കൊച്ചി: വ്യക്തികളെ കുടിയൊഴിപ്പിക്കാന്‍ ഉത്തരവിടാന്‍ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന് അധികാരം ഇല്ലെന്ന് ഹൈക്കോടതി. ന്യൂനപക്ഷ കമ്മിഷന്‍ പുറപ്പെടുവിച്ച കുടിയിറക്കല്‍ ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റിസ് എസ് ഈശ്വരന്റെ വിധി പ്രസ്താവം.
മലപ്പുറം സ്വദേശി മൊയ്തീന്‍കുട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. രജിസ്‌ട്രേഷന്‍ നടത്തിയിട്ടും സ്ഥലം ഒഴിഞ്ഞ് നല്‍കുന്നില്ലെന്നാരോപിച്ച് അബ്ദുല്‍ സലാം എന്നയാള്‍ നല്‍കിയ പരാതിയിലായിരുന്നു ന്യൂനപക്ഷ കമ്മിഷന്‍ ഇടപെട്ടത്.
പ്രമാണം രജിസ്റ്റര്‍ ചെയ്ത ശേഷവും സ്ഥലം കൈമാറുന്നില്ലെന്ന പരാതി ഉണ്ടെങ്കില്‍ ബന്ധപ്പെട്ടവര്‍ സിവില്‍ കോടതിയെ സമീപിക്കണമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അതിന് പകരം ന്യൂനപക്ഷ കമ്മിഷനെ സമീപിക്കുന്നത് നിയമപരമായ നടപടികള്‍ മറികടക്കാനുള്ള ശ്രമമാണ് എന്ന് കോടതി പറഞ്ഞു.
ഇത്തരം പരാതികള്‍ ന്യൂനപക്ഷ കമ്മിഷന്‍ പരിഗണിക്കേണ്ടതില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.