ഭൂമി ഞാന്‍ വാഴുന്നിടം ‘ എന്ന ഗാനം ഉള്‍പ്പെടുത്തിയത്. എന്നാല്‍ സിന്‍ഡിക്കേറ്റ് അംഗം നല്‍കിയ പരാതിയിലാണ് ഗവര്‍ണര്‍ വിശദീകരണം തേടിയത്.
ഏതുസാഹചര്യത്തിലാണ് വേടന്റെ പാട്ട് ഉള്‍പ്പെടുത്തിയതെന്ന് എത്രയും വേഗം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. സംഭവം അന്വേഷിക്കാന്‍ സിന്‍ഡിക്കേറ്റിനെ വൈസ് ചാന്‍സലര്‍ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ബിജെപി സിന്‍ഡിക്കേറ്റംഗം അനുരാജാണ് എതിര്‍പ്പുമായി രംഗത്ത് വന്നത്. വേടന്‍ കഞ്ചാവ് കേസില്‍ പ്രതിയാണെന്നും അദ്ദേഹത്തിന്റെ ചിത്രങ്ങളിലും വീഡിയോയിലും മദ്യഗ്‌ളാസ് കാണിക്കുന്നുണ്ടെന്നുമാണ് ബിജെപി സിന്‍ഡിക്കേറ്റംഗം പരാതിയില്‍ ചൂണ്ടിക്കാട്ടിയത്.
നേരത്തേ മയക്കുമരുന്ന് കേസില്‍ പിടിയിലായതിന് തൊട്ടുപിന്നാലെ വേടന് വലിയ പിന്തുണയാണ് കിട്ടിയത്. ഇതിന് ശേഷമാണ് കാലിക്കറ്റ് സര്‍വകലാശാല ബിഎ മലയാളം നാലാം സെമസ്റ്റര്‍ പാഠപുസ്തകത്തില്‍ പാട്ട് ഉള്‍പ്പെടുത്തിയത്. മൈക്കല്‍ ജാക്‌സന്റെ ‘ദേ ഡോണ്ട് സെയര്‍ എബൗട്ട് അസ്’ എന്ന പാട്ടും വേടന്റെ ‘ഭൂമിഞാന്‍ വാഴുന്നിടം’ എന്ന പാട്ടും തമ്മിലുള്ള പഠനമാണ് പാഠപുസ്തകത്തിലുള്ളത്. ഈ വിഷയത്തില്‍ നേരത്തേ കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് എതിരേ ബിജെപി രംഗത്ത് വന്നിരുന്നു. പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍ക്കും ഗവര്‍ണര്‍ക്കും കത്ത് നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ചാന്‍സലറായ ഗവര്‍ണര്‍ സര്‍വകലാശാല വി.സി്.യോട് വിശദീകരണം തേടിയത്.