
അറിവ് നേടിയെടുക്കാനുള്ള നിരന്തരമായ അന്വേഷണത്തിന്റെ ചരിത്രമായിരുന്നു എക്കാലത്തും മനുഷ്യന്റെ ചരിത്രം. പ്രകൃതിയുടെ അജ്ഞാതരഹസ്യങ്ങളില്നിന്ന് പ്രപഞ്ചത്തിന്റെ അനന്തവിശാലതകളിലേക്കും, ബാഹ്യലോകത്തുനിന്ന് ആന്തരികലോകത്തിലേക്കും നീളുന്ന അന്വേഷണങ്ങളിലൂടെയാണ് സംസ്കാരങ്ങള്‍ രൂപപ്പെട്ടതും പരിഷ്കരിക്കപ്പെട്ടതുമെല്ലാം. ഓരോ കാലഘട്ടത്തിലും പുതിയ അറിവുകള്‍ മനുഷ്യന്റെ മുന്നില്‍ പുതിയ ചക്രവാളങ്ങള്‍ തുറന്നുകൊടുത്തു. എന്നാല്‍ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഈ അറിവന്വേഷണം അഭൂതപൂര്‍വമായ ഒരു വഴിത്തിരിവിലെത്തിയിരിക്കുന്നു എന്നത് ഒരു വസ്തുതയാണ്. ഒരിക്കല്‍ ജീവിതകാലം മുഴുവന്‍ അന്വേഷിച്ചാലും കണ്ടെത്താന്‍ കഴിയാതിരുന്ന വിവരങ്ങള്‍ ഇന്ന് വിരല്‍ത്തുമ്പില്‍ ലഭ്യമാണ്.
എന്നാല്‍ ഈ നേട്ടങ്ങള്ക്കെല്ലാമിടയില് ഉയരുന്ന ഗൗരവതരമായൊരു ചോദ്യമുണ്ട്. അറിവിലേക്കുള്ള പ്രവേശനം അനായാസമായതുകൊണ്ട് മാത്രം മനുഷ്യന് ജ്ഞാനിയാകാന്‍ കഴിയുമോ? വിവരങ്ങളുടെ സമൃദ്ധി വിവേകത്തിന്റെ വളര്‍ച്ചയ്ക്ക് കാരണമാകുന്നുണ്ടോ? വിവരങ്ങള്‍ ബുദ്ധിയായി പരിവര്‍ത്തിക്കപ്പെടുമ്പോള്‍ മാത്രമാണ് അവ അറിവായി മാറുക. ആ അറിവ് ശരിയായ തിരിച്ചറിവിലേക്കും ജീവിതത്തിലെ യുക്തിസഹമായ തീരുമാനങ്ങളിലേക്കും നയിക്കുമ്പോള്‍, അത് ജ്ഞാനത്തിന്റെ തലത്തിലെത്തുന്നു. അതുകൊണ്ടുതന്നെ വിവരങ്ങളുടെ അളവല്ല മനുഷ്യന്റെ യഥാര്‍ഥ ബൗദ്ധികവളര്‍ച്ചയുടെ അളവുകോല്‍ എന്ന് വരുന്നു. അവയെ വിലയിരുത്താനും അവയുടെ പരിമിതികള്‍ തിരിച്ചറിയാനും ജീവിതത്തിന്റെ വിശാലമായ സന്ദര്‍ഭത്തില്‍ അവയെ വിന്യസിക്കാനുമുള്ള ശേഷിയാണ് പ്രധാനം എന്നര്‍ത്ഥം.
അങ്ങനെ നോക്കുമ്പോള്‍ വൈദികജ്ഞാനത്തിന്റെ പ്രസക്തി, മനുഷ്യന് നേരിടുന്ന ജീവിതപ്രതിസന്ധികളെ വിശാലമായൊരു ദാര്‍ശനിക കാഴ്ചപ്പാടിലൂടെ സമീപിക്കാനുള്ള ശേഷിയിലാണ് നിലകൊള്ളുന്നത് എന്ന് പറയാം. അറിവ് മനുഷ്യനെ ശക്തനാക്കുമ്പോള് ധര്‍മം ഉത്തരവാദിത്വമുള്ളവനാക്കുന്നു എന്നര്‍ത്ഥം. ഈ രണ്ടിന്റെയും സമന്വയത്തിലൂടെയാണ് വ്യക്തിയുടെയും സമൂഹത്തിന്റെയും യഥാര്‍ഥ പുരോഗതി സാധ്യമാകുക.
ഈ കാഴ്ചപ്പാടിലാണ് ആചാര്യശ്രീ രാജേഷിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തേണ്ടത്. വേദജ്ഞാനം എന്നത് പ്രത്യേക വിഭാഗത്തിന്റെ മാത്രം അവകാശമാണെന്നും മറ്റുള്ളവര്‍ക്ക് അതിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെടേണ്ടതാണെന്നും നിലനിന്നുപോന്ന ധാരണകളെ ചോദ്യം ചെയ്ത് വൈദികപഠനത്തിന്റെ വിശാലമായ സാധ്യതകള്‍ സമൂഹത്തിനു മുന്നില്‍ തുറന്നുകാണിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ജാതി, മതം, ലിംഗം തുടങ്ങിയ സാമൂഹിക അതിരുകള്‍ക്കപ്പുറം മനുഷ്യന്റെ ജ്ഞാനാന്വേഷണത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനദര്‍ശനം.
