• Mon. Nov 2nd, 2026

24×7 Live News

Apdin News

വ്യാജ ചിത്രം പങ്ക് വച്ച് , മോദിയ്‌ക്കുള്ള താക്കീതാണ് ഇൻഡിയ സഖ്യത്തിന്റെ റാലിയെന്ന് ജോര്‍ജ് കള്ളിവയൽ ; നുണ പൊളിച്ചടുക്കി ജോസ് കുട്ടി പനയ്‌ക്കൽ

Byadmin

Nov 2, 2026


ന്യൂഡൽഹി : ഇൻഡിയ സഖ്യം കഴിഞ്ഞ ദിവസം നടത്തിയ മാർച്ചിന്റെ എ ഐ ചിത്രങ്ങൾ പങ്ക് വച്ച ദീപിക ഡല്‍ഹി ബ്യൂറോ ചീഫ് ജോര്‍ജ് കള്ളിവയലിന്റെ നുണ പൊളിച്ച് മനോരമയുടെ ഡല്‍ഹി ഫോട്ടോഗ്രാഫര്‍ ജോസ് കുട്ടി പനയ്‌ക്കൽ. ‘ ഡൽഹിയിൽ ഇന്നലെ കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യത്തിലെ പാർട്ടികൾ നടത്തിയ റാലിയിലെ ജനപങ്കാളിത്തം കേന്ദ്ര സർക്കാരിനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും താക്കീതാണ്.‘ എന്ന കുറിപ്പോടെയാണ് വ്യാജ ചിത്രങ്ങൾ ജോര്‍ജ് കള്ളിവയൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് .

എന്നാൽ പോസ്റ്റിന് താഴെ ചിത്രങ്ങള്‍ റാലിയുടേതല്ലെന്നും എ.ഐ. ജനറേറ്റഡ് ചിത്രങ്ങളാണെന്നും റാലി നേരിട്ട് കവര്‍ ചെയ്ത ജോസ് കുട്ടി പനയ്‌ക്കല്‍ കമന്റ് ചെയ്തു. രണ്ടു ചിത്രങ്ങളിലെയും വേദികളുടെ രൂപകല്‍പ്പനയില്‍ പ്രകടമായ വ്യത്യാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. റാലിയുടെ യഥാര്‍ഥ ചിത്രം ഹരീഷ് വി. നായര്‍ കമന്റായി പങ്കുവെച്ചതോടെ ചിത്രങ്ങളുടെ ആധികാരികത സംബന്ധിച്ച സംശയങ്ങള്‍ കൂടുതല്‍ ശക്തമായി. ബോധപൂര്‍വം വ്യാജചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന ആരോപണവും കമന്റുകളില്‍ ഉയര്‍ന്നു. ഇതോടെ കള്ളിവയൽ വ്യാജ ചിത്രം ഡിലീറ്റ് ചെയ്യുകയും ചെയ്തു.

മണിപ്പുര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിന് വഴിയൊരുക്കുന്ന തരത്തില്‍ പുസ്തകം പ്രസിദ്ധീകരിച്ചെന്ന ആരോപണം നേരിടുന്നയാളാണ് ജോര്‍ജ് കള്ളിവയൽ . മണിപ്പുര്‍ കലാപത്തെക്കുറിച്ച് കള്ളിവയല്‍ എഴുതിയ ‘മണിപ്പുര്‍ എഫ്.ഐ.ആര്‍.’ എന്ന പുസ്തകത്തിലെ ഗുരുതരമായ പിഴവുകളും ചരിത്രവക്രീകരണവും നേരത്തെ മനോരമ ലേഖകന്‍ ജാവദ് പര്‍വേസ് അക്കമിട്ടു നിരത്തിയിരുന്നു. വിവിധ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളും വിക്കിപീഡിയയിലെ വിവരങ്ങളും പരസ്പരബന്ധമില്ലാതെ കൂട്ടിച്ചേര്‍ത്താണ് പുസ്തകം തയ്യാറാക്കിയതെന്നായിരുന്നു വിമര്‍ശനം.

234 പേജുള്ള പുസ്തകത്തില്‍ ആദ്യവായനയില്‍ത്തന്നെ നൂറോളം തെറ്റുകള്‍ കണ്ടെത്താനാകുമെന്ന് മണിപ്പുര്‍ കലാപം മാസങ്ങളോളം നേരിട്ട് റിപ്പോര്‍ട്ട് ചെയ്ത അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ജാവദ് പര്‍വേസ് ചൂണ്ടിക്കാട്ടിയിരുന്നു. വിഷയത്തെക്കുറിച്ച് പ്രാഥമിക വിവരമുള്ളവര്‍ക്കുപോലും പുസ്തകത്തിലെ പിഴവുകള്‍ തിരിച്ചറിയാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ക്ക് കള്ളിവയലില്‍നിന്ന് കാര്യമായ മറുപടിയുണ്ടായില്ല. മോദിവിരുദ്ധ സംഘടനകളുടെ പിന്തുണയോടെ പുസ്തകത്തിന്റെ പ്രചാരണവും വില്‍പ്പനയും സജീവമാക്കുന്നതിനിടെയാണ് പുതിയ വിവാദം. യു.ഡി.എഫ് സര്‍ക്കാര്‍ കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ കൂടിയാണ് കള്ളിവയൽ.

By admin