ഈ ദൗത്യത്തിന്റെ ഏറ്റവും ശ്രദ്ധേയമായ മേഖലകളിലൊന്നായിരുന്നു സ്ത്രീകള്‍ക്ക് വൈദികപഠനത്തിനും വൈദികകര്മങ്ങളിലെ പങ്കാളിത്തത്തിനും നല്കിയ പ്രാധാന്യം. ഗാര്‍ഗി, മൈത്രേയി തുടങ്ങിയ വൈദികദാര്ശനികരുടെ സാന്നിധ്യം സ്ത്രീകളുടെ ജ്ഞാനാന്വേഷണത്തിന് ഭാരതീയ ജ്ഞാനപാരമ്പര്യത്തില്‍ ചരിത്രപരമായ അടിത്തറ നല്‍കുന്നുണ്ട്. എന്നിട്ടും പില്ക്കാലത്ത് രൂപപ്പെട്ട സാമൂഹികവും ആചാരപരവുമായ പരിമിതികള്‍ സ്ത്രീകളുടെ വൈദികപഠനത്തിനുള്ള സാധ്യതകളെ തടയുകയുണ്ടായി.ഈ സാഹചര്യത്തില്‍ സ്ത്രീകള്‍ക്കും വേദം പഠിക്കാനും മന്ത്രങ്ങള്‍ അഭ്യസിക്കാനും വൈദികകര്‍മങ്ങളില്‍ പങ്കാളികളാകാനും കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കുക എന്നത് വലിയൊരു ആശയപരമായ ഇടപെടലായിരുന്നു എന്ന് പറയാം. 2016-ല്‍ നടന്ന ‘പ്രജ്ഞാനം ബ്രഹ്മ’ പരിപാടിയില്‍ ഏകദേശം 2500 സ്ത്രീകള്‍ വേദമന്ത്രങ്ങള്‍ ഉച്ചരിച്ചുകൊണ്ട് പങ്കെടുത്തത് ഈ പ്രവര്‍ത്തനത്തിന്റെ ശ്രദ്ധേയമായ അടയാളങ്ങളിലൊന്നായിരുന്നു. അറിവിന്റെ മേഖലയില്‍ മനുഷ്യന്റെ കഴിവിനും യോഗ്യതയ്ക്കും പ്രാധാന്യം നല്കുന്ന പുതിയൊരു സാമൂഹികബോധത്തിന്റെ വളര്‍ച്ചയാണ് അവിടെ ദൃശ്യമായത്.
ആശയങ്ങള്‍ ജനജീവിതത്തിന്റെ ഭാഗമാകുമ്പോഴാണ് അവയ്ക്ക് സാമൂഹികമായ നിലനില്പ്പുണ്ടാകുക. ഈ തിരിച്ചറിവോടെ വൈദികജ്ഞാനത്തെ പൊതുസമൂഹത്തിലേക്ക് എത്തിക്കുന്നതിനായി ആചാര്യശ്രീ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ വിപുലമായൊരു കര്മമേഖലയുണ്ട്. രണ്ടുലക്ഷത്തിലധികം ആളുകളിലേക്ക് വൈദികജ്ഞാനത്തിന്റെ സന്ദേശം എത്തിക്കാന്‍ കഴിഞ്ഞുവെന്നത് ഈ ദൗത്യത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. ഈ പ്രവര്‍ത്തനചരിത്രത്തിലെ പ്രധാനപ്പെട്ട ഒരധ്യായമായിരുന്നു കോഴിക്കോട് സോമയാഗം. യജ്ഞസംസ്കാരത്തിന്റെ വൈദികവും ദാര്‍ശനികവും സാംസ്കാരികവുമായ തലങ്ങള്‍ പൊതുസമൂഹത്തിനു പരിചയപ്പെടുത്താനുള്ള വേദിയായിരുന്നു അത്. അതിനു ശേഷം നടന്ന വേദാധികാര വിളംബരവും അറിവിലേക്കുള്ള പ്രവേശനത്തെക്കുറിച്ചുള്ള വിശാലമായ സന്ദേശമാണ് മുന്നോട്ടുവെച്ച ത്. തുടര്‍ന്ന് ‘പ്രജ്ഞാനം ബ്രഹ്മ’ പോലുള്ള പരിപാടികളിലൂടെയും വേദസപ്താഹം, മുറജപം, വൈദികപ്രഭാഷണങ്ങള്‍, പഠനപരിപാടികള്‍ എന്നിവയിലൂടെയും വൈദികജ്ഞാനത്തെ സമൂഹത്തിന്റെ വ്യത്യസ്ത തലങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ ആചാര്യശ്രീ ഇപ്പോഴും തുടരുന്നു.
ഇന്ന് യുവതലമുറ വളരുന്നത് മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധമുള്ള വിപുലമായ അറിവിന്റെ സാധ്യതകള്‍ക്കിടയിലാണ്. ആധുനിക വിദ്യാഭ്യാസവും സാങ്കേതികവിദ്യയും ലോകത്തിന്റെ വിവിധ മേഖലകളിലേക്കുള്ള പ്രവേശനം അവര്‍ക്ക് എളുപ്പമാക്കിയിട്ടുണ്ട്. എന്നാല്‍ ഈ സൗകര്യങ്ങള്‍ക്കൊപ്പം ജീവിതത്തെക്കുറിച്ചുള്ള അടിസ്ഥാനപരമായ ചോദ്യങ്ങളും പ്രസക്തമാകുന്നു.സന്തോഷത്തെയും ജീവിതവിജയത്തെയും സമൂഹത്തോടുള്ള ഉത്തരവാദിത്വത്തെ കുറിച്ചുമെല്ലാമുള്ള ചോദ്യങ്ങളാണവ. തൊഴില്‍ നേടാനുള്ള കഴിവുകള്‍ വികസിപ്പിക്കുന്നതിനപ്പുറം മനുഷ്യനെ ഉത്തരവാദിത്വമുള്ളവനും ധാര്മികബോധമുള്ളവനുമായി വളര്‍ത്തുന്നതിനുമുള്ള ഒന്നാകണം വിദ്യാഭ്യാസം. ഇക്കാലത്ത് ഈ വിടവ് നികത്തുന്നതില്‍ വൈദികദര്ശനത്തിന് വലിയൊരു പങ്ക് വഹിക്കാനുണ്ട്. വേദപഠനം മനുഷ്യജീവിതത്തെക്കുറിച്ചുള്ള വിശാലമായ അന്വേഷണമായി തന്നെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തണം. ചോദ്യങ്ങള്‍ ചോദിക്കാനും യുക്തിപൂര്‍വം ചിന്തിക്കാനും പാരമ്പര്യത്തെ വിമര്‍ശനാത്മകമായി മനസ്സിലാക്കാനും അതിലെ ജീവിതമൂല്യങ്ങളെ സ്വന്തം അനുഭവങ്ങളുമായി ബന്ധിപ്പിക്കാനും അവരെ പ്രാപ്തരാക്കുകയും വേണം.
ഈ വലിയ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ അടുത്ത ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ നിര്‍ണായകമാണ്. ഇതുവരെ വൈദികജ്ഞാനത്തിന്റെ പ്രചാരണത്തിനായി സൃഷ്ടിച്ച പഠനവേദികളെയും സ്ഥാപനങ്ങളെയും പ്രവര്ത്തനപരമ്പരകളെയും കൂടുതല്‍ വിപുലീകരിക്കുന്നതിനൊപ്പം അവയെ പുതിയ തലമുറയുടെ നേതൃത്വത്തിലേക്ക് കൈമാറാനുള്ള സംവിധാനങ്ങളും രൂപപ്പെടണം. വൈദികപഠനത്തില് പ്രാവീണ്യം നേടിയവരെ സൃഷ്ടിക്കുന്നതോടൊപ്പം അതിലെ ജ്ഞാനതത്ത്വങ്ങളെ സമകാലിക ലോകത്തോട് സംവദിക്കാന്‍ കഴിവുള്ള അധ്യാപകരെയും ഗവേഷകരെയും ചിന്തകരെയും വളര്‍ത്തിയെടുക്കുകയും വേണം.
അതിനാല്‍ ആചാര്യശ്രീയുടെ അന്‍പത്തിയഞ്ചാം ജന്മദിനാഘോഷം, മുന്നോട്ടുള്ള യാത്രയെക്കുറിച്ചുള്ള ചിന്തയ്ക്കുള്ള അവസരമാകുന്നു. അറിവിന്റെ വാതിലുകള്‍ കൂടുതല്‍ അന്വേഷകര്‍ക്കായി തുറന്നുകൊടുക്കുകയും വൈദികപാരമ്പര്യത്തിന്റെ ജീവിതദര്‍ശനം പുതിയ തലമുറയ്ക്ക് അനുഭവവേദ്യമാക്കുകയും ചെയ്യുക എന്ന ദൗത്യം ഇനിയും വിപുലമായ മേഖലകളിലേക്ക് വളരേണ്ടതുണ്ട്. ആചാര്യശ്രീ മുന്നോട്ടുവെച്ച ജ്ഞാനദൗത്യം പുതിയ തലമുറകളുടെ ചിന്തയിലും പ്രവര്‍ത്തനത്തിലും തുടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ മാത്രമേ അതിന് ചരിത്രപരമായ പൂര്‍ണത കൈവരുകയുള്ളൂ. വിവര പ്രവാഹങ്ങളുടെ ഈ കാലത്ത് ലോകത്തിന്, ജ്ഞാനത്തിന്റെ, സനാതന സംസ്കാരത്തിന്റെ വെളിച്ചം പകരുക എന്നത് ഭാവിയെ നിര്‍ണയിക്കുന്ന നിര്‍ണായകമായ ഒരു ഉത്തരവാദിത്വമാണ്.